സഭയില്‍ എത്തിയത് പാര്‍ട്ടിയെ ധിക്കരിച്ചല്ല, സസ്പെന്‍ഷന്‍ കാലത്ത് എങ്ങനെ പെരുമാറണമെന്നറിയാം: രാഹുല്‍
തിരുവനന്തപുരം: പാര്‍ട്ടിയെ ധിക്കരിച്ചല്ല നിയമസഭയിലെത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ഏതെങ്കിലും കാലത്ത് അനുകൂലമായതോ, വ്യക്തിപരമായി പ്രതികൂലമായതോ ആയ തീരുമാനം പാര്‍ട്ടി എടുക്കുമ്പോള്‍, ആ തീരുമാനത്തെ ധിക്കരിക്കുവാനോ ലംഘിക്കുവാനോ ഒരുകാലത്തും ശ്രമിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ അല്ല താന്‍. ഇപ്പോഴും, സസ്‌പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് പരിപൂര്‍ണ വിധേയനായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.
താന്‍ ഏതൊക്കെയോ നേതാക്കളെയൊക്കെയോ കാണാന്‍ ശ്രമിച്ചെന്നും, അവര്‍ കാണാന്‍ കൂട്ടാക്കിയില്ലെന്നും മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒരു സസ്‌പെന്‍ഷന്‍ കാലയളവില്‍ ഒരു പ്രവര്‍ത്തകന്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ബോധ്യം, വളരെക്കാലമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ആളെന്ന നിലയ്ക്ക് തനിക്കുണ്ട്. അതുകൊണ്ടു തന്നെ ഒരു നേതാവിനെയും വ്യക്തിപരമായി കാണാന്‍ ശ്രമിച്ചിട്ടില്ല. ആരെയും കണ്ടിട്ടുമില്ല. ആരും അനുവാദം നിഷേധിച്ചിട്ടുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളില്‍ മൗനത്തിലാണെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ആരോപണം ഉണ്ടായതിന് തൊട്ടടുത്ത ദിവസം മാധ്യമങ്ങളെ കണ്ടയാളാണ് താന്‍. പിന്നീടും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് തോന്നിയപ്പോള്‍, വീണ്ടും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ തനിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരിനെതിരെ സമരം ചെയ്തതിന് 18-ാമത്തെ വയസ്സില്‍ ജയിലില്‍ പോയ ആളാണ് താനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.