മുൻ‌കൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ; ഹൈക്കോടതിൽ ഹർജി സമർപ്പിച്ചു

Dec 5, 2025 - 13:02
Dec 5, 2025 - 13:02
 0  3
മുൻ‌കൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ; ഹൈക്കോടതിൽ ഹർജി സമർപ്പിച്ചു

കൊച്ചി: ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കാനായി രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ എസ്. രാജീവ് വഴിയാണ് രാഹുൽ ഹർജി നൽകിയത്. ഈ നിർണായക ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായാണ് പോലീസ് നിഗമനം. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഒമ്പത് ദിവസമായിട്ടും രാഹുൽ ഒളിവിൽ തുടരുകയാണ്.

രാഹുൽ കഴിഞ്ഞ ദിവസം കേരള-കർണാടക അതിർത്തിയിൽ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം പോലീസ് പരിശോധന നടത്തി. രാഹുലിന് കുടകിലും മറ്റും സഹായം ലഭിക്കുന്നതായാണ് പോലീസിന് ലഭിച്ച സൂചന. കർണാടകയിൽ എസ്ഐടി സംഘം തിരച്ചിൽ തുടരുകയാണ്.