ബിജെപി ഇതര സർക്കാരുകളെ വേട്ടയാടാനുള്ള കുതന്ത്രം, ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ഉയരണം; മുഖ്യമന്ത്രി

Aug 21, 2025 - 15:56
 0  29
ബിജെപി ഇതര സർക്കാരുകളെ വേട്ടയാടാനുള്ള കുതന്ത്രം, ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ഉയരണം; മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ ഭേദഗതി ബിൽ ബിജെപി ഇതര സർക്കാരുകളെ വേട്ടയാടാനുള്ള കുതന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ബില്ലിനെതിരെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചു.

ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു. അതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മാത്രമേ ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട 130-ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാന്‍ കഴിയൂ. അഴിമതിക്കേസില്‍ അറസ്റ്റിലായവര്‍ പാര്‍ട്ടി മാറി ബിജെപിയിലെത്തിയാല്‍ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏത് ഭരണഘടനാ ധാര്‍മികതയുടെ പേരിലാണെന്ന് കൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകള്‍ വഹിക്കുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ദീര്‍ഘകാലം ജയിലില്‍ അടച്ചിരുന്നു. അവര്‍ രാജിവെയ്ക്കാതിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിന് പിന്നില്‍.