മുംബൈ എക്സ്പ്രസ്സ്, നോവൽ – ഭാഗം 1 രചന : പ്രശാന്ത് പഴയിടം
ബോംബെ മാറി മുംബൈ ആയെങ്കിലും ഇന്നും ഈ മഹാനഗരത്തെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ബോംബെ തന്നെയാണ്. സൂര്യനസ്തമിക്കാത്ത നഗരമെന്ന് വിശേഷിപ്പിക്കാം. കാരണം ഇവിടെ പകലും രാത്രിയും ഒരുപോലെയാണ്. രാത്രിയെന്നോ പകലെന്നോ വേർതിരിവില്ലാതെ എപ്പോഴും തിരക്കുനിറഞ്ഞ നഗരം. വ്യാപാരങ്ങൾക്കും തൊഴിലിനുമായി ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ വന്നുപോകുന്നത്.
കേരളത്തിൽ നിന്ന് ഡൽഹി വരെ പോകുന്ന നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്ന് അശ്വിൻ എന്ന ചെറുപ്പക്കാരൻ മുംബൈയുടെ മണ്ണിൽ കാലെടുത്തു വച്ചു. കേട്ടറിവുകൾ മാത്രമുള്ള നഗരം. എന്നാൽ അവന്റെ കണ്ണുകളിൽ അത് പ്രതീക്ഷകളുടെ നഗരമായിരുന്നു. ഒരു ജോലി, നല്ലൊരു ജീവിതം, കുടുംബത്തിന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാൻ കഴിയുന്ന സ്ഥലം.
വളരെ തിരക്കേറിയ ദിവസമായിരുന്നു.
സൂര്യൻ ചെമ്മാനത്ത് നക്ഷത്രങ്ങൾക്ക് ഇടം കൊടുത്ത് അറബിക്കടലിലേക്ക് ചാഞ്ഞു തുടങ്ങി ഭൂമിയിലും നക്ഷത്രങ്ങൾ വിരിയാൻ തുടങ്ങി. നഗരത്തിലെ ബഹുനില മാളികകളിൽ ഒന്നൊന്നായി ദീപങ്ങൾ തെളിഞ്ഞു.
കയ്യിലൊരു ട്രോളിബാഗും മനസ്സിൽ ഒരുപാട് പ്രതീക്ഷകളുമായി അവൻ പ്ലാറ്റ്ഫോമിലൂടെ നടന്നു.
സുഹൃത്തുക്കൾ സ്റ്റേഷനിൽ വരാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ആരെയും കാണുന്നില്ല. ഫോൺ വിളിട്ട് എടുക്കുന്നുമില്ല.
അശ്വിന്റെ മനസ്സിൽ ഭയം കടന്നുകയറി.
ആ സമയത്താണ് ഒരാൾ അവന്റെ അടുത്തേക്ക് വന്നത്.
“ഭായ്, ആപ് കേരളാ സെ ആയാ ഹെ ?”
അശ്വിൻ പുഞ്ചിരിച്ചു.
“യെസ്… മേ കേരളാ സെ…”
അവൻ പറഞ്ഞ് മുഴുവിക്കും മുമ്പേ അയാൾ ചിരിച്ചുകൊണ്ട് മലയാളത്തിൽ ചോദിച്ചു.
“എന്താ സഹോദരാ, ബോംബെയിൽ ആദ്യമായിട്ടാണോ?”
മലയാളം കേട്ടപ്പോൾ അശ്വിന്റെ മനസ്സിന് വലിയ ആശ്വാസമായി.
“അതെ ചേട്ടാ. സുഹൃത്തുക്കൾ വരാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ആരെയും കണ്ടില്ല.”
“അവരുടെ ജോലി കഴിഞ്ഞിട്ടുണ്ടാകില്ല. ഇവിടെ അതൊന്നും അത്ഭുതമല്ല. ബോംബെയിൽ സമയം ആരെയും കാത്തുനിൽക്കില്ല.”
അയാൾ ചിരിച്ചു.
“എവിടേക്കാണ് പോകേണ്ടത്?”
“വില്ലെ പാർളെ.”
“വിഷമിക്കണ്ട. ഞാൻ ദാദർ വരെ ഉണ്ട്. അവിടെ നിന്ന് കയറേണ്ട ട്രെയിൻ കാണിച്ചുതരാം.”
അങ്ങനെ ഇരുവരും ലോക്കൽ ട്രെയിനിൽ ദാദറിലേക്ക് യാത്രയായി.
ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്ന അശ്വിൻ മുംബൈയുടെ തിരക്ക് മനസ്സിലാക്കുകയായിരുന്നു. ഓരോ സ്റ്റേഷനിലും നൂറുകണക്കിന് ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
“ഇവിടെ നിന്നുള്ള യാത്ര പോലെയല്ല ദാദറിൽ നിന്ന്,” യാത്രക്കാരൻ പറഞ്ഞു.
“അവിടെയാണ് യഥാർത്ഥ തിരക്ക് കാണുക.”
അതേസമയം അശ്വിന്റെ ഫോൺ ശബ്ദിച്ചു.
സവാദായിരുന്നു വിളിച്ചത്.
“എടാ, നീ എത്തിയോ?”
“അതെ. ദാദറിലേക്ക് പോകുകയാണ്.”
“ക്ഷമിക്കണം. ജോലി കഴിഞ്ഞ് ഇറങ്ങാൻ വൈകി. നീ അവിടെ കുറച്ച് നേരം നിൽക്ക് ഞങ്ങളെത്താം”
“വേണ്ട. എനിക്കൊരു മലയാളി ചേട്ടനെ കിട്ടി. ഞാൻ വില്ലെ പാർളെയിലേക്ക് എത്തിക്കോളാം.”
“എന്നാൽ സൂക്ഷിച്ചോളണം.”
ദാദർ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരൻ അശ്വിന് കയറേണ്ട പ്ലാറ്റ്ഫോം കാണിച്ചുകൊടുത്തു.
“ഇനി പേടിക്കണ്ട. ഇതാണ് നിന്റെ ട്രെയിൻ.”
അത് പറഞ്ഞ് അയാൾ ജനക്കൂട്ടത്തിനിടയിൽ മറഞ്ഞു.
അശ്വിൻ നന്ദി പറയാൻ പോലും കഴിഞ്ഞില്ല.
പ്ലാറ്റ്ഫോമിൽ ആളുകൾ നിറഞ്ഞുനിന്നു. കുറച്ച് നിമിഷങ്ങൾക്കകം ട്രെയിനെത്തി
പെട്ടെന്ന് ജനക്കൂട്ടം മുന്നോട്ട് തള്ളിത്തുടങ്ങി.
അശ്വിന്റെ കയ്യിൽ നിന്ന് ബാഗ് താഴെവീണു.
അവൻ വേഗം ബാഗ് എടുത്ത് തലയിൽ വെച്ചു.
പക്ഷേ അതിനകം ജനക്കൂട്ടം അവനെ ട്രെയിനിനുള്ളിലേക്ക് തള്ളിക്കയറ്റിയിരുന്നു.
ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരമനുഭവം.
വാതിലിൽ തൂങ്ങിനിന്നുകൊണ്ട് യാത്ര ചെയ്യുന്ന ആളുകളെ കണ്ടപ്പോൾ അവൻ അത്ഭുതപ്പെട്ടു.
ഇവിടുത്തുകാർക്ക് അത് സാധാരണ ജീവിതത്തിന്റെ ഭാഗമായിരുന്നു.
അപകടത്തിന്റെ മുൾമുനയിൽ ഓരോ ദിവസവും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യർ.
കുറച്ച് സമയത്തിനുശേഷം ട്രെയിൻ വില്ലെ പാർളെ സ്റ്റേഷനിലെത്തി.
അശ്വിൻ ഉടൻ സവാദിനെ വിളിച്ചു.
“ഞാൻ എത്തി.”
“പ്ലാറ്റ്ഫോമിൽ നിന്ന് ഇറങ്ങിയാൽ ഈസ്റ്റ് സൈഡിലേക്ക് വരണം. വില്ലെ പാർളെ ഈസ്റ്റിലാണ് നമ്മുടെ റൂം.”
സ്റ്റേഷനിൽ നിന്ന് പുറത്തുവന്ന അശ്വിനെ കണ്ടതും സവാദ് ഓടിവന്ന് കെട്ടിപ്പിടിച്ചു.
“എടാ, നീ ആകെ തടിച്ചല്ലോ!”
“യാത്ര സുഖമായിരുന്നു. പക്ഷേ ദാദറിലെ തിരക്ക് കണ്ടപ്പോൾ പേടിച്ചുപോയി.”
“അത് തുടക്കമാണ്. ബോംബെ ഇനിയും പലതും പഠിപ്പിക്കും.”
സവാദ് ചിരിച്ചു.
“വാ, സമയം കളയണ്ട. റൂമിലേക്ക് പോകാം.”
ഇരുവരും നടന്ന് ഒരു ബഹുനില കെട്ടിടത്തിന്റെ മുന്നിലെത്തി.
ഒമ്പതാം നിലയിലായിരുന്നു അവരുടെ താമസം.
രണ്ട് മുറികൾ മാത്രമുള്ള ചെറിയ ഫ്ലാറ്റ്.
പക്ഷേ അവിടെ പത്തുപേരോളം താമസിക്കുന്നുണ്ടായിരുന്നു.
ജോലി കഴിഞ്ഞെത്തിയവർ ചിലർ ഭക്ഷണം തയ്യാറാക്കുകയായിരുന്നു. ചിലർ ഫോണിൽ വീട്ടുകാരോട് സംസാരിക്കുകയായിരുന്നു. മറ്റുചിലർ കിടക്കയിൽ വിശ്രമിക്കുകയായിരുന്നു.
സവാദ് ഓരോരുത്തരെയും അശ്വിന് പരിചയപ്പെടുത്തി.
വ്യത്യസ്ത ജില്ലകളിൽ നിന്നുള്ളവർ.
വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും.
എന്നാൽ എല്ലാവരുടെയും സ്വപ്നം ഒന്നായിരുന്നു, ഒരു നല്ല ജീവിതം.
ചെറിയ ഫ്ലാറ്റായിരുന്നെങ്കിലും അവിടെ ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. രക്തബന്ധമില്ലെങ്കിലും എല്ലാവരും ഒരു കുടുംബം പോലെ ജീവിക്കുകയായിരുന്നു.
ആ രാത്രിയിൽ ജനാലയിലൂടെ മിന്നിമറയുന്ന മുംബൈയുടെ വിളക്കുകൾ നോക്കിനിന്നപ്പോൾ അശ്വിന്റെ മനസ്സിൽ ഒരു ചോദ്യമുയർന്നു.
“സ്വപ്നങ്ങൾ തേടി വന്ന ഈ നഗരം എനിക്കെന്താണ് കരുതിവെച്ചിരിക്കുന്നത്?”
തുടരും -