അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവ ലോകം; ഇന്ന് പെസഹ വ്യാഴം
ഇടുക്കി: ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും ഓർമകൾ നിറയുന്ന വിശുദ്ധ വാരാചരണത്തിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കുന്നു. യേശുക്രിസ്തുവിൻ്റെ അന്ത്യത്താഴത്തിൻ്റെ സ്മരണ പുതുക്കുന്ന ദിനമാണിത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളിൽ വലിയ ഭക്തിയോടെയാണ് ഈ ദിനം ആചരിക്കുന്നത്. വലിയ നോമ്പിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായ പെസഹയോടുകൂടി വിശുദ്ധ വാരാചരണം കൂടുതൽ ഭക്തി തീവ്രമാകും.
യേശു വിശുദ്ധ കുർബാന സ്ഥാപിച്ചതിൻ്റെയും എളിമയുടെ മാതൃക നൽകി തൻ്റെ 12 ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിൻ്റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിൻ്റെയും ഓർമയാണ് ഈ ദിനം നൽകുന്നത്. ഇതിൻ്റെ മാതൃക പിന്തുടർന്ന് എല്ലാ ദേവാലയങ്ങളിലും കാൽകഴുകൽ ശുശ്രൂഷ നടന്നു.
അപ്പവും വീഞ്ഞും യേശുവിൻ്റെ ശരീരവും രക്തവുമായി നൽകുന്ന ചടങ്ങിന് തുടക്കമായത് പെസഹ തിരുനാൾ ദിനത്തിലാണ്. ദേവാലയങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയുടെ ആരംഭമായും പെസഹയെ കണക്കാക്കുന്നു. സ്നേഹത്തിൻ്റെയും എളിമയുടെയും വലിയ സന്ദേശമാണ് ഈ ദിനം ലോകത്തിന് നൽകുന്നത്. സഹജീവികളെ സ്നേഹിക്കാനും സേവിക്കാനുമുള്ള ആഹ്വാനമാണ് കാൽകഴുകൽ ശുശ്രൂഷയിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്നത്.