പൂക്കളമിട്ട് 50,000 രൂപ നേടാം; കൊച്ചി വാട്ടർ മെട്രോയുടെ പൂക്കള മത്സരം സെപ്റ്റംബർ 12 ന്

Sep 2, 2025 - 14:38
 0  11
പൂക്കളമിട്ട് 50,000 രൂപ നേടാം; കൊച്ചി വാട്ടർ മെട്രോയുടെ  പൂക്കള മത്സരം സെപ്റ്റംബർ 12 ന്

എറണാകുളം: ഓണാഘോഷത്തിൻ്റെ ഭാഗമായി കൊച്ചി വാട്ടർ മെട്രോ 'ഒരു പാരമ്പര്യ യാത്ര, ഐക്യത്തിൻ്റെ പൂക്കളം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ വാട്ടർ മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 25,000 രൂപയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 15,000 രൂപയും സമ്മാനമായി ലഭിക്കും.

ഇതുകൂടാതെ 5000 രൂപ വീതം രണ്ട് ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകും. സെപ്റ്റംബർ 12ന് രാവിലെ എട്ട് മണി മുതൽ വാട്ടർ മെട്രോ വൈറ്റില ഹബ്ബിൽവച്ചാണ് മത്സരം നടക്കുക. നാലുപേരടങ്ങുന്ന സംഘത്തിന് മത്സരത്തിൽ പങ്കെടുക്കാമെന്ന് വാട്ടർ മെട്രോ അധികൃതർ അറിയിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 10ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൊച്ചി വാട്ടർ മെട്രോ വെബ്സൈറ്റിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി 9447744400, 9447014659 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.