പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി : ഇത്തവണ കത്തിക്കുക രണ്ട് പാപ്പാഞ്ഞിമാരെ
എറണാകുളം: പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ കേന്ദ്രമായ ഫോർട്ട് കൊച്ചിയിലേക്ക് വരുംദിവസങ്ങളിൽ പതിനായിരങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കാർണിവലും കൊച്ചി മുസിരിസ് ബിനാലെയും പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങുകളും സജീവമായിട്ടുണ്ട്.
സമീപ ദിവസങ്ങളിൽ തന്നെ വൻ ജനാവലിയാണ് ഫോർട്ട് കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അലങ്കാര വിളക്കുകളും നക്ഷത്രങ്ങളും ക്രിസ്‌മസ് ട്രീയുമൊക്കയായി ഏറെ മനോഹരമായി ഫോർട്ട് കൊച്ചിയും പരിസരവും അണിഞ്ഞൊരുങ്ങി. ഫോർട്ട് കൊച്ചി ബീച്ചിലും പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനിയിലും വെളി മൈതാനിയിലുമായാണ് ആഘോഷങ്ങൾ പ്രധാനമായും നടക്കുക.
വൈകുന്നേരത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രി 12ന് പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെയാണ് പാരമ്യത്തിലെത്തുക.
പോയ വർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിൻ്റെ പ്രതീകമായാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. പോർച്ചുഗീസ് അധീനതയിലായിരുന്ന കാലത്താണ് പാപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷം കൊച്ചിയില്‍ ആദ്യമായി തുടങ്ങിയത്.