ഒരു ലോക് ഡൗൺ ആലോചന: കഥ , ഗംഗാദേവി

ഒരു ലോക് ഡൗൺ ആലോചന: കഥ , ഗംഗാദേവി

 ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തിയ കേമൻ ആണ്കൊറോണ: അവൻ വന്നതോടു കൂടി പലരെയും പോലെ ചിന്തിച്ചിരിപ്പ് എന്ന വലിയ ജോലിയിലാണ് സോമനും. പ്രഭാത കർമ്മങ്ങൾ ചെയ്തിട്ട് ചിന്തയിൽ മുഴുകും. അതല്ലാതെ വെറെയൊന്നുമില്ലല്ലോ ..ഉണ്ടായിരുന്ന ഒരു ജോലി കൊറോണ വന്ന് തട്ടി കൊണ്ടുപോയി.

അങ്ങനെ അന്തവും കുന്തവുമില്ലാതെ ഇരിക്കുമ്പോൾ തങ്കപ്പൻ വിളിച്ചു "എടോ സോമശേഖരാ / ഒരു സന്തോഷവാർത്ത പറയാനാ വിളിച്ചത് " എവിടെങ്കിലും തനിക്ക് എന്തെങ്കിലും ജോലി ശരിയാക്കിക്കാണും എന്ന ചിന്തയാൽ മനസ്സിൽ ലഡു പൊട്ടി. പക്ഷേ അത് വെറും പൊട്ടലായിരുന്നു. "എടോ എന്റെ മകളുടെ കല്യാണം ആണേ വരുന്ന 25 ന് . ഇത് അറിയിപ്പാട്ടോ . ഇപ്പോൾ ആരെയും ക്ഷണിക്കാൻ പറ്റില്ലല്ലോ കൊറോണാക്കാലമല്ലേ :.വീട്ടിൽ ഇരുന്ന് അനുഗ്രഹിച്ചാൽ മതി. "

    ഫോൺ നിന്നപ്പോൾ വീണ്ടും ചിന്തയിലേയ്ക്ക് മനസ്സ് ഓടി കേറി. . "എടീ :ഭാനൂ ... " അയാൾ തിണ്ണയിൽ ഇരുന്ന് വിളിച്ചു. ടെറസ്സിൽ നട്ടുപിടിപ്പിച്ച പച്ചക്കറി തോട്ടത്തിൽ ചെടികളേ സംരക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അമ്മയും മകളും. സോമന്റെ വിളി കേട്ട് ഭാനുമതി ഓടി താഴെ വന്നു. കിതപ്പോടെ ചോദിച്ചു: "ഉം... എന്തേ സോമേട്ടാ ?", കൈയ്യിൽ തോട്ടത്തിൽ നിന്നു പറിച്ച  സുന്ദരൻ വെണ്ട നിന്നു തിളങ്ങി. "എടീ :നമ്മുടെ മകളുടെ കല്യാണം നടത്തിയാലോ ?" എന്തോ അശരീരി കേട്ടതുപോലെ വായും പൊളിച്ച് ഭാനു നിന്നു.

അവളുടെ നിൽപ്പിൽ ഭയം തോന്നിയെങ്കിലും ഭാവഭേദമില്ലാതെ വീണ്ടും ചോദിച്ചു: "എന്താടി : നീ ഇങ്ങനെ മിഴുങ്ങസ്യാ ന്നു നിൽക്കുന്നേ .... മോളെ കല്യാണം കഴിപ്പിച്ചു വിടണ്ടേ?" ആ ചോദ്യo കൂടി കേട്ടപ്പോൾ ഇറയത്തെ തൂണിൽ പിടിച്ച് പതുക്കെ ഭാനുമതി അവിടെ ഇരുന്നു. ഭാനുമതിയുടെ ഭാവഭേദങ്ങൾ കണ്ട് "ഓ.."എന്ന ഒരു ഭാവം അയാളുടെ മുഖത്ത് വന്നു. വിറയാർന്നആ കൈകളിൽ നിന്ന് സുന്ദരൻ വെണ്ട പണ്ടേ താഴെ വീണിരുന്നു. ഒരു ദീർഘ നിശ്വാസം ചെയ്ത് വളരെ താഴ്മയോടെ ഭാനു ചോദിച്ചു. "എന്തേ ഇന്ന് മകളെക്കുറിച്ച് ചിന്തിക്കാൻ ഇന്നേവരെ മകളുടെ കല്യാണത്തിനു വേണ്ടി ഒന്നും കരുതി വച്ചിട്ടില്ലല്ലോ?" ഭാനുവിന്റെ ചോദ്യം അയാൾക്ക് ഇഷ്ടമായി മനസു തുറന്ന് അയാൾ ചിരിച്ചു. "എടീ :ഇന്ന് തങ്കപ്പൻ വിളിച്ചു അവരുടെ മകളുടെ കല്യാണമാ.... കോവിഡ് കാലമായതിനാൽ വീട്ടിൽ ഇരുന്ന് അനുഗ്രഹിച്ചാൽ മതി എന്ന് പറഞ്ഞു. കൊറോണാക്കാലമല്ലേ ഇപ്പോൾ കല്യാണം നടത്തിയാൽ പണം ലാഭിക്കാം ""

         കാര്യങ്ങളുടെ കിടപ്പ് മനസ്സിലായപ്പോൾ ഒന്നു തലയാട്ടി ഭാനു ഒന്ന് ഇരുത്തി മൂളി . "നീ എന്താ ഒന്നും പറയാത്തെ ?" അയാൾ ചോദിച്ചു. "ഏയ് ... കല്യാണ ചെലവ് കുറയ്ക്കാം പക്ഷേ സ്വർണ്ണത്തിന് ....?" അയാൾ വളരെ സന്തോഷത്തോടെ ഭാര്യയുടെ മുഖത്തേയ്ക്ക് നോക്കി.

അവളും തന്നേപ്പോലെ ചിന്തിക്കുന്നുണ്ടല്ലോ എന്ന് ഓർത്ത് സോമശേഖരൻ ഭാര്യാ സവിധത്തിൽ ഇരുന്നു. "എടീ, ഈ കാലമല്ലേ സ്വർണ്ണക്കടയിൽ പോകുക അപകടമാണ്. ഇവിടെ കുറച്ചില്ലേ അതുകൊണ്ട് നമ്മൾക്ക് ഒപ്പിക്കാം " മകളുടെ കല്യാണം നാളെ തന്നെ നടത്തും എന്ന ഭാവത്തിൽ അയാൾ ഞെളിഞ്ഞിരുന്നു.

" ചെക്കനെ കണ്ടെത്തിയോ ? നമ്മുടെ മകളുടെ പ്രായത്തിനു പറ്റിയവനാണോ ? മോൾക്ക് 15 വയസ്സല്ലേ ഉള്ളൂ , കൊറോണയായതിനാൽ  കല്യാണപ്രായത്തിനും, ഇളവുണ്ടാകുമല്ലോ അല്ലേ ? ഓൺലയിൻ പഠനം ആയതിനാൽ പഠനത്തിന് കുഴപ്പമുണ്ടാവില്ല ..... . ഭാനുവിന്റെ ചോദ്യങ്ങൾ കേട്ടപ്പോളാണ് തന്റെ മകളുടെ പ്രായത്തെക്കുറിച്ച് അയാൾ ചിന്തിച്ചത്. ഭാനുവിന്റെ മുമ്പിൽ മിഴുങ്ങസ്യ നായി അയാൾ ഇരുന്നു. ഭാനുവിന് ചിരി അടക്കാനും കഴിഞ്ഞില്ല.......

വീണ്ടും ഫോൺ ശബ്ദിച്ചു ....." സോമ .ഞാൻ കല്യാണത്തിന്റെ ലിങ്ക് ഇടാം : കണ്ട് അനുഗ്രഹിക്കണേ" ........ ഒന്ന് നീട്ടി മൂളൽ സമ്മാനിച്ച് സോമൻ ഫോൺ താഴെ വെച്ചു...........

 

ഗംഗാദേവി .കെ.എസ്