പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ

Dec 26, 2025 - 12:19
 0  3
പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ

കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കക്കണ്ടം നഗരസഭാ ചെയര്‍പേഴ്‌സണ്‍. 21 കാരിയായ ദിയ 14 വോട്ടുകള്‍ നേടിയാണ് ജയിച്ചത്.  രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എന്ന നേട്ടവും ദിയ സ്വന്തമാക്കി. പാല എംഎല്‍എ മാണി സി കാപ്പന്‍ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. എല്‍ഡിഎഫിന് പന്ത്രണ്ട് വോട്ടുകള്‍ ലഭിച്ചു.

കാലം കാത്തുവച്ച കാവ്യനീതിയാണെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം ദിയയുടെ പ്രതികരണം. ഒത്തിരി സന്തോഷം തോന്നുന്നു. ജനങ്ങള്‍ നല്‍കിയ വിധിയാണ് ഇതെന്നും അവര്‍ ആഗ്രഹിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ദിയ പറഞ്ഞു. പ്രതിപക്ഷവും തനിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പന്ത്രണ്ടു യുഡിഎഫിന് പത്തും അംഗങ്ങളെയുമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച പുളിക്കക്കണ്ടം ബിജു, പുളിക്കക്കണ്ടം, ബിനു, പുളിക്കക്കണ്ടം ദിയ എന്നിവരെ കൂടാതെ മറ്റ് ഒരു സ്വതന്ത്രയായ മായ രാഹുലും വിജയിച്ചിരുന്നു. സ്വതന്ത്രര്‍ പിന്തുണ നല്‍കിയതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഇതാദ്യമാണ് പാലാ നഗരസഭ കേരള കോണ്‍ഗ്രസ് എമ്മിന് നഷ്ടമാകുന്നത്. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍.

ബിനു പുളിക്കക്കണ്ടം, പാലാ നഗരസഭയുടെ 14-ാം വാര്‍ഡിലും ബിജു പുളിക്കക്കണ്ടം 13-ാം വാര്‍ഡിലും ബിനുവിന്റെ മകള്‍ ദിയ 15-ാം വാര്‍ഡിലുമായിരുന്നു ജനവിധി തേടിയത്. ഈ മൂന്ന് വാര്‍ഡുകളിലും യുഡിഎഫിന് സ്ഥനാര്‍ഥികളുണ്ടായിരുന്നില്ല. ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.