സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ്: നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി

Dec 29, 2025 - 11:45
 0  2
സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ്:  നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി
കൊച്ചി: 'സേവ് ബോക്‌സ്' ഓൺലൈൻ ലേല ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യംചെയ്തു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് നടനെ ചോദ്യംചെയ്തത്. ജയസൂര്യയ്‌ക്കൊപ്പം ഭാര്യയും ഇ ഡി ഓഫീസിലെത്തിയിട്ടുണ്ട്. 
സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നടൻ ജയൻസൂര്യയുമായി കരാറിലേർപ്പെട്ടിരുന്നതായാണ് ഇ ഡി വൃത്തങ്ങൾ നൽകുന്നവിവരം. ഇതുമായി ബന്ധപ്പെട്ടാണ് ജയസൂര്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
ഓൺലൈൻ ലേല ആപ്പായ 'സേവ് ബോക്‌സി'ന്റെ ഫ്രൈഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. കേസിൽ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശൂർ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഇഡിയും അന്വേഷണം നടത്തുന്നത്.
ഓൺലൈൻ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്സ്. ഇതേപേരിൽ മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞവിലയിൽ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തിൽ പങ്കെടുക്കാനായി സേവ് ബോക്സ് നൽകുന്ന വിർച്വൽ കോയിനുകൾ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകൾ ഉപയോഗിച്ചായിരുന്നു ലേലം.