പഴഞ്ചൊല്ലുകൾ തുടരുന്നു ' ഊ ' Mary Alex ( മണിയ )

പഴഞ്ചൊല്ലുകൾ തുടരുന്നു ' ഊ ' Mary Alex ( മണിയ )


1.'ഊരുണ്ടെങ്കിൽ ഉപ്പു വിറ്റും കഴിയാം ' 
      ഊര് എന്ന വാക്കിന് രണ്ടർത്ഥമുണ്ട്,നാട് എന്നും ജീവൻ എന്നും.ഈ പഴഞ്ചൊല്ലിൽ ഊര് ജീവനുമാകാം നാടുമാകാം. ജീവനുണ്ടെങ്കിൽ ഉപ്പു വിറ്റി ട്ടാണെങ്കിലും ജീവനമാർഗം കണ്ടെത്താം. എന്നാൽ നാടുണ്ടെങ്കിലേ അതിൽ ജീവിക്കാനും ഉപ്പു വിൽക്കാനും സാധിക്കൂ എന്നും സാരം.
2.'ഊട്ടിനു മുൻപും ചൂട്ടിനു പിൻപും '
       ഊട്ട് എന്നാൽ ഭക്ഷണം നൽകൽ. പഴയ കാലത്ത് നമ്പൂതിരിമാരുടെ ഭവനങ്ങളുടെ പടിപ്പുരകളിൽ നിന്ന് വിളിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അത്താഴപ്പട്ടിണിക്കാരുണ്ടോ, അത്താഴപ്പട്ടിണിക്കാരുണ്ടോ എന്ന്. ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് അന്നദാനം നടത്തിയിട്ടേ പടിപ്പുര അടയ്ക്കു. അടച്ചുകഴിഞ്ഞാൽ പിന്നെ അതു തുറന്ന് അന്നാർക്കും അന്നം വിളമ്പുകയില്ല. അതുകൊണ്ടാണ് ഊട്ടിനു മുൻപേ എന്ന് പറയുന്നത്. ചൂട്ടിനു പിൻപേ എന്നാൽ ടോർച്ചും വഴിവിളക്കും ഒക്കെ ഉണ്ടാവുന്നതിനു മുൻപേ ആളുകൾ  സന്ധ്യ കഴിഞ്ഞാൽ
ചൂട്ടുകറ്റ കത്തിച്ചാണ് വഴി നടക്കുന്നത്.കറ്റ പിടിച്ചിരിക്കുന്ന തിന്റെ പിന്നിലായ് വേണം നടക്കാൻ എങ്കിലേ ചൂട്ടു കറ്റയുടെ വെളിച്ചം കിട്ടുകയുള്ളു. അതാണ് ഊണ് കിട്ടണമെങ്കിൽ ഊട്ടിനു മുൻപേയും വെളിച്ചം കിട്ടണമെ ങ്കിൽ ചൂട്ടുകറ്റയുടെ പിൻപേയും നടക്കണം എന്ന് ചൊല്ല് അർത്ഥമാക്കുന്നത്.
3.'ഊരെങ്ങും ഉറ്റവർ ഒരു വാ ചോറില്ല.'
       ഉറ്റവർ എന്നാൽ വേണ്ടപ്പെട്ടവർ, അല്ലെങ്കിൽ ബന്ധുക്കൾ.നാടു മുഴുവൻ ഉറ്റവർ പക്ഷെ ഒരു വാ ചോറില്ല. എന്നു പറഞ്ഞാൽ ചോറിന് ഉപകാരമില്ല എന്നാവാം അല്ലെങ്കിൽ ഒരു വാ ചോറിന് ബുദ്ധിമുട്ടുന്നവർ അവരെങ്ങനെ തനിക്കും ചോറു തരും എന്നും ആവാം. ഇതല്ലാതെ ഒന്നുകൂടി നമുക്കു ചിന്തിക്കാം ഈ ആളുടെ പ്രവർത്തിയുടെ ഫലത്താൽ ഉറ്റവർ ആരും ഒരു നേരത്തെ ഊണ് പോലും കൊടുക്കില്ലെന്നും ആയിക്കൂടായ്കയില്ല  
നാടു മുഴുവൻ സ്വന്തക്കാരും ബന്ധുക്കരുമായ അനേകം പേർ നമുക്കു ചുറ്റിലും ഉണ്ട്. നാം അവർക്കോ അവർ നമുക്കൊ തുണയാകുന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നു കൂടി ചിന്തിക്കുക അതാണ് ഈ ചൊല്ലിൽ നിന്നും നാം അർത്ഥമാക്കി പഠിക്കേണ്ടത് പ്രവർത്തിക്കേണ്ടത്.
4.'ഊഹാപോഹം പരത്തിപ്പറയ രുത്.'
ഊഹാപോഹം എന്നു പറഞ്ഞാൽ എന്തെങ്കിലും ഒരു കാര്യത്തെക്കു റിച്ച് കൃത്യമായി അറിയാതിരിക്കെ വെറുതേ ഊഹിച്ച് കാര്യങ്ങൾ പറഞ്ഞുണ്ടാക്കുക.അങ്ങനെയുള്ള അവസരത്തിൽ ആ ഊഹം ശരിയായിരിക്കാം ചിലപ്പോൾ തെറ്റായിരിക്കാം.ആ തെറ്റിനെ താൻ കണ്ട ഒരു കാഴ്ച പോലെ പറഞ്ഞു പരത്തുക. അങ്ങനെ ചെയ്യുന്നത് വലിയ വിപത്തിന് കാരണമാകും.അതു കൊണ്ട് നല്ലതുപോലെ അറിയാമെങ്കിൽ മാത്രം ഒരു കാര്യത്തെക്കുറിച്ച് ആധികാരികമായി പറയുക. അല്ലാത്തവയെക്കുറിച്ച് ഒന്നും സംസാരിക്കാതിരിക്കുക.
5.'ഊക്കറിയാതെ തുള്ളിയാൽ ഊര രണ്ടു മുറി.'
       ഊക്ക്‌ എന്നാൽ ശക്തി. ശത്രുവിന്റെ ശക്തി അറിയാതെ പോരിന് ചെന്നാൽ ഉണ്ടാവുന്ന ഭവിഷ്യത്തിനെ ആണ് ഈ ചൊല്ല് നമ്മെ അറിയിക്കുന്നത്. ഊര എന്നാൽ ശരീരം. ശത്രു നമ്മെ ക്കാൾ ശക്തിമാനാണെങ്കിൽ യുദ്ധത്തിൽ ശക്തി കുറഞ്ഞവരായവരുടെ ശരീരം രണ്ട് തുണ്ടമായി നിലത്തു വീഴും.
അതുകൊണ്ടു ശത്രുവിന്റെ ശക്തി അറിഞ്ഞേ വഴക്കുണ്ടാക്കാൻ ചെല്ലാവൂ. അല്ലെങ്കിൽ എന്തിനു തമ്മിൽ തമ്മിൽ കുത്തും വെട്ടും. എന്തായാലും സംസാരിച്ചു രമ്യതയിൽ എത്തുക. അതാണ് ഏറ്റവും നല്ലത്.
6.'ഊക്കുള്ളവനുന്നമില്ല ഉന്നമുള്ള വനൂക്കില്ല.'
              അകലത്തുള്ള ഒരു വസ്തുവിനെ എറിഞ്ഞു വീഴ്ത്തണമെങ്കിൽ നല്ല ഉന്നവും കൊഴിയോ കല്ലോ കൊണ്ട് എറിയാൻ നല്ല ശക്തിയും വേണം.ഇവിടെ പറയുന്നതു ഊക്കുള്ളവന് ഉന്നമില്ല, ഉന്നമുള്ളവന് ശക്തിയും ഇല്ലെന്നാണ്. ഇതു രണ്ടും ഒരുമിച്ചുണ്ടായാലേ ഒരാൾക്കു അക്കാര്യം സാധ്യമാകു.
ഈ പഴഞ്ചൊല്ലിൽ നിന്നും നാം മനസ്സിലാക്കേണ്ടത്.രണ്ടു 
പേരിൽ ഒരോ കഴിവുണ്ടായിട്ടു കാര്യമില്ല ലക്ഷ്യം നേടാനാവില്ല.
ലക്ഷ്യം നേടണമെങ്കിൽ ഓരോന്നിനും ആവശ്യമായ കഴിവുകൾ നമ്മിൽ വേണം.
7.'ഊന്ന് ഒരിക്കലും കുലയ്ക്കില്ല.'
      ഏത്തവാഴ, ചിലയിനം വാഴകൾ ഇവ കുലയ്ക്കാറാകു മ്പോൾ ഊന്ന് കൊടുക്കാറുണ്ട്. ഊന്നു  കൊടുക്കുന്നത്, കുലയുടെ ഭാരം കൊണ്ടും വാഴയുടെ ഉയരം കൊണ്ടും ഒടിഞ്ഞു വീഴാതിരിക്കാനാണ്.
ഊന്ന് ഒരിക്കലും കുലയ്ക്കാറില്ല കാരണം ഊന്നു കൊടുക്കുന്ന കമ്പ് അല്ലെങ്കിൽ പാഴ് മരങ്ങളുടെ ശിഖരങ്ങളിൽ നേരെയുള്ളവ ഇലയുള്ള കമ്പുകൾ കോതി കളഞ്ഞിട്ട് അതിന്റ പച്ച മാറിയിട്ടു വേണം ഊന്നു കൊടുക്കാൻ. ഇല്ലെങ്കിൽ അതു കിളിർക്കും വാഴയ്ക്കുള്ള വളം അതിന്റെ വേരുകൾ വലിച്ചെടുക്കുകയും ചെയ്യും.'ഊന്ന് കുലയ്ക്കണോ വാഴ കുലയ്ക്കണോ ' എന്ന മറ്റൊരു പഴഞ്ചൊല്ലും നിലവിൽ ഉണ്ട്.ഇവിടെ വാഴയ്ക്കാണോ പ്രാധാന്യം ഊന്നിനാണോ പ്രാധാന്യം എന്ന രീതിയിൽ ചിന്തിച്ചാൽ പച്ചക്കമ്പ് ഊന്ന് കൊടുത്താലുണ്ടാവുന്ന ഭവിഷ്യത്തിനെ സൂചിപ്പിക്കുന്നു.
8.' ഊണിൽ പാതി കുളി.'
           മനുഷ്യന്റെ ആരോഗ്യ പരിപാലനത്തെ സംബന്ധിച്ച ഒരു പഴഞ്ചൊല്ലാണിത്.പഴയ കാലത്ത് ആയുർവേദ വിധിപ്രകാരം ആൾക്കാർ ജീവിച്ചിരുന്നു. അസുഖം ഒന്നുമില്ലെങ്കിലും വൈദ്യന്മാർ ഭക്ഷണത്തിനും കുളിക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരുന്നു. പുരുഷന്മാർ ബുധനും ശനിയും, സ്ത്രീകൾ ചൊവ്വയും വെള്ളിയും അവരുടെ ശരീരസ്ഥിതിക്കനുസൃതമായി  വൈദ്യൻ നിർദ്ദേശിക്കുന്ന എണ്ണ തലയിലും അതുപോലെ ശരീരത്തിൽ പ്രത്യേക കുഴമ്പും തേച്ചു പിടിപ്പിച്ച് കുറച്ചു നേരം ഇരുന്നിട്ട് ഇഞ്ചയും താളിയും ഒക്കെ ഉപയോഗിച്ച് വിശദമായ കുളി നടത്തിക്കയറി വന്നാണ് ഭക്ഷണം കഴിക്കാറ്. അതും വൈദ്യൻ നിർദേശിക്കുന്ന
രീതിയിലുള്ള ഭക്ഷണം. ചുടു ചോറിൽ നെയ്യിട്ട് പരിപ്പും പപ്പടവും 
ചേർത്ത് മറ്റു പച്ചക്കറികൾ, ഇല ക്കറികൾ കട്ടതൈര് ഒക്കെയായി ഊണ്. ഇങ്ങനെ ഭക്ഷണത്തിനും കുളിക്കും ഒരേ സ്ഥാനം നൽകി യാണ് ഭക്ഷണത്തിൽ പാതി കുളി എന്ന ചൊല്ലു കൊണ്ട് അർത്ഥമാക്കുന്നത്.ഭക്ഷണം കൊണ്ട് ശരീരത്തിന് ആവശ്യമായ 
ധാതു ലവണങ്ങൾ ലഭിക്കുമ്പോൾ നിഷ്ടയായ കുളി കൊണ്ട് ശരീരത്തിന് പുഷ്ടിയും സൗന്ദര്യവും ലഭിക്കും.
9.'ഊറ്റം കൊണ്ടു പൊറുതിയില്ല ഊറ്റിക്കുടിക്കാൻ കഞ്ഞിയില്ല.'
      ഊതിക്കുടിക്കാൻ കഞ്ഞിയില്ല ഊറ്റം കൊണ്ടു പൊറുതിയില്ല എന്നും ഈ പഴഞ്ചൊല്ല്  മാറ്റി പറയാറുണ്ട്. കഴിക്കാൻ ഒന്നുമില്ലാത്തവനാണെങ്കിലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല എന്നർത്ഥം.കെട്ടിലും മട്ടിലും ധനികൻ എന്ന രീതിയിൽ നടപ്പും എടുപ്പും. പക്ഷെ വീട്ടിൽ ആവട്ടെ
ഒരു നേരം കഞ്ഞിവയ്ക്കാൻ പോലും അരിയില്ല എന്നു സാരം.
10.'ഊരു വാ മൂടാൻ ഉല മൂടി പോര.'
    ഞാൻ നേരത്തെ പറഞ്ഞല്ലോ ഊര് എന്നാൽ നാട്.നാടിന്റെ വാ മൂടി വയ്ക്കാൻ ഉലയുടെ മൂടി മതിയാവില്ല എന്നാണ് ചൊല്ല്. 
ഉല എന്നാൽ കൊല്ലന്റെ പണി ശാലയിൽ എപ്പോഴും തീ ആളി കത്തിക്കൊണ്ടിരിക്കുന്ന ഒരു ഭാഗം. ഈ തീയിൽ ഇരുമ്പ് വച്ച് പഴുപ്പിച്ചു അടിച്ചു പരത്തിയാണ് ആയുധങ്ങളും തൂമ്പാ, മമ്മട്ടി, മുതലായ കൃഷി ഉപകരണങ്ങളും ഉണ്ടാക്കുന്നത്. ആവശ്യം ഇല്ലാത്തപ്പോൾ ഈ ഉല മൂടി വയ്ക്കും.നാട്ടിൽ പരക്കുന്ന ദുർ ഭാഷണങ്ങൾ ഒരു വായിൽ നിന്നും അടുത്ത ആളിലേക്കും അവന്റ വായിൽ നിന്നും അടുത്തവന്റ അങ്ങനെ കാട്ടുതീ പോലെ പടരും. ഉലയിലെ തീ മൂടി വയ്ക്കാൻ അതിന്റെ പാകത്തിൽ ഒരു മൂടി യുണ്ട്. എന്നാൽ പരക്കുന്ന ദുഷ് കീർത്തിയാകുന്ന തീ മൂടി വയ്ക്കാൻ തക്ക ഒരു മൂടിയും ഇല്ല.അതു കൊണ്ട് നാം നമ്മുടെ സ്വന്തം വായാണ് മൂടേണ്ടത്. ആവശ്യമില്ലാത്ത കാര്യങ്ങൾ ചർച്ചാവിഷയമാക്കി നാട്ടിൽ പാട്ടാക്കരുതെന്നർത്ഥം.
11.' ഊന്നാൻ കൊടുത്ത വടി കൊണ്ട് ഉച്ചി പിളർക്കുക.'
      നടക്കാൻ ബുദ്ധിമുട്ടുള്ള ഒരാൾക്ക്,അനുകമ്പ തോന്നി മറ്റൊരാൾ ഊന്നി നടക്കാൻ ഒരു വടി കൊടുത്തെന്നു വിചാരിക്കുക
ആ വടി കൊണ്ടു തന്നെ അതു കൊടുത്ത ആളെ മർദ്ദിച്ചാലോ? അതും തല പിളർക്കുന്ന വിധം. ആ പ്രവർത്തിയാണ് നന്ദികേടും നെറികേടും. സഹായിക്കുന്ന ആളെ തിരിച്ചു സഹായിക്കുക
 ഇല്ലെങ്കിലും ഇതുപോലുള്ള നന്ദികേട് കാട്ടാതിരിക്കുക.
12.'ഊമരിൽ കൊഞ്ഞൻ സർവ്വജ്ഞൻ.'
      സംസാരശേഷിയില്ലാത്തവരെ 
ഊമ എന്നാണ് പറയാറ്. എന്നാൽ ഊമരിൽ കൊഞ്ഞയുള്ളവർ ഉണ്ട് 
അവർക്ക് ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു അവരുടെ ഉള്ളിലുള്ള ആശയം വ്യക്തമാക്കാൻ പറ്റും. ഒരു ഊമയെ സംബന്ധിച്ചു കൊഞ്ഞൻ
കേമനാണ്. അതാണ് ഊമരിൽ കൊഞ്ഞൻ സർവ്വജ്ഞൻ എന്ന ചൊല്ലിന് അടിസ്ഥാനം.