ഒരുപാട് കല്ലുകൾ പെറുക്കി കൂട്ടിവെക്കുന്ന ഒരു നാറാണത്തു ഭ്രാന്തിയാണ് ഞാൻ.
വഴിയിൽ കല്ല് കണ്ടാൽ ചിലപ്പോൾ അതിനെ എടുത്ത് കുറച്ചുനേരം കൈയിൽ പിടിക്കും. ചിലത് മാറോടു ചേർത്തുപിടിക്കും. അപ്പോൾ എന്റെ മനസ്സിൽ എന്തൊക്കെയോ വ്യാമോഹങ്ങൾ വരും.
ഇത് വായിക്കുന്ന നിങ്ങൾ വിചാരിച്ചേക്കാം,
“ഇവൾക്ക് ഇതുവരെ ലൗകികചിന്ത മാറിയിട്ടില്ലേ? "
സത്യമായും എനിക്ക് ലൗഗീക ചിന്തയില്ല ആവേശമില്ല.
ആത്മീയമായ ചിന്തയാണ് ".
എനിക്ക് കല്ലുകളോട് ഒരു പ്രത്യേക സ്നേഹമുണ്ട്.
എന്റെ ആഫ്രിക്കൻ യാത്രകളിൽ ഞാൻ പെറുക്കിയെടുത്ത ഓരോ കല്ലിനും ഓരോ കഥയുണ്ട്.
ചില കല്ലുകൾ കണ്ടപ്പോൾ ഒരു മനുഷ്യന്റെ മുഖം ഓർമ്മ വന്നു.
ചിലത് ഒരു വഴിയെ ഓർമ്മിപ്പിച്ചു.
ചിലത് ഞാൻ കടന്നുപോയ ഒരു കഷ്ടകാലത്തെ.
ചിലത് സന്തോഷമുള്ള ഒരു ദിവസത്തെ.
അങ്ങനെ കല്ലുകളെ പെറുക്കിയും അവയോട് കഥ പറഞ്ഞും നടന്നാണ് ഞാൻ ഒരിക്കൽ ഗോത്രവർഗ്ഗക്കാരുടെ പഴയ ജീവിതത്തിന്റെ അടയാളങ്ങൾ ഒളിപ്പിച്ചുവച്ചിരുന്ന കുബുദി പ്രദേശത്തേക്ക് എത്തിയത്.
കാട്ടുവഴിയിലൂടെ നടക്കുമ്പോൾ മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം പതിയെ താഴേക്ക് വീഴുന്നുണ്ടായിരുന്നു.
അവിടെ പാറകൾ മാത്രമല്ല ഉണ്ടായിരുന്നത്.
പാറകൾക്കിടയിൽ ഒരു പഴയ ജീവിതം കിടന്നുറങ്ങുന്നതുപോലെ തോന്നി.
അക്ഷരങ്ങൾ ഉണ്ടാകുന്നതിന് വളരെ മുമ്പുതന്നെ മനുഷ്യൻ കല്ലുകളോട് സംസാരിച്ചിട്ടുണ്ടാകണം.
കല്ലുകൊണ്ട് ഉപകരണങ്ങൾ ഉണ്ടാക്കി.
കല്ലിൽ അടയാളങ്ങൾ വരച്ചു.
കല്ലിന്മേൽ ഇരുന്നു.
കല്ലിനടിയിൽ അഭയം തേടി.
കല്ലുകൾ കൂട്ടി തീ കാത്തു.
ഒരുപക്ഷേ കല്ലിന്റെ മുന്നിൽ നിന്നുതന്നെ പ്രാർത്ഥിച്ചിട്ടുമുണ്ട്.
അപ്പോൾ എനിക്ക് തോന്നി.
അക്ഷരങ്ങൾക്ക് മുമ്പുണ്ടായിരുന്ന പുസ്തകമായിരുന്നു കല്ല്.
ഞാൻ ഒരു വലിയ പാറയുടെ മുകളിൽ കയറി നിന്നു.
താഴേക്ക് നോക്കിയപ്പോൾ പാറക്കൂട്ടങ്ങൾക്കിടയിലൂടെ കാറ്റ് ഓടുന്നു.
ദൂരെ മരങ്ങൾ.
അതിന് അപ്പുറം നീല ആകാശം.
അപ്പോഴാണ് എന്റെ മനസ്സിൽ ഒരു തമാശ വന്നത്.
“ലീലേ... ഇറങ്ങിക്കോ.”
ഇങ്ങനെ എന്റെ മനസ്സിൽ ആരോ വിളിച്ചുപറയുന്നു.
ഞാൻ പെട്ടെന്ന് ചുറ്റും നോക്കി.
ആരും ഇല്ല.
വീണ്ടും കേട്ടോ എന്ന് തോന്നി.
“ഇറങ്ങിക്കോ...”
ഞാൻ പാറയോട് ചോദിച്ചു.
“നീയാണോ പറഞ്ഞത്?”
പാറ മിണ്ടിയില്ല.
ഞാൻ തന്നെ ചിരിച്ചു.
അപ്പോൾ കൂടെയുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡിനോട് ഞാൻ പറഞ്ഞു.
“ഈ പാറ എന്നോട് സംസാരിക്കുന്നുണ്ട്.”
അയാൾ പരിഹാസത്തോടെ
എന്നെ ഒന്നു നോക്കി.
പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു,
“മാഡം, അധികം സമയം വെയിലത്ത് നിന്നാൽ ഇങ്ങനെ തോന്നും.”
അപ്പോഴാണ് എനിക്ക് മനസ്സിലായത്.
എന്റെ മാനസിക വിഭ്രാന്തിക്ക് പോലും ആഫ്രിക്കയിൽ സാക്ഷിയുണ്ട്!
പക്ഷേ സത്യം പറയട്ടെ.
പാറ മിണ്ടിയില്ലെങ്കിലും അതിന്റെ നിശ്ശബ്ദത എനിക്ക് എന്തോ പറഞ്ഞു.
സത്യമായിട്ടും പാറ എന്നോട് സംസാരിച്ചു.. ഞാൻ വേറൊരു രാജ്യക്കാരി ആയതു കൊണ്ട് ആരോട് പറയും ആരും വിശ്വസിക്കുന്നില്ല.
പാറ എന്നോട് പറഞ്ഞത് ഞാൻ കേട്ടതാണ്.
“നിങ്ങൾ മനുഷ്യരെ ഞങ്ങൾക്ക് കാണണ്ട."
നിങ്ങൾ ഈ ലോകത്തിന്റെ പാച്ചിലിൽ ഞങ്ങൾ പാറകളെ ചവിട്ടിച്ചുകൊണ്ട്
തല്ലിപ്പൊട്ടിച്ചുകൊണ്ട്,
ശബ്ദമുള്ളവരെ കേൾക്കാൻ നിങ്ങൾ ഓടിപ്പോകുന്നു. നിങ്ങൾക്ക് അതിനെ, സമയമുള്ളൂ.”
ഹേ മനുഷ്യരെ നിങ്ങൾക്ക്
കേൾക്കാൻ ചെവിയല്ല വേണ്ടത്.
കുറച്ചുനേരം മിണ്ടാതിരിക്കാനുള്ള മനസ്സാണ് വേണ്ടത്.
ബൈബിൾ വായിച്ച കാലം മുതൽ കല്ലുകൾ എനിക്ക് പരിചിതരാണ്.
പത്രോസ്.
പാറയെ ഓർമ്മിപ്പിക്കുന്ന പേര്.
യാക്കോബ് തലവെച്ച് ഉറങ്ങിയ കല്ല്.
സ്തേഫാനോസിനെ കല്ലെറിഞ്ഞ സംഭവം.
കല്ലെറിയാൻ കൊണ്ടുവന്ന സ്ത്രീ.
ലാസറിന്റെ കല്ലറയ്ക്കു മുന്നിലെ കല്ല്.
യേശുവിന്റെ കല്ലറയുടെ വാതിൽ അടച്ചിരുന്ന വലിയ കല്ല്.
ഒരേ കല്ല് തന്നെ മനുഷ്യചരിത്രത്തിൽ എത്ര രൂപം എടുത്തിരിക്കുന്നു!
എവിടെയോ അത് അഭയം.
എവിടെയോ സാക്ഷി.
എവിടെയോ ശിക്ഷയുടെ ആയുധം.
മറ്റൊരിടത്ത് കല്ലറയുടെ വാതിൽ.
അങ്ങനെയിരിക്കെയാണ് ആഫ്രിക്ക എന്നെ മറ്റൊരു കാഴ്ച കാണിച്ചത്.
കല്ലുകൾക്കിടയിൽ പൂക്കൾ.
ആദ്യം കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.
പാറകളുടെ ഇടയിൽ, വരണ്ട മണ്ണിനിടയിൽ, കല്ലുകളെപ്പോലെ തോന്നിക്കുന്ന ചെറിയ ചെടികൾ.
അവയെ കണ്ടാൽ ആദ്യം ചെടിയാണെന്ന് തോന്നില്ല.
കല്ലാണെന്ന് തോന്നും.
അവയുടെ പേര് ലിഥോപ്സ്.
ജീവിച്ചിരിക്കുന്ന കല്ലുകളെപ്പോലെ തോന്നുന്ന ചെടികൾ.
ശരിയായ കാലാവസ്ഥയും സമയവും കിട്ടുമ്പോൾ അവയുടെ ഇടയിൽ നിന്ന് പൂക്കൾ പുറത്തുവരും.
അന്ന് ഞാൻ കണ്ടത് അതായിരുന്നു.
കല്ലുകൾ പൂക്കുകയായിരുന്നു.
പാറയുടെ നെഞ്ചിൽ നിന്ന് ഒരു ചെറിയ പൂവ് തലപൊക്കുന്നത് കണ്ടപ്പോൾ ഞാൻ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.
പാറകൾക്ക് വലിയ പ്രസംഗങ്ങളൊന്നും വേണ്ട.
പ്രകൃതിക്കും വേണ്ട.
ഒരു ചെറിയ പൂവ് മതി.
അത് പറയുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്.
വരണ്ടിടത്തും ജീവിതം വഴികണ്ടെത്തും.
അവിടെ നിന്നു വീണ്ടും യാത്ര തുടർന്നു.
പെട്ടെന്ന് കാട്ടുപന്നികളുടെ ഒരു കൂട്ടം ഞങ്ങളുടെ മുന്നിലൂടെ ഓടിപ്പോയി.
മരങ്ങളുടെ മുകളിൽ പല നിറങ്ങളിലുള്ള പക്ഷികൾ.
റോഡിന്റെ അരികിൽ ആടുകളും കന്നുകാലികളും.
കഴുതകളും കുതിരകളും.
കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന മനുഷ്യരുടെ ശബ്ദം.
കാട് തന്നെയായിരുന്നു.
പക്ഷേ അതിനുള്ളിൽ മനുഷ്യജീവിതവും മൃഗജീവിതവും ഒരുമിച്ച് ഓടിക്കൊണ്ടിരുന്നു.
ആകാശത്തോളം ഉയർന്ന പാറകളുടെ മുകളിൽ മേഘങ്ങൾ വന്ന് ഉരസിനിൽക്കുന്നത് നോക്കിനിൽക്കുമ്പോൾ എന്റെ മനസ്സിൽ വീണ്ടും ഒരു കുസൃതി.
“ഇവ മഴ ചോദിക്കുകയാണോ?”
ചെറുപ്പകാലത്തുള്ള
പ്രണയലഹരിയിൽ മുങ്ങി കുളിച്ച എനിക്ക് അതൊക്കെ കണ്ടാൽ എളുപ്പം മനസ്സിലാകും..
പിന്നെ ഞാൻ തന്നെകുസൃതി കൊണ്ടു അലങ്കരിച്ചു പറഞ്ഞു,
“ഹോ!!പാറകൾ മഴയോടു പ്രണയാഭ്യർത്ഥന നടത്തുന്നു!
എന്റെ ദൈവമേ കഷ്ടകാലത്തിന് ഞാൻ ഉറക്ക പറഞ്ഞു.
ടൂറിസ്റ്റ് ഗൈഡ് കേട്ടിട്ട് പറഞ്ഞു ഇങ്ങനെയുള്ളവരെ വേണം നാടുകാണാൻ കൊണ്ടു നടക്കേണ്ടത്.
ആഫ്രിക്കയിൽ എത്തിയാൽ ചില ചോദ്യങ്ങൾ നമ്മൾ ചോദിക്കാതെ തന്നെ മനസ്സിൽ വരും.
കുറച്ചുകൂടി അകത്തേക്ക് പോയപ്പോൾ ഒരു ഗോത്രമുത്തശ്ശിയെ കണ്ടു.
അവൾ തീ കത്തിക്കുകയായിരുന്നു.
മൂന്നു കാലുള്ള ഒരു പഴയ പാത്രം തീയുടെ മുകളിൽ.
പാത്രത്തിനുള്ളിൽ എന്തോ തിളയ്ക്കുന്നു.
അവൾ എന്നെ നോക്കി ചിരിച്ചു.
ഞാനും ചിരിച്ചു.
അവിടെ വലിയ ഹോട്ടലൊന്നുമില്ല.
മെനു കാർഡുമില്ല.
പക്ഷേ ആ പുകമണം മാത്രം മതി.
ജീവിതം അവിടെ പാകം ചെയ്യപ്പെടുകയായിരുന്നു.
ആ കാഴ്ച കണ്ടപ്പോൾ ഞാൻ വീണ്ടും എന്റെ കല്ലുകളെ ഓർത്തു.
നമുക്ക് കല്ല് ഒരു നിർജ്ജീവ വസ്തുവാണ്.
പക്ഷേ മനുഷ്യന്റെ പഴയ ജീവിതത്തിലേക്ക് നോക്കിയാൽ കല്ലിന് എത്രയോ ജോലികളുണ്ടായിരുന്നു.
വീടുകൾ.
വഴികൾ.
അടുപ്പുകൾ.
കൃഷിയിടങ്ങൾ.
സംരക്ഷണം.
ഓർമ്മകൾ.
പാരമ്പര്യം.
എല്ലാത്തിനും കല്ല് സാക്ഷിയായി നിന്നിട്ടുണ്ട്.
ആഫ്രിക്കയിൽ എത്തിയ കാലം മുതൽ ഞാൻ പെറുക്കിയെടുത്ത ചെറിയ കല്ലുകളും അങ്ങനെയാണ്.
വിലയേറിയ രത്നങ്ങളൊന്നുമല്ല.
സ്വർണ്ണമൊന്നുമല്ല.
വീട്ടിൽ കൊണ്ടുവന്ന് കാണിച്ചാൽ ചിലർ ചോദിക്കും,
“ഇതെന്തിനാണ് പെറുക്കി കൊണ്ടുവന്നത്?”
എനിക്ക് അതിന് വലിയ മറുപടിയൊന്നുമില്ല.
ഞാൻ പറയും,
“ഇത് കല്ലല്ല.”
“പിന്നെ?”
“ഒരു ഓർമ്മയാണ്.”
ഒരു കല്ല് കൈയിലെടുക്കുമ്പോൾ ഞാൻ അതിനോട് ചോദിക്കും,
“നീ എവിടെ നിന്നാണ് വന്നത്?”
കല്ല് ഒന്നും പറയില്ല.
പക്ഷേ എന്റെ ഓർമ്മ പറയും.
ഇവിടെ ഞാൻ നിന്നിരുന്നു.
ഇവിടെ മഴ പെയ്തിരുന്നു.
ഇവിടെ ഒരു കാട്ടുമൃഗത്തെ കണ്ടിരുന്നു.
ഇവിടെ ഒരു ഗോത്രമുത്തശ്ശി എന്നെ നോക്കി ചിരിച്ചിരുന്നു.
ഇവിടെയായിരുന്നു ഞാൻ പേടിച്ചത്.
ഇവിടെയായിരുന്നു ഞാൻ സന്തോഷിച്ചത്.
അങ്ങനെയാകുമ്പോൾ പാഴായ കല്ലുകൾ എന്നൊന്നില്ല.
നമ്മൾ അതിന്റെ വില മനസ്സിലാക്കിയില്ല എന്നേയുള്ളൂ.
ഒരു കല്ല് ഒരു മലയുടെ ഭാഗമായിരിക്കാം.
ഒരു നദി ദൂരെ നിന്ന് കൊണ്ടുവന്നതായിരിക്കാം.
ഒരു കാലത്ത് മനുഷ്യന്റെ കൈയിൽ ഉണ്ടായിരുന്നതായിരിക്കാം.
ആർക്കും അറിയാത്ത ഒരു കാലത്തിന്റെ അടയാളമായിരിക്കാം.
കല്ല് നിശ്ശബ്ദമാണ്.
ചരിത്രവും പലപ്പോഴും നിശ്ശബ്ദമാണ്.
പക്ഷേ കേൾക്കാൻ മനസ്സുള്ളവനോട് രണ്ടും സംസാരിക്കും.
കുബുദിയിലെ ആ പാറകൾക്കിടയിൽ നിന്ന് തിരിഞ്ഞുനടക്കുമ്പോൾ ഞാൻ വീണ്ടും ഒരു ചെറിയ കല്ല് പെറുക്കിയെടുത്തു.
കൈയിൽ വെച്ചു.
കുറച്ചുനേരം നോക്കി.
പിന്നെ പതിവുപോലെ എന്റെ ബാഗിലിട്ടു.
ആരും ചോദിച്ചാൽ ഞാൻ പറയും,
“ഇത് ഒരു കല്ലല്ല.
ഞാൻ ആഫ്രിക്കയിൽ കണ്ട ഒരു ദിവസമാണ്.”