പ്രണയനീലാംബുജങ്ങള്‍ വിടരുമ്പോള്‍: ഹൃദയരാഗം ; കെ. ആര്‍ മോഹന്‍ദാസ്

Sep 5, 2026 - 09:36
Sep 5, 2026 - 10:09
 0  31
പ്രണയനീലാംബുജങ്ങള്‍ വിടരുമ്പോള്‍: ഹൃദയരാഗം ; കെ. ആര്‍ മോഹന്‍ദാസ്

നപ്രിയ സിനിമകളുടെ സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനായ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ചിത്രമാണ് സത്യവാൻ സാവിത്രി. എസ്. എൽ. പുരം സദാനന്ദൻ തിരക്കഥയെഴുതിയ ഈ ചിത്രം, മഹാഭാരതത്തിലെ സാവിത്രി എന്ന കഥാപാത്രത്തിന്‍റെ കഥയെ ആസ്പദമാക്കി ഒരുക്കിയതാണ്.

കമലഹാസനും ശ്രീദേവിയും നായികാനായകന്മാരായി എത്തിയ ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു.  ശ്രീകുമാരൻ തമ്പിയു‍ടെ വരികള്‍ക്ക് ️️ദേവരാജൻ മാസ്റ്റര്‍ ഈണം നല്‍കി  ദാസേട്ടന്‍ പാടിയ നീലാംബുജങ്ങൾ വിടർന്നു എന്ന  ഗാനത്തിന് അസാധരണമായ വശീകരണ ശക്തിയുണ്ട്.

ആശ്രമത്തിലേക്ക് വിറക് ശേഖരിക്കാൻ കാട്ടിലൂടെ പോകുന്ന സത്യവാൻ, പ്രകൃതിയുടെ നിശ്ശബ്ദതയിലും ഏകാന്തതയിലും ഹൃദയം നിറഞ്ഞ് പാടുന്ന ഗാനമാണ് ഈ ഗാനസന്ദർഭത്തിന് പിന്നിലുള്ളത്. അതിമനോഹരമായ പ്രണയഗീതമാണ്  നീലാംബുജങ്ങൾ വിടർന്നു എന്ന ഗാനം.

പ്രിയ 'ദേവി  

അരുവിയില്‍ നീല പത്മങ്ങൾ വിടര്‍ന്നതും 
വാനില്‍ നിറമാലകള്‍ തെളിഞ്ഞതും നീലത്താമരയിതള്‍ പോലുള്ള കണ്ണുകളോടുകൂടിയവളും കരിമുകില്‍ തോല്‍ക്കും അളകങ്ങളോടു കൂടിയവളുമായ നിനക്കു വേണ്ടിയാണ്.

നീലാംബുജങ്ങൾ വിടർന്നു
നീലാരവിന്ദായദാക്ഷിയെ തേടി
നീലാംബുജങ്ങൾ വിടർന്നു
നിറമാല വാനിൽ തെളിഞ്ഞു
നീരദവേണിയാം ദേവിയെ തേടി
നിറമാല വാനിൽ തെളിഞ്ഞു 


സ്വപ്നങ്ങളില്‍ അനുരാഗഗീതങ്ങള്‍ പാടി മറയുന്ന ആ പ്രവാഹിനിയെ,  എന്‍റെ ഗാനകല്ലോലിനിയെ നീ കണ്ടതുണ്ടോ?
തളിര്‍ത്തുനില്‍ക്കുന്ന ആരാമദേവതയോടാണ് വിരഹാര്‍ത്തനായ കാമുകന്‍ തന്‍റെ പ്രണയിനിയെക്കുറിച്ച് ആരായുന്നത്. 

ആരാമദേവതേ നീ കണ്ടതുണ്ടോ
ആ ഗാനകല്ലോലിനിയെ
ഓരോ കിനാവിലും അനുരാഗഗീതങ്ങൾ
പാടി മറയും പ്രവാഹിനിയെ
സ്വപ്‌നം ചിലപ്പോൾ ഫലിക്കുമല്ലോ
അന്നെൻ ചിത്രത്തിൻ ജീവൻ തുടിക്കുമല്ലോ 

ആലോലം പാടിവരുന്ന കാറ്റേ, ഓരോ ഋതുവിലും മോഹപുഷ്പങ്ങള്‍ തൂവി മറയുന്ന നിരാമയിയായ എന്‍റെ പ്രണയിനിയെ,  ആ സ്വര്‍ഗവൃന്ദാവനിയെ നീ പുണര്‍ന്നിട്ടുണ്ടോ എന്ന കാമുകന്‍റെ ചോദ്യം വിലോലവും പ്രണയാർദ്രവുമാണ്. 

ആലോലംകാറ്റേ നീ പുൽകിയതുണ്ടോ
ആ സ്വർഗ്ഗവൃന്ദാവനിയെ
ഓരോ ഋതുവിലും അഭിലാഷപുഷ്‌പങ്ങൾ
തൂവി മറയും നിരാമയിയെ
സ്വപ്‌നം ചിലപ്പോൾ ഫലിക്കുമല്ലോ
അന്നെൻ ചിത്രത്തിൻ ജീവൻ തുടിക്കുമല്ലോ 

 ഈ ഗാനം ശരിക്കും നമ്മളെ ഗാഢം പുണരും. ആ ആലിംഗനത്തിന്‍റെ സ്വപ്നസുഗന്ധത്തഴുകലില്‍ ശ്രോതാവ് അലിഞ്ഞുപോവും.

കമലാഹാസനും ശ്രീദേവിയുമാണ് ഈ ഗാനരംഗത്തിലെ വിസ്മയ നക്ഷത്രങ്ങൾ. 

ശ്രീദേവിയുടെ വിടർന്ന കണ്ണുകൾക്ക് എന്തൊരു ഭംഗിയാണ്.... ഇമ ചിമ്മുമ്പോൾ മന്ദഹാസം പൊഴിക്കുന്ന കണ്ണുകൾ....ശരിക്കും നീലാരവിന്ദായദാക്ഷിയാണ് ശ്രീദേവി.

നീലാരവിന്ദായദാക്ഷി എന്നാല്‍ നീലത്താമയിതള്‍ പോലുള്ള കണ്ണുകളോടുകൂടിയവള്‍, നീരദവേണിയാം ദേവി, ഗാനകല്ലോലിനി, പ്രവാഹിനി, സ്വർഗ്ഗവൃന്ദാവനി,  പ്രണയിനിയെ ഇതില്‍പ്പരം എങ്ങനെ വര്‍ണ്ണിക്കാനാവും?

കവിതയും പ്രണയവും സംഗീതവും പൂക്കളും നക്ഷത്രങ്ങളും സംഗമിക്കുന്ന ഗാനം….

നീലാംബുജങ്ങൾ വിടർന്നു ....