കുളം: കഥ, മിനി സുരേഷ്

കുളം: കഥ, മിനി സുരേഷ്

 പണ്ട് തറവാട്ടിലൊരു കുളമുണ്ടായിരുന്നു. അവിടെ മാത്രമല്ല നാട്ടിലെ പ്രധാനപ്പെട്ട വീടുകളിലെല്ലാം പല രൂപഭാവങ്ങളോടെ കുളങ്ങൾ സംരക്ഷിച്ചിരുന്നു. രാവിലെ ദേഹം മുഴുവൻഎണ്ണ പുരട്ടി ഇഞ്ചയും,താളിയും തേച്ച് കുളിച്ച്പണിയെടുക്കുവാൻ കാരണവന്മാർ ഒരുക്കിക്കൊടുത്ത സൗകര്യങ്ങളിലൊന്നായിരുന്നു അത്.  

  വീടുകളിൽ കുളങ്ങളില്ലാത്ത സ്ത്രീജനങ്ങൾ  അമ്പലക്കുളത്തിൽ പോയിരാവിലെ മുങ്ങിക്കുളിച്ച് തേവരെ തൊഴുത് ഈറനുടുത്ത്  ഇടവഴികളിലൂടെ നടന്നു നീങ്ങുമ്പോൾ അന്നത്തെ കാലങ്ങളിൽ ആരും ഒന്നുചൂളമടിക്കുകയോ,മോശം കമൻറു പറയുകയോ ചെയ്യുന്നത് താൻ കണ്ടിട്ടില്ലെന്ന് രാഗിണി ഓർത്തു.

മണ്ണിനടിയിലേക്കു പോയ ആ കുളത്തിന്റെ ഓർമ്മകൾ അവളുടെ മനസ്സിലിന്നുംമായാതെ ഉണ്ട്. ചെത്തിയെടുത്ത വെട്ടു കല്ലുകൾപാകി ഉയർന്ന ഭിത്തികളോടു കൂടിയ ചെറിയൊരു കുളം. മോഹഞ്ചോദാരോവിലെ അവശിഷ്ടങ്ങളുടെ ഒക്കെ ശില്പചാരുത കണ്ടിട്ടില്ലേ?ആ, അതുപോലെയൊക്കെ തന്നെ.   

കുളത്തിലെ ജലത്തിനു  നല്ല ഭംഗിയുള്ള പച്ചനിറമായിരുന്നു. സ്ത്രീജനങ്ങളുടെ സംരക്ഷണത്തിനായി പടുതുയർത്തിയ കൂറ്റൻ ഭിത്തികൾ പക്ഷേ കുളത്തിന് ഇരുളിമയും ദുരൂഹതയുമാണ് സൃഷ്ടിച്ചത്.

കുളത്തിൽ കുളിക്കാനിറങ്ങുന്ന കൊച്ചു പെൺകുട്ടികളെയെല്ലാം അഗാധതയിലേക്ക്  വലിച്ചിഴച്ചുകൊണ്ടു പോകുന്ന ഏതോ ഒരു  ജലപ്പിശാച് അവിടെയുണ്ടെന്ന് അവളുടെ അമ്മയും ,അച്‌ഛമ്മയും വിശ്വസിച്ചിരുന്നു. 

രണ്ടാൺകുട്ടികൾക്കുശേഷം ആറ്റു നോറ്റു കിട്ടിയ മകളായതിനാൽ കുളത്തിനരികിൽ അവൾ പോകുന്നതിനെ അമ്മയും, അച്ഛമ്മയും വല്ലാതെ എതിർത്തിരുന്നു..

താഴത്തു വീട്ടിലെ രുഗ്മിണികൊച്ചമ്മയുടെ രണ്ടു പെൺ മക്കളും  വടക്കേതിലെ ബാലമമാമയുടെ മകളും കുളത്തിൽ മുങ്ങി ദുരൂഹമായി കൊല്ലപ്പെട്ട കഥകൾ അവൾ കേൾക്കാനായി ഇടക്കിടക്ക്  അവർ പറഞ്ഞിരുന്നു. എന്തോ,അവർ ആ കുളത്തിനെ വല്ലാതെ ഭയപ്പെട്ടിരുന്നു.

എങ്കിലും അമ്മയുടെ ബാല്യകാലത്ത്  കൂട്ടുകാരികളുമൊത്തു പുഴയിൽ നീന്തിത്തുടിച്ച  കഥകളൊക്കെ കേൾക്കുമ്പോൾ അവൾക്ക് കൊതികയറുമായിരുന്നു.

"കുളത്തിൽ പോയികുളിക്കണം എന്ന് പറഞ്ഞ് വാശി പിടിച്ചുകരയുന്ന അവളെ ആശ്വസിപ്പിക്കാനൊടുവിൽ അച്ഛച്ചൻ മടിയിൽ കയറ്റിയിരുത്തും. 
"എട്ടു വയസ്സുള്ള പെണ്ണിനെ മടിയിൽ കയറ്റി ഇരുത്തി കളിപ്പിക്കേണ്ട കാര്യമുണ്ടോ മനുഷ്യാ"അച്ഛമ്മ ഇടക്കു തർക്കിക്കും.

"കൊച്ചിന്റെ സങ്കടം കൂട്ടാതെ മുന്നീന്ന് പോണംണ്ടോ നീയ്യ്"."അച്ഛച്ചൻ അവളെ നെഞ്ചോട് ചേർത്ത് കിടത്തി തഴുകി,തഴുകി കഥ പറഞ്ഞു കൊടുക്കും. ഒടുവിൽഅവളറിയാതെ ഉറങ്ങിപ്പോകും.  

 അന്ന് കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന വയലുകളുടെ ഇടയിലൂടെ കൂട്ടുകാരികളുമൊത്തു സാറ്റുകളിച്ചു മടുത്ത ഒരുച്ച നേരത്താണ് കുളക്കരയിൽ പോകണമെന്ന ചിന്ത അവളിൽ വല്ലാതെ പടർന്നു കയറിയത്.

" ഞാൻ പോകുവാ""

''എവിടേക്ക്, ഒന്നു മുതൽ  നൂറു വരെ എണ്ണി ഒളിച്ചാലും ഒളിച്ചില്ലേലും സാറ്റു വച്ചു ഒളിച്ചിരിക്കുന്ന ഞങ്ങളെ കണ്ടു പിടിക്കുന്ന പണി അടുത്തത് കൊച്ചിന്റെയാ.. അതിനിടക്ക് നീ  എവിടേക്കാ പോണത് ... ''

കൂട്ടുകാരികൾ വല്യ സിന്ധുവും, കൊച്ചു സിന്ധുവും ഒരു പോലെ വാശി പിടിച്ചെങ്കിലും അവരുടെ ശ്രദ്ധ മാറിയ തക്കത്തിന് അവൾ കുളക്കരയിലേക്കു ഓടി  . ഒരേ പേരുകളാണ് കൂട്ടുകാരികൾക്ക്. ഒരാൾക്കിത്തിരി ഉയരം കുറവാണ്. അതു കണക്കാക്കി രാഗിണിക്കുട്ടി അവരെ വിളിക്കുന്നതങ്ങനെയാണ്. 

പലപ്പോഴും അവൾതന്നെയാണ് അമ്മയറിയാതെ കൂട്ടുകാരികളെ നിർബന്ധിച്ചു വയലേലകൾക്കിടയിലും, ആറ്റിറമ്പിലുമൊക്കെ കളിക്കുവാൻ കൊണ്ടു പോകാറുള്ളത്. പുഴയിലൂടെ തെന്നി നീങ്ങുന്ന വഞ്ചികളെ കാണാനുള്ള കൗതുകം. പിന്നെ ചെറിയൊരു മൂളലോടെ ചാഞ്ഞു വീശുന്ന നെൽക്കതിർ നിറഞ്ഞ പാടവരമ്പിലൂടെ ഒക്കെ തുള്ളിക്കളിച്ചു നടക്കുവാനുള്ള ബാല്യത്തിന്റെ ഉൽസാഹത്തിമിർപ്പ്. 

പക്ഷെ , അപ്പോളവൾക്ക് അതിലൊന്നും താല്പര്യം തോന്നിയില്ല. എങ്ങനെയും കുളത്തിനടുത്തെത്തണം .ഇത്തിരി നേരം ആ പടവുകളിൽ തനിച്ചിരിക്കണം. 

"ഞങ്ങൾ തന്നോട് പിണക്കമാ..."

പിറകിൽ നിന്നും കൂട്ടുകാരികൾ വിളിച്ചു പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല. ധൃതിപ്പെട്ട് ഓടിപ്പോകുമ്പോൾ കാറ്റിനൊപ്പം ആരോ കൂട്ടു വരുന്നതു പോലെ. കുളത്തിലെ വെള്ളം തെളിഞ്ഞു ശാന്തമായി കിടക്കുന്നു. അച്‌ഛമ്മയുടെ സഹായി നാണി ചേച്ചി അലക്കു കഴിഞ്ഞു തുണികളും,അലക്കു സോപ്പുംഎടുക്കാതെ എവിടെ പോയതാണോ? എല്ലാം കുളക്കരയിൽ തന്നെ ഇരിപ്പുണ്ട്. 

 ആകെയൊരു മൂകത. ചെറുമീനുകൾമാത്രം തമ്മിൽ തമ്മിൽ എന്തോ മന്ത്രിച്ചു കൊണ്ട് ജലപ്പരപ്പിലൂടെ തെന്നി നടക്കുന്നുണ്ട്. കുറെ നേരം അവൾ വെറുതെ പടവുകളിലിരുന്ന് വെള്ളത്തിലേക്ക്കല്ലുകളെടുത്തെറിഞ്ഞു രസിച്ചിരുന്നു...വളയങ്ങളായി മാഞ്ഞു പോകുന്ന ഓളങ്ങളെ വകഞ്ഞു മാറ്റി കുളത്തിനടിയിൽ നിന്നാരോ ഉയരുന്നതു പോലെ, കുളത്തിനപ്പുറത്തെ ചുമരിൽ രണ്ടുവെളുത്ത നിഴലനങ്ങുന്നില്ലേ? അവൾക്ക്  വല്ലാത്ത പേടി തോന്നി.

"തമ്പ്രാൻ ഇവിടെ ചെയ്തിട്ടുള്ള മഹാ പാപങ്ങളൊക്കെ കണ്ടിട്ടുള്ള എന്നോടാണോ ഇപ്പോഴിതൊക്കെ പറയുന്നത്" നാണി ചേച്ചി ആരോടോ അടക്കം പറയുന്നുണ്ടല്ലോ ...അവൾ ഒന്നുകൂടി ശ്രദ്ധിച്ചുനിന്നു . 

"വാ വിട്ടു എന്തേലും പറഞ്ഞാൽ നിനക്കറിയാലോ എന്നെ....ചവിട്ടിത്താഴ്ത്തിക്കളയും" . ങേ ...അച്ഛച്ചന്റെ ശബ്ദമല്ലേ കേൾക്കുന്നത് ?

അവൾ ചുറ്റിനും നോക്കിയെങ്കിലും ആരേയുംകണ്ടില്ല 

""അച്ഛച്ചാ.." നാണിച്ചേച്ചീ..''

അവളുറക്കെ വിളിച്ചു കരഞ്ഞു.

"കേറിപ്പോ കൊച്ചേ ..ഇന്നമ്മയോട് പറഞ്ഞ്നല്ല അടി മേടിച്ചു തരുന്നുണ്ട്." എവിടെ നിന്നോ നാണിച്ചേച്ചി ഓടി വന്നു. ചേച്ചിയുടെ, മുഖമാകെ വിളറി വെളുത്തിരിക്കുന്നു. ഭയന്ന്  അവൾ കുളപ്പടവു കയറി ഓടി വീട്ടിലെത്തി മെത്തയിൽ മുഖമണച്ചു കിടന്നു. അച്ഛച്ചൻറെ വിരലുകൾ തലയിൽ തഴുകുന്നതറിഞ്ഞാണ് അവളുണർന്നത്.

" മോളിന്നു കുളത്തിനടുത്തു പോയല്ലേ ...?

 'ഉം'"

അമ്മയോടു അച്ഛച്ചൻ പറഞ്ഞു കൊടുക്കണില്ല കേട്ടോ..അച്ഛച്ചൻ കുളത്തിൽ കാലു കഴുകാൻപോയതു മോളും അച്ഛമ്മയോടു പറയണ്ട. ജലപ്പിശാച് അച്ഛച്ചനെ പിടിച്ചാലോഎന്ന് പേടിക്കും".

"അയിന് പെങ്കുട്ടികളെയല്ലേ ജലപ്പിശാച് പിടിക്കണത്""

''നീയാളു കൊള്ളാമല്ലോ,കാന്താരീ.. ഇതൊക്കെ അറിഞ്ഞോണ്ടാണോ പോയത്. നെന്റമ്മയോട് പറഞ്ഞ് നല്ല തല്ലു മേടിച്ചു തരുന്നുണ്ട്." അത്രയും ദേഷ്യത്തിൽ  അച്ഛച്ചനെ അവളൊരിക്കലും കണ്ടിട്ടില്ല.

"വേണ്ട ..പറയണ്ട. ഞാമ്പറയില്ല അച്ഛമ്മയോടൊന്നും".

'ഊം' ..അമർത്തി മൂളി മുത്തച്ഛൻ കടന്നു പോയി.

പിന്നീടൊരിക്കലും ആ കുളത്തിനടുത്തേക്കു രാഗിണി പോയിട്ടില്ല. കുറെ നാൾ കഴിഞ്ഞപ്പോൾ രുഗ്മിണികൊച്ചമ്മയുടെ മകൻ രവിച്ചേട്ടന്റെ മൂന്ന്  വയസ്സുകാരി മകൾ കുളത്തിൽ മുങ്ങിമരിച്ചു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് എങ്ങനെ അവിടെയെത്തി എന്നത് ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. വീട്ടിനുള്ളിലും ,പരിസരത്തും തിരഞ്ഞു മടുത്തപ്പോൾ 'ഏതായാലും കുളത്തിലും കൂടിനോക്കാം' എന്ന് ആരോ പറഞ്ഞതു കേട്ട് കുളത്തിൽ മുങ്ങിയ ചേട്ടൻ പൊങ്ങി വന്നത് കൊച്ചു കുഞ്ഞിന്റെ മൃതദേഹവുമായാണ്. അതോടെ കുളത്തിലേക്കുള്ള പ്രവേശന കവാടം എന്നെന്നേക്കുമായി അടച്ചു.

ഏറെ നാൾ കിടന്ന് പുറമൊക്കെ പൊട്ടി ഒരു പാട് നരകിച്ചാണ് അച്‌ഛച്ചൻ പോയത്. അപ്പോഴൊക്കെ അച്ഛമ്മ പറയുന്നതു കേട്ടിട്ടുണ്ട്. "ഇങ്ങനെ കിടന്നു നരകിക്കാൻ ഈ മനുഷ്യൻ എന്തു മഹാപാപമാണോ ചെയ്തത് " അന്നൊന്നും അവൾക്ക് അതിന്റെ ഉത്തരം കിട്ടിയിട്ടില്ലായിരുന്നു.  

നാട്ടിലെ കുളങ്ങളെല്ലാം മണ്ണിട്ടു നികത്തി അവിടെയെല്ലാം വീടുകൾ വന്നപ്പോഴും ഇന്ദിര ചേച്ചി മാത്രം വീതം കിട്ടിയ ഏഴ് സെന്റ്സ്ഥലത്തെ കുളം ഒരു ജലദേവതയെപ്പോലെ കാത്തു സൂക്ഷിക്കുന്നുണ്ട്. കു:ടുംബശ്രീയിൽ ചേർന്നതിൽ പിന്നെയാണ് രാഗിണി അവിടെപോകാൻ തുടങ്ങിയത്. ചേച്ചിയാണ് പ്രസിഡന്റ്.  

 "കുളം നികത്തി നല്ലൊരു വീട് അവിടെ വയ്ക്കുന്നേ എന്ന്ഒരു പാട് പേർ ഉപദേശിച്ചപ്പോഴും അതൊന്നും കേൾക്കാതെ ചേച്ചിയും,ചേട്ടനുംസഹകരണ ബാങ്കിൽ നിന്ന് ലോണെടുത്ത് കുളത്തിനു നല്ലൊരു ചുറ്റുമതിലങ്ങ് കെട്ടി. അധികം ഉയരംവയ്ക്കാത്ത മരങ്ങളും വശങ്ങളിൽ പിടിപ്പിച്ചു. ഷൂട്ടിംഗിനും മറ്റുമായി ഇടക്ക് അവിടെ നല്ലതിരക്കാണ്. മദ്ധ്യവേനലവധിക്കാലത്ത് ചേച്ചിഅഞ്ചു കുട്ടികളെ നീന്തൽ പഠിപ്പിക്കാറുമുണ്ട്. 

 ഇടക്ക് രാഗിണിയും ആ കുളത്തിന്റെ പടവുകളിൽ പോയിരിക്കാറുണ്ട്. മീനുകളും,തവളകളും, സസ്യജാലങ്ങളുംവിരുന്നെത്തുന്ന കുളക്കോഴികളുമെല്ലാം ചേരുന്ന മറ്റൊരു ലോകം. മയങ്ങുന്ന സന്ധ്യകളുടെ നിഴലുകളിൽ ഒരിക്കൽ പോലും ഒരു ജലപ്പിശാചും അവളെ തേടിയെത്തിയിട്ടില്ല. കുളത്തിന്റെ അഗാധതകളിലേക്ക് പെൺകുട്ടികളെ മാത്രം വലിച്ചു കൊണ്ടു പോകുന്ന ഒരുജലപ്പിശാചും.