വയനാടിന്റെ കണ്ണീരൊപ്പാൻ ഒന്നിച്ചു നിൽക്കാം
വയനാടിന്റെ ലാസ്യ ഭംഗിയും ഒപ്പം വന്യതയും ഇഴ ചേർന്ന് കിടക്കുന്ന മനോഹര ഭൂപ്രദേശങ്ങളായ മുണ്ടക്കൈയിലെ പുഞ്ചിരിമട്ടവും മേപ്പാടിയിലെ ചൂരല്‍മലയുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ഉരുളിലമർന്ന് ശ്മശാനഭൂമിയായി മാറിയിരിക്കുന്നു. നിനച്ചിരിക്കാതെ എത്തിയ ദുരന്തത്തിന്റെ ഭയപ്പാടും ഞടുക്കവും കേരളക്കരയെ ദുഖത്തിലാഴ്ത്തിയിരിക്കുന്നു. ദുരന്തം പെയ്തിറങ്ങിയ വയനാട് ഉരുൾപൊട്ടലിൽ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം നാനൂറ് കടന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയ അവസ്ഥയിലാണ് കണ്ടെടുത്തത് . ചാലിയാറിലും അതിനോടു ചേർന്ന വനമേഖലകളിലും അവസാനവട്ട തിരച്ചിൽ നടക്കുകയാണ്. ആ നാട് അകപ്പെട്ട ദുരന്തത്തിന്റെ നേർചിത്രമായി ആളും പേരുമറിയാത്ത കേവലം നമ്പറുകളിലൊതുങ്ങിയ ഒരുകൂട്ടം മനുഷ്യരുടെ കൂട്ടക്കുഴിമാടങ്ങളുടെ ദൃശ്യങ്ങൾ അവിടവിടെ ഉയർന്നു നിൽക്കുന്നു. അവരീഭൂമിയിൽ ഉണ്ടായിരുന്നതിന്റെ ശേഷിപ്പുകൾ.
ജീവൻ കൈയിൽ പിടിച്ച് ദുരന്തമുഖത്ത് നിന്ന് രക്ഷപെട്ടോടിയവർക്ക് അന്നുവരെ സമ്പാദിച്ചതൊക്കെയും നഷ്ടപ്പെട്ടു. തനിക്കേറെ പ്രിയപ്പെട്ട 11 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഒരു യുവാവിന്റെ ദുഃഖം കരളലിയിക്കുന്നതായി. പ്രിയപ്പെട്ടവരെയൊക്കെ നഷ്ടമായവരാണ് പലരും. ചില കുടുംബങ്ങളെ മുഴുവനായി ഉരുൾ കൊണ്ടുപോയി . ദാരുണമാണവിടെ നിന്നുള്ള ദൃശ്യങ്ങൾ. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നഷ്ടമായി.
വയനാട്ടിൽത്തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടൗൺഷിപ്പ് ഉണ്ടാക്കി ദുരന്തബാധിതരെ അങ്ങോട്ടു മാറ്റിത്താമസിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മലവെള്ളപ്പാച്ചിലിന്റെ ബാക്കിപത്രമായി നിറഞ്ഞ ചെളിക്കൂനകളും പാറക്കല്ലുകളും മാത്രമാണ് നിലവില്‍ മുണ്ടക്കൈ, ചൂരൽ മല ഭാഗങ്ങളില്‍ കാണാനാവുന്നത്. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇതെഴുതുമ്പോഴും തുടരുന്നുണ്ട്.. കേന്ദ്ര സേനകളും സന്നദ്ധ പ്രവർത്തകരും അടക്കം നിരവധിയാളുകൾ ദുരന്തമുഖത്ത് സദാ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു. നൂറ്റമ്പതോളം വീടുകളുണ്ടായിരുന്ന മുണ്ടക്കൈയില്‍ പത്ത് വീടുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ദുരന്തസ്ഥലത്തുനിന്ന് ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കിലോമീറ്ററുകൾ അകലെ മലപ്പുറം ജില്ലയിൽ നിന്ന് ഇപ്പോഴും കണ്ടെടുത്തുകൊണ്ടിരിക്കുന്നു .
പ്രദേശത്തെ റോഡുകളും പാലവും ഒലിച്ചുപോയി, ദുരന്ത ബാധിത പ്രദേശമാകെ മലവെള്ളത്താല്‍ ചുറ്റപ്പെട്ട് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതാണ് മരണസംഖ്യ കൂടാനിടയാക്കിയത് .ദുരന്തം ഗ്രാമങ്ങളെ വിഴുങ്ങി പുഴയായി ഒഴുകിയപ്പോൾ ജനം യാത്രമാർഗങ്ങളടഞ്ഞ് നിസഹായരായി നിന്നു . ഒടുവിൽ മുണ്ടക്കൈ ഗ്രാമത്തിലേക്കെത്താൻ സൈന്യം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയ ബെയ്‌ലി പാലം ആശ്വാസമായി. 190 അടി നീളത്തിലുള്ള താൽക്കാലിക ഉരുക്കുപാലത്തിന്റെ നിർമാണം വ്യാഴാഴ്ച വൈകിട്ടോടെ പൂർത്തിയായ ശേഷമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം കൈവരിച്ചത്.
ദുരന്തഭൂമിയിൽ ജീവനോടെയുള്ള മുഴുവൻ ആളുകളെയും രക്ഷിച്ചുകഴിഞ്ഞെന്നാണ് സൈന്യം അറിയിച്ചത്. മണ്ണിനടിയിലുള്ള മുഴുവൻ ആളുകളെയും കണ്ടെത്തിക്കഴിയുമ്പോഴേ ദുരന്തത്തിന്‍റെ വ്യാപ്തി എത്രമാത്രമെന്ന് കണക്കുകളിലൂടെ നമുക്കു വ്യക്തമാവുകയുള്ളൂ. .
ചെളിയും പാറകളും വന്നടിഞ്ഞ് വന്‍മരങ്ങള്‍ തലങ്ങും വിലങ്ങും കിടക്കുന്ന, റോഡുകളും പാലങ്ങളും തകര്‍ന്ന ദുരന്ത ഭൂമിയില്‍ ദുഷ്‌കരമായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങൾ . പോലീസ്, ഫയര്‍ഫോഴ്‌സ്, സൈന്യം തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും ഒത്തുചേർന്നത് നമ്മുടെ നാടിൻറെ മഹത്വം ഒരിക്കല്കൂടി വിളിച്ചോതി.
ക്യാംപുകളിലുള്ള നൂറുകണക്കിനാളുകൾ സർവതും നഷ്ടപ്പെട്ടവരാണ്. അവരുടെ പുനരധിവാസത്തിനാവണം ആദ്യ പരിഗണന. ദുരന്തം മുന്നിൽ കണ്ടതിന്റെ മാനസികാഘാതത്തിൽനിന്ന് കര കയറണമെങ്കിൽ ക്യാംപുകളിലുള്ളവർക്ക് കൗൺസലിങ് നൽകേണ്ടിയിരിക്കുന്നു. ദുരന്തബാധിത മേഖലയിൽ പകർച്ചവ്യാധികൾ തടയാനുള്ള നടപടികളും ഉണ്ടാവേണ്ടിയിരിക്കുന്നു .
തിങ്കളാഴ്ച പാതിരാത്രി മുതല്‍ ചൊവ്വാഴ്ച പാതിരാത്രി വരെയുള്ള 24 മണിക്കൂറിനുള്ളില്‍ വയനാട് ജില്ലയില്‍ മുന്നൂറ് മില്ലിമീറ്ററിലേറെ മഴയാണ് പെയ്തത് . ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടലിനു കാരണം കുറഞ്ഞ സമയത്തിനകം വന്‍തോതില്‍ മഴ ലഭിച്ചതാണെന്ന് വിലയിരുത്തപ്പെടുന്നു.
ജാതി, മത, രാഷ്ട്രീയ വിശ്വാസങ്ങൾക്കതീതമായാണ് മലയാളികൾ ആപൽഘട്ടങ്ങളിൽ സഹായങ്ങളുമായി എത്താറുള്ളത്. വയനാട്ടിലെ ഉരുൾപൊട്ടലിലും മലയാളി ആ പാരമ്പര്യം കാത്തു എന്നത് ഏറെ ശ്‌ളാഘനീയമാണ് .
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി വലിയ തോതിലുള്ള സഹായങ്ങൾ ഇപ്പോൾ തന്നെ വയനാടിനു വേണ്ടി പ്രഖ്യാപിക്കപ്പെടുന്നുണ്ട് .
ദുരന്തബാധിതരെ സുരക്ഷിതസ്ഥലത്ത് പുനരധിവസിപ്പിക്കുന്നതിനും കുട്ടികളടക്കം ഈ വലിയ ആഘാതം അനുഭവിക്കേണ്ടിവന്നവരുടെ മനസിന്റെ മുറിവുണക്കുന്നതിനും എത്രയും വേഗം കൃത്യമായ പദ്ധതികൾ തയ്യാറാക്കേണ്ടിയിരിക്കുന്നു. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകൾ ദുരന്തത്തിൽ ബാക്കിയായവരെ വേട്ടയാടിക്കൊണ്ടേയിരിക്കും.
നാടൊന്നാകെ ഈ ദുരന്തവേളയിൽ തങ്ങൾക്കൊപ്പമുണ്ടെന്ന് അവർക്ക് ബോധ്യപ്പെടേണ്ട സമയമാണിത്. വയനാടിന്റെ മക്കളുടെ കണ്ണീരൊപ്പാൻ നമുക്കും സാന്ത്വനവുമായി ഒന്നിച്ചുനിൽക്കാം.