മൂന്നാമത്തെ ബലാത്സംഗ പരാതി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍; പരാതി ലഭിച്ചത് കാനഡയിൽ നിന്ന്  ഇ മെയിൽ വഴി

Jan 11, 2026 - 07:27
 0  15
മൂന്നാമത്തെ ബലാത്സംഗ പരാതി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍; പരാതി ലഭിച്ചത് കാനഡയിൽ നിന്ന്  ഇ മെയിൽ വഴി

 

പത്തനംതിട്ട : മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. രാത്രി 12.30ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് രാഹുലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇതോടെ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആയി. 

ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി ജനുവരി 21വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഇന്നലെ ഉച്ചമുതല്‍ തന്നെ പാലക്കാട് എംഎല്‍എ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. രാഹുല്‍ മുറിയില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഘം ഹോട്ടലിലേക്ക് എത്തിയത്.
പൂങ്കുഴലി ഐപിഎസിന്റെ കൃത്യമായ പ്ലാനിംഗും പഴുതടച്ച നീക്കങ്ങളുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
മൂന്ന് ദിവസം മുൻപ് കാനഡയിലുള്ള തിരുവല്ല സ്വദേശിനി മുഖ്യമന്ത്രിക്ക് നേരിട്ട് ഇമെയിൽ വഴി പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതിയിലെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം ഉടനടി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പരാതിക്കാരിയായ യുവതി നാളെ നാട്ടിലെത്താനിരിക്കെ, അതിനു മുൻപുതന്നെ രാഹുലിനെ വലയിലാക്കാനുള്ള നീക്കമാണ് പോലീസ് നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് സംഘം രാഹുലിനെ നിഴൽപോലെ പിന്തുടരുകയായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന അതേ ഹോട്ടലിൽത്തന്നെ പോലീസ് ഉദ്യോഗസ്ഥർ രഹസ്യമായി മുറിയെടുത്ത് അദ്ദേഹത്തിന്റെ ഓരോ യാത്രകളും നീക്കങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു

ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുല്‍ തന്നോട് നിര്‍ബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.