അപകടത്തിൽ പരിക്കേറ്റ് 13 വർഷമായി കോമയിൽ: ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതി അനുമതി
ന്യൂഡൽഹി: 13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി . മകന്റെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി മാതാപിതാക്കൾ സമർപ്പിച്ച ദയാവധ ഹർജി സുപ്രീം കോടതി ജസ്റ്റിസ് ജെബി പർദിവാലയും കെവി വിശ്വനാഥനും അടങ്ങുന്ന ബെഞ്ച് അനുവദിച്ചു.
ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ഹരീഷ് റാണെയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
വർഷങ്ങളായി ചികിത്സിച്ചിട്ടും ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി റാണയുടെ കുടുംബം ദയാവധ ഹർജി സുപ്രീം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ചികിത്സകൊണ്ട് യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ ജീവവായുവും ഭക്ഷണവും നൽകുന്ന സംവിധാനങ്ങൾ നീക്കം ചെയ്യാൻ ജസ്റ്റിസ് ജെബി പർദിവാല അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ദയാവധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് കൃത്യമായ ഒരു നിയമം നിർമിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്.
2013 ഓഗസ്റ്റ് ഇരുപതാം തീയതി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണതോടെയാണ് ചണ്ഡീഗഡിലെ ബിടെക് വിദ്യാർഥിയായിരുന്ന ഹരീഷ് റാണയ്ക്ക് (32) ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയിൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ഒരു ദശാബ്ദത്തിലേറെയായി കോമയിൽ തുടരുകയായിരുന്നു. അപകടത്തിൽ മസ്തിഷ്കാഘാതവും പൂർണമായ ക്വാഡ്രിപ്ലെജിക് വൈകല്യവും ഉണ്ടായി. അനങ്ങാൻ പോലും കഴിയാത്ത നിലയിലായ ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണ് വർഷങ്ങളായി ഭക്ഷണം നൽകുന്നത്. ഹരീഷ് ശ്വാസമെടുക്കാൻ ട്രക്കിയോസ്റ്റമി ട്യൂബിനെയും പോഷകാഹാരത്തിനായി ഗാസ്ട്രോസ്റ്റമി ട്യൂബിനെയും ആശ്രയിച്ചിരുന്നു. ഇതോടെയാണ് ദയാവധത്തിന് അനുമതി തേടി കുടുംബം കോടതിയെ സമീപിച്ചത്.
ദീർഘനാൾ ചികിത്സിച്ചിട്ടും അവസ്ഥ മെച്ചപ്പെടാത്തതിനാൽ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങൾ പിൻവലിക്കാൻ അനുമതി തേടി റാണയുടെ മാതാപിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി മകൻ കിടപ്പിലാണെനും ഭക്ഷണം പോലും കൃത്യമായി നൽകാനാകുന്നില്ലെന്നും ഇനി സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്ലെന്നും തുടർ ചികിത്സ അവന്റെ കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുകയേയുള്ളൂവെന്നും കുടുംബം വാദിച്ചു.
നേരത്തെ, റാണയുടെ അവസ്ഥ പരിശോധിക്കാൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആശുപത്രി സംവിധാനങ്ങളുടെ സഹായത്തോടെയല്ല അദ്ദേഹം ജീവിക്കുന്നതെന്ന് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി നിരസിച്ചു.
ഹരീഷ് റാണയുടെ കുടുംബം 2024ൽ സുപ്രീം കോടതിയെ സമീപിച്ചു. റാണയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും അതിനൽ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് പുതിയ ഹർജി നൽകി. റാണ ഒരു ദശാബ്ദത്തിലേറെയായി കിടപ്പിലാണെന്നും പുരോഗതി ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ വിദഗ്ധരുടെ കണ്ടെത്തലുകൾ കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി അനുവദിച്ചുകൊണ്ട്, സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളും സുരക്ഷാ നടപടികളും അനുസരിച്ച് ചികിത്സ പിൻവലിക്കുന്നതിനെക്കുറിച്ച് യോഗ്യതയുള്ള മെഡിക്കൽ ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു.