ആറ്റുകാൽ പൊങ്കാല ; ആരോഗ്യ സേവനങ്ങളുമായി കൺട്രോൾ റൂമുകൾ

Mar 1, 2026 - 14:22
Mar 1, 2026 - 14:38
 0  3
ആറ്റുകാൽ പൊങ്കാല ; ആരോഗ്യ സേവനങ്ങളുമായി കൺട്രോൾ റൂമുകൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക്  എത്തുന്ന ഭക്തലക്ഷങ്ങൾക്ക് വിപുലമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വർധിച്ചു വരുന്ന അന്തരീക്ഷ താപനില കണക്കിലെടുത്ത് സൂര്യാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക മെഡിക്കൽ ടീമുകളെയും സൗകര്യങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇത്തവണ മാര്‍ച്ച് മൂന്നിനാണ്.

പൊങ്കാല പ്രമാണിച്ച് പത്ത് പ്രധാന പോയിന്റുകളിൽ മെഡിക്കൽ ടീമിനെയും ആംബുലൻസുകളെയും നിയോഗിച്ചു. രാവിലെ 5 മണി മുതൽ പൊങ്കാല തീരുന്നത് വരെ പത്ത് കേന്ദ്രങ്ങളിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരുടെ സേവനം ലഭ്യമാകും. തിരക്കേറിയ ഇടങ്ങളിൽ വേഗത്തിൽ വൈദ്യസഹായമെത്തിക്കാൻ 4 ബൈക്ക് ഫസ്റ്റ് റെസ്‌പോൺസ് ടീമുകൾ, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവ സജ്ജമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിലും ആറ്റുകാൽ ക്ഷേത്ര പരിസരത്തും കളക്ടറേറ്റിലും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ 12 ആശുപത്രികളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.