നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. രണ്ടു കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്നാണ് വിവരം.
മുൻപ് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ സൗബിൻ ഷാഹിറിനും പറവ ഫിലിംസിനും എതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനായി താൻ പണം മുടക്കിയിരുന്നുവെന്നും എന്നാൽ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചുവെന്നുമായിരുന്നു പരാതി. ഏഴ് കോടി രൂപ താൻ ചിത്രത്തിനായി മുടക്കിയെന്നാണ് സിറാജ് പരാതി നൽകിയത്.