രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി വീണ്ടും ശബ്ദസന്ദേശം: ‘നിന്നെ എനിക്ക് ഗർഭിണിയാക്കണം’
കൊച്ചി: യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടിവന്ന ലൈംഗികാരോപണ വിവാദത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് കുരുക്കായി യുവതിയുമായുള്ള വാട്‌സാപ്പ് ചാറ്റുകളും ശബ്ദരേഖയും വീണ്ടും പുറത്ത്. ഗർഭഛിദ്രത്തിനായി യുവതിയെ നിർബന്ധിക്കുന്നതും അസഭ്യം പറയുന്നതുമായ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകളിലും സംഭാഷണങ്ങളിലും “നമുക്ക് കുഞ്ഞ് വേണം”, “എനിക്ക് നിന്നെ ഗർഭിണിയാക്കണം” എന്നിങ്ങനെ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനോട് വിസമ്മതിക്കുന്ന പെൺകുട്ടിയെ ഗർഭധാരണത്തിന് രാഹുൽ നിരന്തരം പ്രേരിപ്പിക്കുകയായിരുന്നു.
ഗർഭധാരണത്തിന് ശേഷം താൻ നേരിടുന്ന ഗുരുതരമായ ശാരീരിക മാനസിക അവശതകൾ യുവതി പങ്കുവെക്കുമ്പോൾ, രാഹുൽ യുവതിയെ അസഭ്യം പറയുന്നതും “നാടകം കളിക്കുകയാണ്” എന്ന് പറയുന്നതും ശബ്ദരേഖയിലുണ്ട്.
“എല്ലാം തീരുമാനിച്ചത് രാഹുൽ അല്ലേ, എന്നിട്ടെന്തിനാണ് അവസാന നിമിഷം പിന്മാറുന്നത്?”, “കുഞ്ഞിനെ വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് ആരാണ്? അത് ഞാൻ ആണോ?” എന്നിങ്ങനെ യുവതി രാഹുലിനോട് ചോദിക്കുന്നുണ്ട്.
“നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്?” എന്ന് യുവതി ചോദിക്കുമ്പോൾ, “നിനക്കില്ലാത്ത പ്രശ്നം എന്തിനാണ് എനിക്ക്” എന്നാണ് രാഹുൽ മറുപടി നൽകുന്നത്.
ഇതേസമയം ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന പുതിയ ശബ്ദരേഖയില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കഴിഞ്ഞ മൂന്നുമാസമായിട്ട് പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ഇതിലുമുള്ളത്. അല്ലാതെ പുതിയതായിട്ടൊന്നുമില്ലല്ലോ. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയാനുള്ളൂ. ആരോപണങ്ങളിന്മേല്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ആ അന്വേഷണങ്ങളോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോകട്ടെ. അതിന്റെ ഒരു ഘട്ടം കഴിഞ്ഞതിനു ശേഷം തനിക്ക് പറയാനുള്ളത് പറയാമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.;