നിർമ്മലമായ മനസ്സോടെയാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത്.  അവർക്ക് ഈ ലോകത്തിൻ്റെ ഇരുളും വെളിച്ചവും പരിചയപ്പെടുത്തിക്കൊടുക്കുവാൻ കഥകളെക്കാൾ നല്ലൊരു ഉപാധി വേറെയില്ല.
 
മനുഷ്യജീവിതത്തിൻ്റെ അടിത്തറ തന്നെ സ്നേഹവും കരുണയുമാണ്. ഈ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിപ്പോറ്റേണ്ടത് മുതിർന്നവരുടെ ധർമ്മമാണ്.
ഭാവിപൗരന്മാരായ കുട്ടികൾക്കുള്ള നന്മ നിറഞ്ഞ നിക്ഷേപം കൂടിയാണത്.  വീട്ടിലും സ്കൂളിലും സമൂഹത്തിലും സ്നേഹത്തിൻ്റെ ഭാഷയാണ് അവർ കേൾക്കേണ്ടത്.
 
സഹജീവികളെ മനസ്സിലാക്കാനും സഹായിക്കാനും പഠിക്കുമ്പോഴാണ് കരുണയുടെ വിത്തുകൾ അവരുടെ ഹൃദയത്തിൽ മുളയ്ക്കുന്നത്.
ലോകം എത്ര വേഗത്തിൽ മുന്നോട്ട് പോയാലും കരുണയില്ലാത്ത തലമുറയുടെ മുന്നേറ്റം ഇരുളിലേക്കുള്ള യാത്രയാണ്.
കരുണയും സ്നേഹവുമുള്ളവരായി വളരുന്ന കുഞ്ഞുങ്ങൾ ലോകത്തെ പ്രകാശിപ്പിക്കുന്ന തിളക്കമുള്ള സ്ഫടികങ്ങൾ ആയിരിക്കും.
 
കുഞ്ഞുങ്ങളിൽ ഈ ‘ഹൃദയപാഠങ്ങളുടെ’ മഹത്വം പ്രോജ്ജ്വലിപ്പിക്കണമെന്ന ലക്ഷ്യത്തിൽ ശ്രീ. പ്രശാന്ത് പഴയിടം ആമസോണിലൂടെ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ക്രിസ്റ്റൽ സ്വീറ്റ്നെസ്സ്’.  നന്മയും സ്നേഹവും കരുണയും അടങ്ങിയ മധുരത്തിൻ്റെ ദിവ്യമായ പ്രതീകം തന്നെയാണ്.
 
ലണ്ടനിൽ ജോലി ചെയ്യുന്ന പ്രശാന്ത് പഴയിടം, കേരളത്തിൻ്റെ പ്രകൃതിഭംഗിയും ബാലഹൃദയങ്ങളുടെ ഓമനത്തവും ഉൾക്കൊണ്ട് തന്നെ എഴുതിയിട്ടുണ്ട്.
ലളിതമായ ഇംഗ്ലീഷിലുള്ള ആഖ്യാനശൈലി കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ ഗ്രഹിക്കുവാൻ സാധിക്കുന്നതാണ്.
ഗൃഹാതുരത്വത്തിൻ്റെ പച്ചപ്പുകളിലേക്ക് സഞ്ചരിക്കുവാൻ പുസ്തകം വായിച്ചു കൊടുക്കുന്ന രക്ഷകർത്താക്കൾക്കും കഴിയുന്നു.
 
മുത്തശ്ശിയുടെ വാത്സല്യവും മാധുര്യവും നിറഞ്ഞ കഥാനേരത്തിലൂടെയാണ്
സഹോദരന്മാരായ അശോകും വിനുവും മലമുകളിൽ താമസിക്കുന്ന അതിമാനുഷ ശക്തിയുള്ള ദിവ്യസന്യാസിയെക്കുറിച്ച് അറിയുന്നത്.
ആ സന്യാസി വേദനയും രോഗവും ഭേദമാക്കുവാൻ കഴിവുള്ള കരുണാമൂർത്തിയാണെന്ന് മുത്തശ്ശി പറഞ്ഞപ്പോൾ
അദ്ദേഹത്തെ കാണാനുള്ള അവരുടെ ആഗ്രഹം തീവ്രമായി.
 
അടുത്ത ദിവസം അവർ ചങ്ങാതിയായ മനു കടുത്ത രോഗാവസ്ഥയിലായ വിവരം അറിയുന്നു.
സുഹൃത്തിനെ രക്ഷിക്കണമെന്ന നിശ്ചയദാർഢ്യത്തിൽ സന്യാസിയെ തേടി അവർ യാത്ര പുറപ്പെടുന്നു.
കുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും സാഹസികതയും ആഴത്തിൽ വേര് പിടിപ്പിക്കുവാനുള്ള കഥാകൃത്തിന്റെ  ഉദ്യമം ഇവിടെ അത്ഭുതാവഹമായി ദർശിക്കാം.
ഓരോ രൂപകൽപ്പനകളും നിരീക്ഷിച്ചാൽ അവ കുട്ടികളുടെ മനസ്സിലെ ഭാവനയെയും അന്വേഷണാത്മകതയെയും ചൈതന്യവത്താക്കുവാൻ ഉതകുന്നതാണെന്ന് നിസ്സംശയം പറയാം.
 
സന്യാസി കുട്ടികളോട് കൂട്ടുകാരൻ്റെ ജീവൻ രക്ഷിക്കുവാൻ “ക്രിസ്റ്റൽ സ്വീറ്റ്നെസ്സ്” എന്ന ദിവ്യഫലം എത്തിച്ചു കൊടുക്കണം എന്നാവശ്യപ്പെടുന്നത് ഒരു പരീക്ഷയായിരുന്നു.
അവരുടെ ഹൃദയത്തിലെ കരുണയുടെയും ആത്മാർത്ഥതയുടെയും ആഴം പരിശോധിക്കുന്ന പരീക്ഷ. ദിവ്യഫലം തേടി പലയിടങ്ങളിലും കുട്ടികൾ അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.
“നിങ്ങളുടെ ഉത്സാഹവും ശ്രമവുമാണ് മഹത്തായത്, അതിന് തീർച്ചയായും ഫലം ലഭിക്കും”
മാതാവിൻ്റെ വാക്കുകൾ അവർക്ക് ഊർജം പകരുന്നു.
 
ജീവിതനാണയത്തിൻ്റെ ഒരു വശം മാത്രമാണ് പരാജയം എന്ന തിരിച്ചറിവ് കുഞ്ഞുമനസ്സുകളെ ബോധ്യപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം കൂടിയാണ്.
ലഹരിപോലെയുള്ള ചിലന്തിവലകളിൽ കുടുങ്ങാതിരിക്കുവാൻ മാതാപിതാക്കളുടെ പിൻബലം തീർച്ചയായും കരുത്തു പകരുമെന്ന സന്ദേശവും കഥാകൃത്ത് ചൂണ്ടിക്കാണിക്കുന്നു.
 
മികവുറ്റ കാഴ്ചകളിലും, ആധുനിക സാങ്കേതിക വിദ്യയിലൂടെ മെനഞ്ഞെടുത്ത ജീവൻ തുളുമ്പുന്ന വർണ്ണചിത്രങ്ങളിലുമായി
ഈ സന്ദർഭങ്ങളെല്ലാം പ്രശാന്ത് പഴയിടം ഉജ്ജ്വലമാക്കുന്നുണ്ട്.
 
മനുവിൻ്റെ രോഗം മാറിയതായി അശോകും വിനുവും അറിയുന്ന സന്ദർഭത്തെ ലളിതമായ ഭാഷയിൽ കഥാകൃത്ത് വിവരിക്കുമ്പോൾ വായനക്കാരുടെ ഹൃദയം നിഷ്കളങ്ക സ്നേഹത്തിൻ്റെ സ്വർഗീയതലത്തെ സ്പർശിക്കുന്നു. സന്യാസി മനുവിൻ്റെ വീട്ടിലെത്തിയാണ് ഔഷധം നൽകിയതെന്ന് അശോകും വിനുവും മനസ്സിലാക്കുന്നു.
അവർക്ക് നൽകുവാൻ സന്യാസി ഒരു കത്ത് മനുവിനെ ഏൽപ്പിക്കുന്നു. അതിൽ കുഞ്ഞുങ്ങൾ അറിയേണ്ട ഗുണപാഠങ്ങളും മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു.
 
ക്രിസ്റ്റൽ സ്വീറ്റ്നെസ്സ് തേടി നടന്നു നേടേണ്ട ഭൗതിക വസ്തുവല്ല, മനുഷ്യഹൃദയത്തിൽ തിളങ്ങുന്ന നന്മയുടെ ദിവ്യദീപ്തി തന്നെയാണ്.
സ്ഫടികം പോലെയത് തിളങ്ങുന്നത് മറ്റുള്ളവരുടെ വേദന മനസ്സിലാക്കുമ്പോളാണ്. മിഴിവോടെ ശോഭിക്കുന്നത് സ്നേഹം പങ്കുവയ്ക്കുമ്പോളാണ്.
സഹാനുഭൂതിയാണ് ക്രിസ്റ്റൽ സ്വീറ്റ്നെസിന് മധുരം പകരുന്നത്.
 
സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ നിലനിൽക്കുന്ന കാലമാണ്. ഹൃദയത്തിൽ നിന്നുള്ള സൗഹൃദമാണ് വരും തലമുറകൾ തേടേണ്ടത്.
സൗഹൃദമില്ലാത്ത ജീവിതം പൂക്കളില്ലാത്ത പൂന്തോട്ടം പോലെയാണ്. സൗഹൃദത്തിൻ്റെ ശ്രേഷ്ഠത ബാലമനസ്സുകളിൽ സംഗീതം പോലെ നിറയ്ക്കുവാൻ
ഈ പുസ്തകത്തിന് സാധിക്കുന്നു.
 
സ്നേഹത്തിൻ്റെ തേൻ തുള്ളികളും കരുണയുടെ കാന്തിയും സൗഹൃദത്തിൻ്റെ പുഞ്ചിരിയും ബാലമനസ്സുകളിൽ വെളിച്ചം വിതറുവാനുള്ള
പ്രശാന്ത് പഴയിടത്തിൻ്റെ ശ്രമം പൂർണ്ണമായും വിജയിച്ചിട്ടുണ്ട്.
 
നന്മയുടെ മധുരഫലമായി ഈ പുസ്തകം ധാരാളം വായിക്കപ്പെടട്ടെ.