ഭ്രാന്തിൻ്റെ ഉമ്മറപ്പടി: കവിത , നിഖിലേഷ് നടുവണ്ണൂർ

ഭ്രാന്തിൻ്റെ ഉമ്മറപ്പടി: കവിത , നിഖിലേഷ് നടുവണ്ണൂർ

 

ഏകാകിയായ ഒരുവൻ്റെ അശാന്തിയുടെ മുറ്റത്ത് ഉന്മാദിയായ ഒരു പൂ വിടരും.

 

ഋതുഭേദങ്ങളുടെ വേലിയേറ്റങ്ങളിൽ ഓരോ ഇതളും സുഗന്ധങ്ങളഴിച്ചുവിടും.

 

നിറങ്ങൾ ചുരത്തുന്ന വസന്തത്തിൻ്റെ മിടിപ്പുകൾ പൂങ്കവിളിതളിൽ തുടിയ്ക്കും

 

വെയിൽപ്പുരയിൽ വൈകി മാത്രമുറങ്ങുന്ന ഗ്രീഷ്മശലഭം പൂവിന് മിഴിയിതളാകും

 

ഹിമക്കാടിലേക്ക് ഇലകൾ പൊഴിക്കുന്ന ശ്രാവണനിലാവ് പൂവിന് നുണക്കുഴി പണിയും

 

പണിതീർന്നൊരു ശിശിരമേഘശിൽപ്പം പൂവിൻ്റെ നെഞ്ചിൽ കുളിരിൻ്റെയിതൾ ചേർത്തു വയ്ക്കും.

 

ഋതുക്കളുമ്മവച്ച പൂവൊരാരാമമാകും ..

 

നോക്കിനിൽക്കെ ഒരുച്ചവെയിൽപ്പരുന്ത് പൂവിനെയും റാഞ്ചിപ്പറക്കും.

 

അപ്പോൾ ഒറ്റ ഋതു മാത്രം ബാക്കിയാകുന്ന ഏകാകിയുടെ മുറ്റത്ത് ഭ്രാന്തിൻ്റെ പക്ഷികൾ ചേക്കേറിയിട്ടുണ്ടാവും..