പിറവി; കവിത, ടോബി തലയല്‍

Mar 21, 2021 - 13:32
Mar 17, 2023 - 08:23
 0  353
പിറവി; കവിത, ടോബി തലയല്‍

രു പകലുപിറക്കുമ്പോള്‍ ആദ്യം
സൂര്യന്റെ തലയാവും
പനിനീര്‍മൊട്ടായി വിരിഞ്ഞുവരുന്നത്‌
സൂതികര്‍മിണിയായ കാറ്റ്‌
ഉറയ്‌ക്കാത്ത കാലുകളുമായി
എന്തിനോ ധൃതിപ്പെടുന്നുണ്ടാവും
തീപിടിച്ച കാടിനുള്ളില്‍ നിന്ന്‌
മൃഗങ്ങളുടെ മുരള്‍ച്ച
ആകാശത്തെ മുറിവേല്‌പ്പിക്കും
കിളികളുടെ കരച്ചില്‍
മലയിടുക്കുകളിലൂടെ ആളിപ്പടരും
അണമുറിഞ്ഞൊരു നദി
സമതലങ്ങളുടെ കാല്‍വിരലുകള്‍ നനച്ച്‌
പുളഞ്ഞൊഴുകും
നോവുകളുടെ പനമുടിക്കെട്ടഴിഞ്ഞ്‌
കൈവളകളുടഞ്ഞ്‌ ചിതറി
കുങ്കുമക്കുറി വിയര്‍പ്പില്‍ കുതിര്‍ന്നൊലിച്ച്‌
ഒരു ചിരി പിറവികൊള്ളും!
പ്രകാശിക്കുന്ന കണ്ണുകള്‍

പകല്‍ പതിയെ തുറക്കുന്നതിനിടയില്‍
മരങ്ങളില്‍ നിന്ന്‌ ഇരുട്ട്‌
പറന്നുപോയിട്ടുണ്ടാവും
ഉത്സാഹത്താല്‍ ഇലകളാകെ
ഇളകിത്തുള്ളുന്നുണ്ടാവും
വെള്ളപ്പൂക്കളിറുക്കാന്‍
മേഘക്കൂടകളുമായി
ചിരിതൂകി വെളിച്ചം
മലയിറങ്ങി വരുന്നുണ്ടാവും