ശബരിമല ദര്‍ശനം; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്നു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്ടര്‍ തള്ളി മാറ്റുകയായിരുന്നു. രാഷ്ട്രപതിയുടെ വരവിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്.
രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ നിലയ്ക്കലില്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അത് പിന്നീട് പ്രമാടത്തേയ്ക്ക് മാറ്റുകയായിരുന്നു. ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ എത്തി വിശ്രമിക്കും. രാത്രിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ രാഷ്ട്ര്പതി പങ്കെടുക്കും.