പഴഞ്ചൊല്ലുകൾ തുടരുന്നു 'എ '
Mary Alex ( മണിയ )
1.'എരിതീയിൽ എണ്ണ ഒഴിക്കരുത്.'
എരിയുന്ന തീയിലേക്ക് എണ്ണ ഒഴിച്ചാൽ അത് ആളിക്കത്തും. അതുപോലെയാണ് എന്തെങ്കിലും ഗൗരവമായ ഒരു കാര്യം കൊണ്ട് വിഷമിച്ചിരിക്കുന്നവരുടെ മനസ്സിലേക്ക് അതിന്റെ ഭവിഷ്യ ത്തുകളെക്കുറിച്ച് പറഞ്ഞ് കൂടുതൽ വിഷമിപ്പിക്കുന്നത്.ഈ
രീതി പലർക്കും ഉണ്ട്. അത് അഭിലഷണീയമല്ല.എന്തെങ്കിലും പറഞ്ഞ് അവരെ സ്വാന്തനിപ്പിക്കു കയാണ് വേണ്ടതും നമ്മൾ ചെയ്യേണ്ടതും.
2.'എഴുതാപ്പുറം വായിക്കരുത്.'
പലർക്കും ഒരു ദുശീലമുണ്ട്. പലതും ഊഹിച്ചു പറയുക.ഈ ശീലമാണ് എഴുതാപ്പുറം വായിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അങ്ങനെ ഊഹിച്ചു പറയുന്നതു കൊണ്ടു ണ്ടാകുന്ന അനന്തരഫലം അവർ അറിയുന്നില്ല ഊഹിക്കുന്നുമില്ല. മറ്റുള്ളവർക്ക് ദോഷമുണ്ടാകുന്ന ഒന്നും നാം ഊഹിച്ചു പറഞ്ഞു പരത്തരുത്. എന്തിനു ദോഷത്തിന്റെ കാര്യം പറയണം. ഒരു സംഗതിയും ഊഹിച്ചുണ്ടാക്കി യോ മനസ്സിൽ തോന്നുന്ന പോലെയോ ചിത്രീകരിക്കരുത്. അതു പല അനർത്ഥങ്ങൾക്കും വഴി തെളിക്കും.
3.'എക്കണത്തെ പദവി ചാക്കാലയിലെ പൊറുതി '
മട്ടും ഭാവവും കണ്ടാൽ ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ആളെന്നു തോന്നും. പക്ഷെ താമസസ്ഥലം അന്വേഷിച്ചു ചെന്നാലോ വെറും ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ . ഇതു പലരിലും കാണുന്ന ഒരു രീതിയാണ്. വേഷവും നടപ്പും അങ്ങു ഉയരത്തിൽ നിൽക്കുന്ന ഒരാളെന്നു തോന്നിപ്പിച്ചുള്ള ജീവിതം. വീട്ടിൽ അറുപട്ടിണിയും. വേഷവും ഭാവവും കണ്ട് ഒരാളെ അളക്കരുത് എന്നു സാരം.ഇതിനു ചേരുന്ന മറ്റ് ചൊല്ലുകൾ കൂടിയുണ്ട്.
'എടുക്കുന്നത് പിച്ച, ഏറുന്നത് പല്ലക്ക് ' പിച്ചയെടുത്തു നടന്നാലും മഹാരാജാവിന്റെ രീതിയിലുള്ള നടപ്പ്.
'എടുക്കുന്നത് വരടിച്ചുമട്,
നടക്കാൻ തങ്കമെതിയടി ' ജോലി ചുമടെടുപ്പ്.അതും ഉണക്കച്ചാ
ണകം. എന്നാൽ ധരിക്കുന്നതോ സ്വർണത്തിന്റെ ചെരുപ്പ്.
4.'എടു കുടുക്കെ ചോറും കറീം '
ഇത് ഞങ്ങളുടെ ചെറു പ്രായത്തിൽ സ്വന്തം വീട്ടിൽ സ്ഥിരം കേട്ടിരുന്ന ഒരു പല്ലവി യാണ്. ഞങ്ങളുടെ വീടും പഠിക്കുന്ന സ്കൂളുമായി ഒട്ടും അകലമില്ല. ഒന്നു കൂടി വിശദമാ ക്കിയാൽ ഞങ്ങളുടെ പടിയിൽ നിന്നും കാലെടുത്തു വച്ചാൽ സ്കൂളിന്റെ കോമ്പൗണ്ട്. മണി അടിക്കുമ്പോൾ ഓടിക്കേറാം. ഉച്ചയ്ക്ക് ബെല്ലടിച്ചു വീട്ടിലെത്തുമ്പോൾ ചോറ് അല്ലെങ്കിൽ കറി,എന്തെങ്കിലും ഒന്നു മാത്രമായിരിക്കും റെഡിയാ യി ഉണ്ടാവുക.കാരണം അമ്മ പറമ്പിൽ പണിക്കാരുടെ കൂടെ അവർക്ക് നിർദ്ദേശം കൊടുത്ത് , ആഹാരം കുടിക്കാൻ ഇവയൊക്കെ ഇടയ്ക്കിടയ്ക്ക്
കൊടുത്തു നടക്കുന്നതിനിടയി
ലാണ് ചോറും കൂട്ടാനും വയ്ക്കേണ്ടത്.അപ്പച്ചൻ (പപ്പാ ) അക്കാലത്ത് എസ്റ്റേറ്റിൽ ആണ്. ഊണിനു ബഹളം വയ്ക്കുന്ന ഞങ്ങളോട് അമ്മ പറയുന്ന വാക്കുകളാണിത്. ഇവിടെ കുടുക്കയൊന്നുമിരുപ്പില്ല എടു കുടുക്കെ ചോറും കറീം എന്നു പറയാൻ. അതുപോലെ ഒരോ ആവശ്യങ്ങൾക്ക് പണം ആവശ്യപ്പെട്ടാലും ഇതു തന്നെ കേൾക്കാം .മാസാമാസം അപ്പച്ചൻ അയക്കുന്ന പൈസ കൊണ്ടു വേണം കാര്യം കഴിയാൻ. സംക്ഷിപ്തസാരം ഇത്ര മാത്രം, അധ്വാനിച്ചുണ്ടാക്കിയാലേ എന്തും നേടാൻ കഴിയൂ.മാന്ത്രികക്കുടുക്ക കഥപ്പുസ്തകത്തിൽ ഒതുങ്ങുന്ന വെറും കാല്പനിക വസ്തു ആണ്. അത് മനസ്സിൽ കണ്ടാൽ ഒന്നും നേടാനാകില്ല.
5.'എടുത്തു നടന്നവരെ മറക്കരുത്'
നമ്മെ സഹായിച്ചവരെ നമ്മൾ മറക്കരുത് എന്നർത്ഥം. നമ്മെ എടുത്തു നടന്നവർ ആരാണ് ? മാതാപിതാക്കൾ, അവരുടെ സഹോദരങ്ങൾ സ്വന്തം മുതിർന്ന സഹോദരങ്ങൾ,അയൽക്കാർ വീട്ടു ജോലിക്കാർ അങ്ങനെ നോക്കുമ്പോൾ നമ്മുടെ വേണ്ട പ്പെട്ടവർ മാത്രമല്ല പലരും അതിൽ പ്പെടും. അങ്ങനെയുള്ളവരെ സ്നേഹിക്കേണ്ടതും അവരുടെ ആവശ്യസമയങ്ങളിൽ സഹായിക്കേണ്ടതും നമ്മുടെ കടമയാണ്.
'എടുത്തു നടക്കുന്നവരുടെ
മുഖത്തടിക്കരുത് 'എന്നും ഒരു മറു മൊഴിയുണ്ട് ഈ ചൊല്ലിന്.
6.'എടുത്തെറിഞ്ഞാൽ പൂച്ച നാലു
കാലേൽ.'
പൂച്ചയുടെ ശരീരത്തിനു ഒരു പ്രത്യേകതയുണ്ട്.അതു നന്നായി വഴങ്ങും.അതുകൊണ്ടാണ് അത് എങ്ങനെ വീണാലും എഴുന്നേറ്റ് നാലു കാലിൽ നിൽക്കുന്നത്. ചില മനുഷ്യർ അങ്ങനെയാണ്. എത്ര വിഷമം പിടിച്ച സംഗതികൾ ഉള്ളിൽ ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ നല്ല തന്റേടത്തോടെ എല്ലാറ്റിനേം നേരിടും. അങ്ങനെയുള്ളവർക്ക്
ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ നിഷ്പ്രയാസം അതിജീവിക്കാൻ പറ്റും.എത്ര വീഴ്ച വന്നാലും അവർ അതിൽ നിന്നെല്ലാം കര കയറി പഴയപടി ഊർജ്ജസ്വലരാകും.
7.'എന്റെ ആനക്കാര്യത്തിനേടേലാ അവന്റയൊരു ചേനക്കാര്യം.'
ആന വലുപ്പമുള്ള ഒരു മൃഗമാണ് .ഇവിടെ മൃഗത്തിന്റെ കാര്യമല്ല സുചിപ്പിക്കുന്നത്. വലുപ്പത്തിന്റെ കാര്യമാണ്.
ഒരാൾ ഒരു ഗൗരവമായ കാര്യം പറയുന്നതിനിടയിൽ മറ്റൊരാൾ നിസ്സാരമായ വേറൊരു കാര്യം പറഞ്ഞുകൊണ്ടു ചെല്ലുന്നതിനെ
ഇങ്ങനെയുള്ള ചൊല്ലുകൊണ്ട് സുചിപ്പിക്കാറുണ്ട്. മാത്രമല്ല ചേന എന്ന വസ്തു തൊട്ടാൽ ചൊറിയുന്നതുമാണ്. ഇടയ്ക്ക് കയറി ചൊറിയാൻ വരരുത് എന്നും അർത്ഥമാക്കാം.
8.'എടുത്തിടത്തു വയ്ക്കാത്തോ നെപ്പോഴും തപ്പ്.'
വളരെ അർത്ഥവത്തായ ഒരു ചൊല്ലാണിത്. അടുക്കും ചിട്ടയും ഇല്ലാത്തോൻ എന്നർത്ഥമാക്കാം.
എന്തു സാധനം എടുത്താലും തിരിയെ എടുത്തിടത്തു വച്ചാൽ ഒന്നും അന്വേഷിച്ചു നടക്കേണ്ടി വരില്ല.അല്ലാത്തവർ എപ്പോഴും സാധനങ്ങൾ അന്വേഷിച്ചു സമയം കളയും. ചിലപ്പോൾ ഉദ്ദേശിച്ച സാധനം കിട്ടാതെ വരുമ്പോൾ ഓടിപ്പോയി വാങ്ങേണ്ടി വരുന്ന അവസ്ഥയോ ചെയ്യാനുദ്ദേശിച്ച ജോലി തന്നെ മാറ്റിവയ്ക്കേണ്ടി വരുകയോ ചെയ്യും.അടുക്കും ചിട്ടയും ഒരാളുടെ ജീവിതത്തിനു അത്യാവശ്യം വേണ്ട ഒരു ഗുണമാണ്.അതു നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാ ക്കാൻ നാം പരിശീലിക്കണം.
9.'എലി പുന്നെല്ല് കണ്ടപോലെ '
എലിക്ക് നെല്ല് വലിയ ഇഷ്ടമാണ്. പുതിയ നെല്ലെങ്കിൽ പ്രത്യേകിച്ചും. പുന്നെല്ല് നല്ല മാർ ദ്ദവവും രുചിയുള്ളതും ആണ്. അതുകൊണ്ട് എലിക്ക് പുതിയ നെല്ല് കിട്ടുമ്പോൾ ആഹ്ലാദമാണ്. എലി നെല്ലോ മറ്റെന്തെങ്കിലും സാധനമോ തൊലി കളഞ്ഞു തിന്നുന്നത് കാണാൻ നല്ല രസമാണ്.മനുഷ്യരുടെ കാര്യത്തിൽ ഈ ചൊല്ല് അർത്ഥമാക്കുന്നത് എന്തെങ്കിലും ഇഷ്ടമുള്ളത് മുന്നിൽ കിട്ടുമ്പോൾ ഒരു പ്രത്യേക ആഹ്ലാദം മനസ്സിലും അതിന്റെ പ്രതിഫലനം മുഖത്തും ഉണ്ടാവുകഎന്നതാണ്.സ്ത്രീകളാണെങ്കിൽ ഇഷ്ടപ്പെട്ട ആടയാഭര ണങ്ങൾ, പാത്രങ്ങൾ അടുക്കള ഉപകരണങ്ങൾ, എന്നിങ്ങനെ. പുരുഷന്മാരുടെ കാര്യമാണെങ്കിൽ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ,(വായനാശീലമുള്ളവർ, ഇതു രണ്ടു വിഭാഗത്തിലും ഉണ്ടാവും) (കുടിക്കുന്നവരാണെങ്കിൽ) മദ്യം അതും ഇഷ്ടപ്പെട്ട ബ്രാൻഡ്.
10.'എറിഞ്ഞ കല്ലും പറഞ്ഞ വാക്കും പറിഞ്ഞ പല്ലും '
മേൽ പറഞ്ഞ മൂന്നും തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. എറിഞ്ഞ കല്ല് എവിടെപ്പോയി വീണെന്നോ ഏതു കല്ലാണെന്നു കണ്ടു പിടിച്ച് തിരിച്ചെടുത്തു കൊണ്ടു വരാനോ ആരും മിനക്കെടുകയില്ല.അതുപോലെഅല്ല പറഞ്ഞ വാക്ക്. ആലോചനയില്ലാതെ എന്തെങ്കിലും പറഞ്ഞു പോയാൽ ആ വാക്ക് തിരിച്ചെടുക്കാൻ
ബുദ്ധിമുട്ടാണ്.മാത്രമല്ല അതു മറ്റുള്ളവരെ വേദനിപ്പിച്ചെന്നും വരും.പറിഞ്ഞു വീഴുന്ന പല്ല് നമുക്ക് ഒരിക്കലും തിരിച്ച് മോണ യിൽ ചേർത്തു വയ്ക്കാൻ പറ്റില്ല. എന്തു പ്രവർത്തി ചെയ്താലും
വളരെ ആലോചിച്ചേ ചെയ്യാവു.
പ്രത്യേകിച്ച് പറയുന്ന വാക്കുകൾ അവസരോചിതമായിരിക്കണം. ആരെയും വേദനിപ്പിക്കാതെയും വെറുപ്പിക്കാതെയും തമ്മിൽ തമ്മിൽ പിണക്കാതെയും ഇരിക്കുന്ന വിധത്തിൽ ആയിരിക്കണം എന്നു സാരം.
11.'എണ്ണ കാണുമ്പോൾ പുണ്ണ് കടിക്കും '
ഇതൊരു സാധാരണ കേൾക്കുന്ന പഴഞ്ചൊല്ലാണ്. പുണ്ണ് എന്നാൽ ശരീരത്തിലെ വൃണം. വൃണത്തിൽ ഏതെങ്കിലും എണ്ണ പുരട്ടിക്കൊടുത്താൽ അതിന്റെ ചൊറിച്ചിലിനും വേദനയ്ക്കും കുറച്ചു ശമനം കിട്ടും.ഇവിടെ എണ്ണ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് മറ്റു പലതും ആണ്. പണമാകാം,
പാത്രങ്ങളാകാം,വാഹനങ്ങളാകാം,വസ്ത്രങ്ങളാകാം ആഭരണങ്ങളാകാം,അങ്ങനെ ലോകത്തിൽ എന്തു സാധനവും
അയൽക്കാരുടെ കയ്യിലോ സ്വന്തപ്പെട്ടവരുടെ കയ്യിലോ കണ്ടാൽ, അതു ആഗ്രഹിക്കുന്ന, സ്വന്തം ഉപയോഗത്തിന് ചോദിച്ചു വാങ്ങുന്ന ഒരു പ്രകൃതം ചില മനുഷ്യരുടെ ഇടയിൽ ഉണ്ട്.ആ ആഗ്രഹത്തെ ആണ് 'എണ്ണ കാണുമ്പോൾ പുണ്ണ് കടിക്കുക' എന്ന ചൊല്ലു കൊണ്ട് അർത്ഥമാക്കുന്നത്.
12.'എടുക്കാത്ത കാശ് ഭണ്ഡാര ത്തിലേക്ക് '
ഭണ്ഡാരം എന്നാൽ കാണിക്കവഞ്ചി. ഭണ്ഡാരങ്ങൾ
ഇപ്പോൾ ആരാധനാലയങ്ങളിൽ
മാത്രമല്ല ഉള്ളത്. പൊതുജനം കടന്നു ചെല്ലുന്ന ഏതു സ്ഥലത്തും ഭണ്ഡാരങ്ങൾ വച്ചിട്ടുള്ളതായി കാണാം. സാധുജനസേവനം മുൻ നിർത്തി ഹോട്ടലുകളിൽ,വലിയ വലിയ സ്ഥാപനങ്ങളിൽ,വസ്ത്ര ശാലകളിൽ,ഓഫീസുകളിൽ,അങ്ങനെ എവിടെയും. കയ്യിലുള്ള
എടുക്കാത്ത കാശ് കൈവശം വച്ചുകൊണ്ടിരുന്നിട്ട് നമുക്ക് ഒരു പ്രയോജനവുമില്ല.ചിലർ ആ കാശ് ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കും. മറ്റുള്ളവരെ കാണിക്കാനായി. അവർ അറിയുന്നില്ലല്ലോ ആ കാശ് എടുക്കാത്തതാണെന്ന്. സ്വയം ഡംഭ് കാട്ടാനുള്ള ഉപാധി. താൻ വലിയ ദാനധർമ്മിയാണ്, അല്ലെങ്കിൽ ഭക്തനാണ് എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ.
നാമിന്നു കാണുന്നവരിൽ പലരും ഈവിധ ചിന്താഗതിയുള്ളവർ ആണ്.ഈ ചിന്താഗതി ഒരിക്കലും നന്നല്ല.ഒന്നും കൊടുത്തില്ലെങ്കിലും
ഈ വിധത്തിൽ ചെയ്യുന്നത് തികച്ചും മ്ലേശ്ചവും നിന്ദ്യവും ആണ്..നമുക്ക് ഉപയോഗിക്കാൻ പറ്റാത്തത് മറ്റുള്ളവർക്കും ഉപയോഗമില്ലാത്തതാണെന്നു മനസ്സിലാക്കണം.
19 - 8 - 24