എട്ടുകാലികൾ:കവിത, മോൻസി തേവർകാട്

എട്ടുകാലികൾ:കവിത, മോൻസി തേവർകാട്

തുക്കുകല്ലിനു താഴെ നിർത്തിയ

ശവവാഹനത്തിലെ സംഗീതം

വക്കു പൊട്ടിയ വിസിൽ നാദംപോലെ

 

എട്ടു കാലുകൾ ഉമ്മറത്തെത്തി

ചാണകം മെഴുകിയ തറയിൽ

ഒരു ശവപേടകം ഇറക്കിവച്ചു

എട്ടുകാലികൾ  പിൻവലിഞ്ഞു

പുതിയൊരു വലകെട്ടണം ഇരയെ തേടണം .

വക്കുപൊട്ടിയ വിസിൽ വീണ്ടും കരഞ്ഞു

 

രക്തം ഉണങ്ങാത്ത ശവക്കച്ചയ്ക്കു താഴെ

വെട്ടിനുറുക്കിയ കബന്ധം

വലംകയ്യിലപ്പോഴും

നനഞ്ഞൊരാഴ്ചപ്പതിപ്പിന്റെ

പുതിയ ലക്കം ചുരുട്ടിപ്പിടിച്ചിരിക്കുന്നു 

ഇന്നത്തെ വാരിക മറക്കണ്ടാട്ടൊ

ഓർമ്മയിലൊരു നീണ്ടകഥ കുറുകി

 

ശ്വാസം കിട്ടാത്തൊരു നെഞ്ചിൻകൂട്

തെക്കിനിയിൽ  തലതല്ലിക്കരഞ്ഞു

നട്ടെല്ലു വളഞ്ഞൊരു വൃദ്ധൻ

ഉമ്മറത്തിണ്ണയിൽ ഉത്തരമെണ്ണി

മണ്ണപ്പം ചുടുന്ന ബാല്യങ്ങൾ

വയറിനു കുറുകെ മുണ്ടു മുറുക്കി

 

കാവിയും ചുവപ്പും

പടിക്കൽ കലപിലകൂട്ടി

 

ചുരുട്ടിയമുഷ്ടിഅധ്വാനവർഗ്ഗചിഹ്നം

രക്തസാക്ഷികൾസിന്ദാബാദ്

ചുവന്ന കൊടിമുരണ്ടു .

 

അമ്മേയെന്നവസാനത്തെ വാക്ക്

വന്ദേമാതരം നമ്മുടെ സൂക്തം

കാവിപുതയ്ക്കണം.

 

മരിക്കും മുൻപ് കൈ കൂപ്പിപോലും

മൂന്നാമതൊരു കൂട്ടർ  കൈ നീട്ടി

 

അച്ഛന്റെ കയ്യിൽ നാരങ്ങാമിട്ടായി

തിരഞ്ഞൊരഞ്ചുവയസുകാരനെ

ആരും കണ്ടില്ല,  അവനിനിയും സമയമുണ്ടല്ലോ

ഒരു കൊടിത്തണ്ടിൽത്തൂങ്ങി വലനെയ്യാൻ,

അല്ലെങ്കിൽ വലയിൽ കുടുങ്ങാൻ .

 

മോൻസി തേവർകാട്