തീവണ്ടിയിലെ തിരുവോണക്കാഴ്ച 

തീവണ്ടിയിലെ തിരുവോണക്കാഴ്ച 
വർഷം ഓർമയില്ല .  ചുട്ടുപൊള്ളുന്ന വെയിലിൽ ആന്ധ്രയുടെ വിരിമാറിലൂടെ ജയന്തി ജനത  എക്സ്പ്രസ്സ് പായുന്നു . 
അന്ന് തിരുവോണമായിരുന്നു .
ജനലിനരികിലെ സീറ്റിൽ പുറകോട്ടോടുന്ന പ്രകൃതിയെ നോക്കി  ഒരു കൊച്ചുകുട്ടിയെപോലെ ഞാനും .
മറ്റുള്ള സീറ്റുകളിൽ മലയാളികൾ മയക്കത്തിലാണ് .  നാട്ടിൽ നഷ്ടപ്പെട്ട തിരുവോണത്തെക്കുറിച്ചോർത്തുള്ള നെടുവീർപ്പിൽ  മയങ്ങുന്നതാവാം . 
കമ്പാർട്മെന്റിൽ മലയാളികളെല്ലാം ഒരുപോലെ . മയക്കം . അല്ലെങ്കിൽ  ഉറക്കം . ചൂട് കാറ്റടിച്ചു എന്റെ കണ്ണുകളും ഇടക്കിടെ അടയുന്നുണ്ട് . 
അപ്പോൾ കുടവയറും ഓലക്കുടയും ആയി ഒരാൾ നിഴൽപോലെ മനസ്സിൽ .
സകല ഊർജവും എടുത്തു തീവണ്ടി പായുകയാണ് . അതിന്റെ താളാത്മകമായ  ശബ്ദം  മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് . 
ഇതിനിടയിലാണ് ഒരു പെൺകുട്ടി  കടന്നുവരുന്നത് . 
അലസമായ മുടിയിഴകളിൽനിന്നും വിയർപ്പിന്റെ ഗന്ധം . മുഷിഞ്ഞ വസ്ത്രവും കണ്ണുകളിൽ തിളക്കവും ആയി 
തന്റെ രണ്ടു കൈവിരലുകൾക്കിടയിൽ  പരന്ന രണ്ടു കല്ല് കഷണങ്ങൾ കൊണ്ട് താളം പുറപ്പെടുവിക്കുന്നു. . 
ഒപ്പം ' തിരുവോണപ്പുലരിയിൽ തിരുമുൽ കാഴ്ചകാണാൻ ' എന്ന 
പാട്ട് ആ ചുണ്ടുകളിൽ നിന്നും വരുന്നു .  ഇത് കേട്ടിട്ടാവാം  മറ്റുള്ളവർ  ഉണർന്നു തുടങ്ങി . 
നീട്ടിയ  ആ കൈകളിലേക്ക് ഓണസമ്മാനമായി നാണയത്തുട്ടുകൾ കൊടുക്കുന്നു . ആ പെൺകുട്ടിയുടെ 
ഒട്ടിയ വയറിന്റെ  സന്തോഷം വിടർന്ന കണ്ണുകളിൽ നീരായി നിറഞ്ഞു .  ആരോ ഒരാൾ നീട്ടിയ പൊതി രണ്ടു കൈയും നീട്ടി 
വാങ്ങി . അതുമായി ടോയ്‌ലെറ്റിന്റെ ഇടനാഴിയിൽ കുത്തിയിരുന്ന് പൊതി അഴിച്ചു നോക്കുന്നു . ചോറ് ! ആ മഹാന് നന്ദി മനസ്സിൽ പറഞ്ഞു കാണും . ആർത്തിയോടെ അത് വാരി വാരി കഴിച്ചു .  പൊതിഞ്ഞ പേപ്പറിൽ തന്നെ കൈ തുടച്ചു വൃത്തിയാക്കി . 
ശേഷം പാട്ടിനു താളം പിടിച്ച കല്ലുകൾ  മുഷിഞ്ഞ സഞ്ചിയിലേക്കു  വെച്ചു . അല്പം  കഴിഞ്ഞപ്പോൾ അവിടെയിരുന്നു തന്നെ ആ പെൺകുട്ടി ഉറങ്ങിപ്പോയി .  അവളോടൊപ്പം  മഹാബലിയും  സന്തോഷത്തോടെ ഉറങ്ങിക്കാണും . വണ്ടിയുടെ താളത്തിനൊപ്പം നാടും ഓണവും  വിദൂരയിലേക്കു മറഞ്ഞു . പടിഞ്ഞാറേ ചക്രവാളം ചുവന്നു തുടുത്തു .
വണ്ടി മഹാരഷ്ട്ര അതിർത്തിയിലേക്ക്! 

റോയി പഞ്ഞിക്കാരൻ