സിംലാൻ്റി; നീണ്ടകഥ, സൂസൻ പാലാത്ര

സിംലാൻ്റി; നീണ്ടകഥ, സൂസൻ പാലാത്ര

 

അദ്ധ്യായം - 4

 

 ഈ പിള്ളേർക്ക് ഒരു നാണോമില്ലേ?   അപ്പനും അമ്മയ്ക്കും മണിയറ ഒരുക്കുന്ന ആദ്യത്തെ മക്കൾ ഇവരായിരിക്കും. എത്സമ്മ അന്ധാളിച്ചുപോയി. 

 അവരുടെ പപ്പ നാട്ടിൽ വന്നിട്ട് ഒരുമാസം പിന്നിട്ടു. നല്ല പ്രായത്തിൽ മന: പൂർവ്വം ഉപേക്ഷിച്ചുകളഞ്ഞ ഭാര്യയോടും മക്കളോടും ഇപ്പോൾ എന്തെന്നില്ലാത്ത സ്നേഹം. ഈ ഒരുമാസം മുഴുവൻ തികച്ചും അപരിചിതരെപ്പോലെ മക്കൾ ഒരുക്കിയ മണിയറയിൽ അവർ രാപാർത്തു. സഹകരിക്കാനും അകമഴിഞ്ഞുസ്നേഹിക്കാനുമുള്ള ത്വരയുമായി കാത്തിരിക്കുന്ന തൻ്റെ കുട്ടികളുടെ പപ്പയെ അവൾ കണ്ടില്ലെന്നു നടിച്ചു. തന്നോട് ലോഹ്യം കൂടാനും തൻ്റെ ശരീരത്തിൽ ഒന്നു സ്പർശിക്കയെങ്കിലും അയാൾ ചെയ്താൽ തൽക്ഷണം ജീവനും ജീവിതവും ഉപേക്ഷിയ്ക്കാൻ അവൾ തയ്യാറെടുത്തിരിക്കുകയാണ്. 

     പുച്ഛമാണ്. പരമപുച്ഛമാണ് അവൾക്കു് അയാളോട്.  വെളുത്തു ചുവന്ന അയാളുടെ മേനിയോ, തുടുത്തുരുണ്ട മുഖമോ, ഹെയർഡൈ തേച്ചു പരുവപ്പെടുത്തിയെടുത്ത ചുരുളൻമുടിയോ അവളിൽ അനുരണനങ്ങൾ സൃഷ്ടിച്ചില്ല.

     അയാളായി, അയാളുടെ പാടായി. പാട്ടിനു പോട്ടെ, ദുഷ്ടൻ. അവൾ അണപ്പല്ലുകൾ കടിച്ചു ഞെരുക്കി. 

      ഈ മനുഷ്യൻ്റെ നട്ടെല്ലില്ലായ്ക നിമിത്തം അവളും പെൺമക്കളും ഈ നാട്ടുകാർക്കിടയിൽ ഒരുപാട് നിന്ദിക്കപ്പെട്ടതാണ്. പട്ടിണിയും പരിവട്ടവും സഹിക്കാൻ ആർക്കും കഴിയും. നാട്ടുകാരുടെ പരിഹാസം, മുനവച്ചുള്ള സംസാരം ചാട്ടുളിപോലെ അവ നെഞ്ചിൽ കുത്തുകയാണ്. വേദനയും നീറ്റലും മാത്രം എന്നും നിലനില്ക്കും. എന്തെങ്കിലും ഒരു ജോലി ലഭിച്ചാൽ ആ മനുഷ്യൻ്റെ പാതി ശമ്പളം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ച് ജോലിതേടിയിറങ്ങിയതാണ്.

     ഭർത്താവുപേക്ഷിച്ചുപോയ പെണ്ണ് പൊതുസ്വത്താണെന്നു കരുതുന്ന പുരുഷന്മാരോട് യുദ്ധം ചെയ്യാൻ കരുത്തില്ലാതെ ജോലി മോഹം ഉപേക്ഷിച്ചു. അയാളുടെ ഓഫീസുകാർ മാസാമാസം കനിഞ്ഞു നല്കിയ കുഞ്ഞുതുകയിൽ ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാൻ പെട്ടപാട്. കഷ്ടം തന്നെ. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കൾ. തങ്കമ്മ എന്ന തട്ടിപ്പുകാരിയ്ക്ക് മയക്കിയെടുക്കാൻ പാവം എത്സമ്മയുടെ ഭർത്താവിനെ മാത്രമേ കിട്ടുകയുള്ളോ... 

 സൗന്ദര്യം വ്യർത്ഥമാണ് - എത്സമ്മയ്ക്കത് ബോദ്ധ്യമായത് ഒരാകർഷണവും തോന്നിയ്ക്കാത്ത പല്ലുന്തിയ, നിറഭംഗിയില്ലാത്ത തങ്കമ്മയെന്ന കുടിലസ്ത്രീയാൽ തൻ്റെ അവുതച്ചായൻ വശീകരിക്കപ്പെട്ടപ്പോഴാണ്. അവൾ പലപ്പോഴും സ്വയം ചോദിച്ചു. നീ എത്ര സുന്ദരിയാണ് എന്നു കൂടെക്കൂടെപ്പറഞ്ഞ് തൻ്റെ നെറ്റിയിൽ വീണു കിടക്കുന്ന അളകങ്ങൾ മാടിയൊതുക്കി തന്നെ ആ വിശാല വക്ഷസിലേയ്ക്ക് ചേർത്തമർത്തി ... ലാളിച്ച ആ നല്ലഭർത്താവ്,  തനിക്കില്ലാത്ത ഏതു ഗുണം കണ്ടാണ് തങ്കമ്മയെ ജീവിതസഖിയാക്കിയത്. ഇനി ഒരബദ്ധം എപ്പോഴോ പറ്റിയെങ്കിൽത്തന്നെ, അതു തന്നോട് ഏറ്റു പറഞ്ഞ് ഉപേക്ഷിച്ചിരുന്നെങ്കിൽ താൻ മാപ്പു കൊടുക്കുമായിരുന്നല്ലോ. അറിയാതെ ചെളിയിൽ ചവിട്ടിയെങ്കിൽ നല്ല വെള്ളത്തിൽ കാലുകൾ കഴുകി ശുദ്ധനായി പിന്നീട് ജീവിച്ചുകൂടേ. ഇത് പന്നിയെപ്പോലെ ചെളിയിൽ പൂണ്ടടക്കം കിടന്ന വൃത്തികെട്ട മനുഷ്യൻ.

       ഫ! അവൾ ഉച്ചത്തിൽ കാറിത്തുപ്പി. 

      (തുടരും....)