ഉന്മാദികളുടെ ഉത്‌സവവേളകൾ: കവിത

Sep 21, 2026 - 09:31
Sep 21, 2026 - 09:33
 0  32
ഉന്മാദികളുടെ ഉത്‌സവവേളകൾ: കവിത
മിനി സുരേഷ്
ഘടികാരങ്ങളെ തകർത്തുല്ലസിക്കുമെന്നും
ഉന്മാദികളുടെ ഉത്സവവേളകൾ
സമയമല്ലഹൃദയമിടിപ്പുകളാണവിടെ 
നാദം മുഴക്കുന്നത്
തല കീഴായ ആകാശത്തിനൊടുവിൽ
നക്ഷത്രങ്ങൾ ചിരി പൊഴിക്കും
തെറ്റെന്ന് വിളിച്ച ലോകം
സത്യം തേടിയലയും
കണ്ണീരും ചിരിയുമിണ ചേർന്ന്
രാത്രികളിൽ ഒരേ വസ്‌ത്രം ധരിക്കും
വേദനകൾ പോലും നടനമാടുന്ന
 നിയമങ്ങളില്ലാത്ത നിമിഷങ്ങളിൽ
മൗനങ്ങൾ പോലുമുച്ചത്തിൽ
പാടാനവകാശം തേടും
ലോകം വിളിക്കുന്ന ഉന്മാദം
സ്വാതന്ത്ര്യത്തിൻ മറുപേര്
ജീവിതത്തെ പൂർണ്ണമായി സ്‌നേഹിക്കുന്നവർക്ക്
ഉന്മാദത്തിനിടവേളകളില്ല