നിയമസഭാ സമ്മേളനത്തിന് തുടക്കമായി; രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തി

തിരുവനന്തപുരം; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. പോലീസ് കസ്റ്റഡി മര്‍ദ്ദനം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. അതേ സമയം ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ എത്തി .മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പിപി തങ്കച്ചന്‍, പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.
നിയമസഭയിലെത്തരുതെന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് രാഹുൽ നിയമസഭയിലേക്കെത്തിയത്. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.
രാഹുല്‍ സഭയിലേക്ക് എത്തിയപ്പോള്‍ ആരും പ്രതികരിച്ചില്ല. ഭരണപക്ഷത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുല്‍ നിയമസഭയില്‍ ഇരുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്.പാർലമെന്ററി പാർട്ടിയിൽ നിന്നു രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.എന്നാല്‍ ഈ എതിര്‍പ്പ് തള്ളിയാണ് രാഹുല്‍ എത്തിയിരിക്കുന്നത് സുഹൃത്തിന്റെ വാഹനത്തില്‍ യൂത്ത് കോണ്‍ ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ എത്തിയത്.