ഓണത്തുമ്പിയും തുമ്പപ്പൂക്കളും: കവിത *

ചെറിയാൻ ടി കീക്കാട്, ദുബായ്
ഉത്രാട പൊൻനിലാവിൽ ആവണി പാട്ടുപാടാൻ
ഓണനിലാവേ നീ പോരുമോ
ഒരു മേഘച്ചോലയിൽ ഈറൻ കുളിരുമായി
ചിങ്ങകാറ്റേ നീ വരുമോ
ഒരു കൈകുടന്ന നിറയെ തുമ്പപ്പൂക്കളുമായി
ഓണത്തുമ്പി നീ പറന്നു വരുമോ?
പുഞ്ചവയൽപ്പാടങ്ങളിൽ ഞാറ്റുവേലപ്പാട്ടിൻ
ഈരടികൾ പാടും പെണ്ണാളെ
പൊൻകതിർ കൊയ്യാം
പുത്തരി ചോറു വിളമ്പാം
ഓർമ്മതൻ തിരുമുറ്റത്ത് ഒരുമയുടെ
അത്തപൂക്കളം തീർക്കാം
മാവലിതമ്പ്രാനെ വരവേൽക്കാം
മനസ്സിൻ തൂശനിലയിൽ
സ്നേഹത്തിൻ വറ്റുകൾ പങ്കു വയ്ക്കാം.
ആറൻമുള പള്ളിയോടമേറി
ആർപ്പുവിളിയുമായി വള്ളപ്പാട്ടിൻ ഈരടി പാടാൻ
വള്ള സദ്യയുണ്ണാൻ ഒരുമയുടെ മുത്തുക്കുട ചൂടി
തുഴയെറിയാം നമുക്കിനി
പാർത്ഥസാരഥിയെ തൊഴുതുവണങ്ങി
പമ്പാ നദിയിൽ മുങ്ങിക്കുളിച്ച് ആറൻമുള
കണ്ണാടിയിൽ മുഖം മിനുക്കി ഓണപ്പുടവ ചുറ്റി
ഒരു വല്ലം നിറയെ സ്നേഹപൂക്കളുമായി
ഓണത്തുമ്പീ ഓടിവായോ
നിരയായി ഒരു വരിയിൽ ഒന്നിച്ചിരുന്ന്
പരിപ്പും പപ്പടവും നെയ്യും കാലനും ഓലനും സാമ്പാറും
അവിയലും തോരനും പച്ചടി കിച്ചടി പുളിശ്ശേരി എരശ്ശേരി
പുന്നെല്ലിൽ പുത്തനരി ചോറുവിളമ്പിയും
പ്രഥമൻ്റെ മധുരം നുകർന്ന പൂർവ്വ കാലസ്മൃതികളിലെ
നന്മകളുടെ നേർക്കാഴ്ചയായിരുന്നെന്റെ ഓണം
തൊടിയിലെ പൂവിറുത്ത് അത്തപ്പൂക്കളമിട്ടതും
മൂവാണ്ടൻ മാവിൻ കൊമ്പത്ത് ഊഞ്ഞാലാടി തിമിത്തതും
കറുകപുല്ലിൽ കടുവവേഷം കെട്ടി
ഊരു ചുറ്റിയതും ഞാൻ ഓർത്തു പോയി
ഇന്നെന്റെ തൊടിയിലെ ഓർമ്മപ്പൂക്കളെല്ലാം വാടി
മനസ്സിൻ മുറ്റത്തു മൺചട്ടിയിൽ മണമില്ലാ പുഷ്പങ്ങൾ മാത്രം
ഓർമ്മതൻ കുളക്കടവിൽ എണ്ണ തേച്ചു കുളിച്ചതും
കാവണിയുടുത്തു അമ്പലനടയിലും പാടവരമ്പിലൂടെ
നിന്റെ നിഴലായി നടന്നതും ഞാൻ ഓർത്തു പോയി
ഓണപ്പാട്ടിൻ ഈണം മറന്നു പോയ വേണുനാദവും
ഓർമ്മയിലെ ഓണവെയിലിന് നിറംമങ്ങിയതും
ഓണത്തുമ്പി ഞാനറിഞ്ഞില്ല.....
വാനരവേഷം കെട്ടി നരാധനമന്മാർ അളന്നു തീർത്ത
ഈരേഴു പതിന്നാലുലോകവുമിന്ന് അടക്കി വാഴുന്നു.
നെറികേടിൻ നിറുകയിൽ പ്രകൃതിയെ വികൃതമാക്കി
മല വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി ചൂരമലകളും
ദുരിതക്കയങ്ങളുടെ ആഴങ്ങളിലെക്ക്
താണുപോയി ബന്ധങ്ങളും സ്വപ്നങ്ങളും.
മാവേലി മന്ന തലചായ്ക്കാൻ ഒരിടമില്ല
മൂന്നടി മണ്ണില്ലെങ്കിലും മഴനനയാതെ
മക്കളെ ചേർത്തു പിടിച്ചു നിൽക്കാൻ
ഓലക്കുടയൊരു മറയായി തരുമോ....
മലയാൺമയുടെ മാമാങ്കം കൊടിയേറുമീ
മലയാള മണ്ണിൻ്റെ മഹോത്സവം .....
ഒരുമയുടെ ഓണോത്സവം
ഓണത്തുമ്പി ഓടി വരുമോ കൈകുടന്ന നിറയെ
ഒരു പിടി തുമ്പപ്പൂക്കളുമായി....