മണിപ്പൂരിലെ തീ അണയുന്നില്ല

രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലയില്‍ വീണ്ടും അശാന്തി നിറയുന്നു. കഴിഞ്ഞ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ നടന്ന അക്രമങ്ങൾക്ക് ശമനമുണ്ടായെങ്കിലും കഴിഞ്ഞദിവസം വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയിരിക്കുന്നു. എഴുപതിലേറെ ആളുകൾ മരിക്കുന്നതിനിടയാക്കുകയും പതിനായിരങ്ങളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്ത മണിപ്പൂർ സംഘർഷം രാജ്യമാകെ ആശങ്കയുയർത്തുന്നു.
മെയ്തേയ് വിഭാഗം പട്ടികവര്‍ഗ പദവിയ്‌ക്കായി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ക്കെതിരായിരുന്നു മാര്‍ച്ച്. 53 ശതമാനത്തോളം വരുന്ന മെയ്തേയ് വിഭാഗത്തില്‍ മഹാഭൂരിപക്ഷവും ഹൈന്ദവരും ഗോത്രവിഭാഗത്തിൽ 42 ശതമാനത്തോളം ക്രൈസ്തവരുമാണ്. മെയ്തേയ് വിഭാഗത്തിന് ഗോത്രവര്‍ഗ മേഖലയില്‍ ഭൂമി വാങ്ങാൻ അനുവാദമില്ലെങ്കിലും ഗോത്രവര്‍ഗക്കാര്‍ക്ക് താഴ്‌വരയില്‍ ഭൂമി വാങ്ങാങ്ങാൻ തടസമില്ല .എസ്‌ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്ന് മെയ്തേയ് വിഭാഗക്കാര്‍ കരുതുന്നു. മാര്‍ച്ച് 27ന് മണിപ്പുര്‍ ഹൈക്കോടതി മെയ്തേയ് വിഭാഗത്തെ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്താൻ കേന്ദ്രത്തിനു ശിപാര്‍ശ നല്‍കാൻ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി. ചില മെയ്‌തേയ് വിഭാഗങ്ങള്‍ എസ്‌സി, ഒബിസി ലിസ്റ്റുകളില്‍ സ്ഥാനമുള്ളവരാണ്. എന്നാല്‍ മെയ്‌തേയ് സമുദായത്തെ മുഴുവന്‍ പട്ടിക വര്‍ഗമായി കണക്കാക്കണം എന്നാണ് അവരുടെ ആവശ്യം. സര്‍ക്കാര്‍ ജോലികളിലും മറ്റും അവര്‍ക്കാണ് മേല്‍ക്കൈ. മെയ്തേയ് വിഭാഗത്തിന് പട്ടിക വര്‍ഗ പദവികൂടി നല്‍കിയാല്‍ തങ്ങള്‍ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുമെന്ന് ഗോത്രവര്‍ഗക്കാർ ഭയക്കുന്നു .
ഫെബ്രുവരിയില്‍ വനമേഖലയില്‍ നടത്തിയ കുടിയൊഴിപ്പിക്കലുകള്‍ ഗോത്രവര്‍ഗക്കാരെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ, ഏപ്രില്‍ 11ന് അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നാരോപിച്ച് സര്‍ക്കാര്‍ ഇംഫാലില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തത് സ്ഥിതി വഷളാക്കി .
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തിവിഭാഗം കൂടുതലും താമസിക്കുന്നത് ഇംഫാല്‍ താഴ്‌വരയിലാണ്. കുക്കികളും നാഗകളുമടക്കമുള്ള 40 ശതമാനം ഗോതവര്‍ഗം മലയോര ജില്ലകളിലും താമസിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ശക്തമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന വനാവകാശ നിയമത്തെ കുക്കികള്‍ ഭയക്കുന്നു . ഇന്ത്യൻ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371 സി പ്രകാരം മണിപ്പൂരിലെ ആദിവാസി ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നിനെതിരായ യുദ്ധം എന്ന പേരില്‍ തങ്ങളെ ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കാനാണ് നീക്കമെന്ന് കുക്കികള്‍ ആശങ്കപ്പെടുന്നു. ഇത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുഭൂരിപക്ഷമായ മെയ്തികളുടെ നീക്കമായാണ് കാണുന്നത്.