എന്റെ നാടിന്റെ നന്മകൾ (ലേഖനം)

എന്റെ നാടിന്റെ നന്മകൾ   (ലേഖനം)
എം.തങ്കച്ചൻ ജോസഫ്
റണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ അതിസുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് എന്റെ നാടായ അയ്യംപുഴ. മലയോര പ്രദേശങ്ങളാലും കാനനഛായകളാലും പകുതിയിലേറെ ചുറ്റപ്പെട്ട് കിടക്കുന്നു എന്റെയീ ഗ്രാമം. ഹരിതകം പുതച്ച ഈസുന്ദരി, ഞങ്ങൾക്ക് കണ്ണുകൾക്കും മനസ്സിനും എന്നും കുളിർമ്മ പകരുന്നു. 
ആരെയും വശ്യമായി അടുപ്പിക്കുന്ന നയനാമൃദ "അതിരപ്പിള്ളി'വെള്ളച്ചാട്ടവും ഇവിടെയടുത്താണ്.  സ്നേഹ വിപ്ലവത്തിലൂടെ ലോകമനസ് കീഴടക്കിയ യേശുദേവന്റെ അരുമ ശിക്ഷ്യൻ വി.തോമാശ്ലീഹായുടെ കാൽപാടുകൾ പതിഞ്ഞ പൊന്മലയും ഇവിടെയടുത്തു തന്നെ സ്ഥിതി ചെയ്യുന്നു.
 പ്രകൃതി സൗന്ദര്യം നിറഞ്ഞ എന്റെ ഗ്രാമത്തെക്കുറിച്ചു പറയാനും ഏറെ സവിശേഷതകളുണ്ട്.
അവയിൽ ഏറെ പ്രധാനം, ഭൂരിഭാഗം കർഷകരും തൊഴിലാളികളുമായ ഇവിടെത്തെ നിവാസികളായവരുടെ നിഷ്ക്കളങ്കതകളും ഗ്രാമീണ നന്മകളും തന്നെ. ഈ ഗ്രാമത്തിലെ തന്നെ ഒരു കൊച്ചു പ്രദേശമായ കൊല്ലക്കോട്ടിലാണ് എന്റെ താമസം.കഠിനമായ ജീവിത സാഹചര്യങ്ങളോടും വന്യമൃഗങ്ങളോടും മല്ലിട്ട് കഠിനാധ്വാനങ്ങളിലൂടെ ജീവിതവിജയം വരിച്ച കഥകളാണ് ഇവിടെത്തെ ഓരോരുത്തർക്കും ഉള്ളത്.
കൊല്ലക്കോട്  എന്ന ഈ കൊച്ചു പ്രാദേശത്തെ മത മൈത്രി വളരെ പ്രസിദ്ധമാണ് എന്നു തന്നെ പറയാം.ഉണ്ണിമിശിഹായുടെ നാമത്തിലുള്ള ഇടവകപള്ളിയുടെ തിരുനാളും, അതുപോലെ ഇവിടെത്തെ ജങ്ഷനിൽ ആണ്ടുതോറും നടത്തുന്ന അയ്യപ്പന്റെ ദേശവിളക്ക്മഹോത്സവും ഇവിടെത്തെ മത മൈത്രിയുടെ അടയാളങ്ങളായി എടുത്തു പറയാം. കാരണം ഇടവക തിരുനാൾ ആയാലും, ദേശവിളക്ക് മഹോത്സവം ആയാലും ഇവിടെ മത വിഭാഗങ്ങളുടെ  വേർതിരിവില്ലാതെ,  ഒരു നാടിന്റെ വിശേഷമായി,ഉത്സവമായി ഓരോ നാട്ടുകാരനും സജീവമായി കൊണ്ടാടുന്നു എന്നുള്ളതാണ്. തിരുനാളിന്റെയും ഉത്സവത്തിന്റെയും സാമ്പത്തികവും,മനുഷ്യപ്രയത്നത്തിന്റെയും കാര്യങ്ങളിലും വേർതിരിവില്ലാതെ എല്ലാവരും പങ്കു കൊള്ളുന്നു.
മറ്റൊരു പ്രത്യേകത, ഈ തിരുന്നാൾ ആഘോഷങ്ങളിലും,ദേശവിളക്ക് മഹോത്സവങ്ങളിലും ഇവിടെത്തെ പൊതുഗതാഗതം ഒരു നിമിഷം പോലും തടസപ്പെടുത്തുന്നില്ല എന്നതാണ്. അഥവാ ഈ ആഘോഷങ്ങൾ ഒരു സൈക്കിൾയാത്രക്കാരന് പോലും തടസമാകുന്നില്ല എന്നത് തന്നെ. നമുക്കറിയാം പൊതുഗതാഗതത്തിൽ പലവിധ യാത്രക്കാരുള്ളതും, പലപ്പോഴും സന്ധ്യാസമയങ്ങളിൽ  ബസ് അല്പം വൈകിയാൽ, ഏതെങ്കിലും തടസം നേരിട്ടാൽ പ്രത്യേകിച്ചും സ്ത്രീകളുടെയും അവരെ കാത്ത് വീടുകളിൽ കഴിയുന്നവരുടെയും ആശങ്കകളും വിഷ്‌മതകളും എത്രമാത്രമെന്ന്. 
എമർജൻസിയായി ഹോസ്പിറ്റലുകളിൽ കൊണ്ടു പോകേണ്ടി വരുന്നവരെയും ഇത്തരം ആഘോഷവേളകളിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. ആഘോഷങ്ങൾ കൊണ്ടുള്ള യാത്രാതടസങ്ങൾ പുറമെ മറ്റു പ്രദേശങ്ങളിൽ നമ്മൾ ഇപ്പോഴും നേരിടുന്ന ഒരു വലിയ പ്രശനം തന്നെയാണ്. എന്നാൽ ഉത്സവാഘോഷങ്ങൾ കൊണ്ട് ഒരു യാത്രാക്കാരനും ഒരു തടസവും ഉണ്ടാകരുത് എന്ന് ഇവിടെത്തെ  ഏതൊരു ആഘോഷക്കമ്മറ്റിയും തീരുമാനം എടുക്കാറുണ്ട്.
അതുപോലെ ഇവിടെത്തെ ഏതെങ്കിലും ഒരു വ്യക്തിക്കുണ്ടാകുന്ന കഷ്ടതകളും ബുദ്ധിമുട്ട്കളും അത് ഞങ്ങളുടെയീ കൊച്ചു നാട് നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്. കൊച്ചു കടത്തിണ്ണകളിലും കവലയിലുംസായാഹ്‌ന വേളകളിൽ ഒരു ചെറുതിന്റെ വീര്യത്തിൽ അല്പം രാഷ്ട്രീയം പറഞ്ഞു വാക്ക്പോര് നടത്തിയാലും പിറ്റേന്ന് രാവിലെ അവർപരസ്പരം തോളിൽ കൈയിട്ടുകൊണ്ടു ജോലിക്ക് പോകുന്ന തൊഴിലാളികൾ പലപ്പോഴും എന്നെയും വിസ്മയിപ്പിച്ചിട്ടുണ്ട്. അതായത് രാഷ്ട്രീയ വേർതിരിവുകൾ ഇവിടെ തിരഞ്ഞെടുപ്പ് കാലത്തുമാത്രം. അതു കഴിഞ്ഞാൽ പിന്നീടുള്ളത് നാടിന്റെ പൊതുവായ രാഷ്ട്രീയവും സാമൂഹികവും ചർച്ച ചെയ്യുന്നതും,,പദ്ധതികൾ വിഭാവന ചെയ്യുന്നതുമായ ഒരു പൊതുസമൂഹത്തെയാണ് ഇവിടെ കാണുവാൻ കഴിയുക.
ഇന്ന് ഈ ആധൂനികയുഗത്തിലും മനുഷ്യനെ സാമൂഹികമായും മതപരവുമായി വേർതിരിച്ചു കാണുന്ന വെറുപ്പിന്റെ സമകാലികങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴും നിഷ്ക്കളങ്കമായ ഇത്തരം ഗ്രാമീണ നന്മകൾ കാത്ത് സൂക്ഷിക്കുവാൻ നാം പ്രതിജ്ഞാബദ്ധരായിരിക്കേണ്ടതുണ്ട്.
 ഒരു ഗ്രാമീണ ജനതയാണെങ്കിലും നവീന ആശയങ്ങളോടെ,പരിഷ്‌കൃത കാഴ്ച്ചപ്പാട്കളുടെ സമഭാവന പുലർത്തുന്ന എന്റെ നാടിനെക്കുറിച്ച് ഞാൻ അഭിമാനം കൊള്ളുന്നു.