ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെത്തി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധനയിൽ സ്വർണവും പണവും കണ്ടെത്തി. ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വർണമാണ് കണ്ടെത്തിയത്.
എന്നാൽ സ്വർണാഭരണങ്ങൾ തങ്ങൾ ഉപയോഗിക്കുന്നതാണെന്നാണ് കുടുംബത്തിന്‍റെ വാദം. കൂടാതെ ഭൂമിയിടപാടുകളുടെ രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയതായിരിക്കാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം 8 മണിക്കൂറോളമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കാരേറ്റുള്ള കുടുംബ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. പോറ്റിയെ അന്വേഷണ സംഘം ബംഗളൂരുവിലെത്തിച്ച് തെളിവെടുക്കും.