മുളക് ബജി: കവിത, രാജു കാഞ്ഞിരങ്ങാട്

മുളക് ബജി: കവിത, രാജു കാഞ്ഞിരങ്ങാട്

മേട്ടുപാളയം ചുരമാണ്.
വളഞ്ഞും പുളഞ്ഞും
മലമ്പാമ്പ് പോലുള്ള റോഡിലൂടെ
കാഴ്ചയുടെ ക്യാൻവാസിലൂടെ
ചുരമാന്തിയ കാളയെപ്പോലെ
മുരണ്ടു കൊണ്ട് കയറുവാൻ -
തുടങ്ങി വാഹനം

ഹെയർപിൻ വളവുകൾ
ഒന്ന്
രണ്ട്
മൂന്ന്......
....................
പതിമൂന്നാം വളവിലതാ ...
ഒരു തട്ടുകട

യാത്രക്കാർ
കൗശലക്കാരായ
കുരങ്ങുകളുമായി
കുശലം പറയുകയാണ്

കരകൗശല വസ്തുപോലുള്ള
മുളക് ബജി മേശയിലെത്തി.
കൗതുകത്തോടെ കടിച്ചപ്പോൾ
പുതുരുചി മനസ്സ് നിറച്ചു

ഉദക മണ്ഡലമായാലും
നീലഗിരി തെന്നലായാലും
ഭാഷയും, വേഷവും മാറിയാലും
തട്ടുകടകൾ മാറുന്നേയില്ല

മുളകു ബജി
ഒന്നുകൂടി കടിച്ചു കൊണ്ട്
പതിനാലാം വളവ് തിരിഞ്ഞു

 

ഫോൺ - 9495458138