ലോക്സഭയിലെ പ്രതിപക്ഷ ബഹളം; കേരളത്തില്‍ നിന്നുളള 6 പേരടക്കം 8 എംപിമാര്‍ക്ക് സസ്പെൻഷൻ

ലോക്സഭയിലെ പ്രതിപക്ഷ ബഹളം; കേരളത്തില്‍ നിന്നുളള 6 പേരടക്കം 8 എംപിമാര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ലോക്സഭയില്‍ നിന്ന് 8 എംപിമാരെ സസ്പെന്റ് ചെയ്തു. ഇതില്‍ 6 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, വികെ ശ്രീകണ്ഠൻ, ബെന്നി ബെഹനാൻ, കനിമൊഴി, ജോതി മണി എന്നിവര്‍ക്കാണ് സസ്‌പെൻഷൻ.ജ്യോതിമണിയും കനിമൊഴിയും തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാരാണ്.സഭയുടെ മാന്യതയ്ക്ക് വിരുദ്ധമായി അച്ചടക്കമില്ലാതെ പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പാര്‍ലമെന്റിലെ സുരക്ഷവീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് ഇന്ന് പ്രതിപക്ഷം സഭയില്‍ നടത്തിയത്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുസഭകളിലും പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സ്പീക്കര്‍ അംഗീകരിച്ചില്ല. ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തുവെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

അമിത്ഷാ മറുപടി പറയേണ്ടതില്ലന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച്‌ നിന്നതോടെ പ്രതിപക്ഷ പ്രതിഷേധം കനക്കുകയായിരുന്നു. ഇതോടെ എംപിമാര്‍ക്ക് സ്പീക്കര്‍ ആദ്യം താക്കീത് നല്‍കി. പിന്നാലെയാണ് അഞ്ച് പേരേയും സസ്പെന്റ് ചെയ്തതതായി അറിയിച്ചത്.

വിഷയത്തില്‍ രാവിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി ഡെറെക് ഒബ്രിയാനേയും രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി ഡെറിക് ഒബ്രിയാൻ പ്രതിഷേധിച്ചതാണ് രാജ്യസഭാ അധ്യക്ഷനെ ചൊടിപ്പിച്ചത്. അച്ചടക്കമില്ലാത്ത പെരുമാറ്റമെന്ന് കാണിച്ചാണ് ശീതകാല സമ്മേളനം കഴിയുന്നത് വരെ അദ്ദേഹത്തെ സസ്പെന്റ് ചെയ്തത്.

അതേസമയം പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ എട്ട്‌ സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാര്‍ഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എം പിമാരുടെ ഇടയിലേക്ക് ചാടിയത്.