കൂട്ടിലകപ്പെട്ട പൈങ്കിളി; മിനിക്കഥ

കൂട്ടിലകപ്പെട്ട പൈങ്കിളി;  മിനിക്കഥ

 സുജ ശശികുമാർ

ജോജോവിൻ്റെ ഇഷ്ട്ടപ്രകാരം ഒരു പഞ്ചവർണ്ണ തത്തയെ വീട്ടിലേക്ക് വാങ്ങിച്ചു.
രണ്ടു ദിവസം പരിപാലിച്ച് അവൻ ജോലി സ്ഥലത്തേക്ക് മടങ്ങി. എൽസയ്ക്കും ജോബിയ്ക്കും ജോലിത്തിരക്ക് കാരണം തത്തയെ ശ്രദ്ധിക്കാനെ കഴിയാതെയായി. അതിന് ഒരു തുള്ളി വെള്ളമോ ഭക്ഷണമോ കൊടുക്കാൻ നേരമില്ലാ.. അങ്ങനെ തത്തയാകെ വിഷമിച്ചു. അത് എന്തെല്ലാമോ വഴക്ക് പറയും പോലെ അവർക്കു തോന്നി.
ശ്ശൊ.. ഇത് വലിയ ശല്ല്യമായല്ലോ..എന്നും പറഞ്ഞ് എൽസ ഒരു പഴം വെച്ചു നീട്ടി.
അതിന് പിടിക്കാത്ത പോലെ ഒരു കൊത്തു വെച്ചു കൊടുത്തു.
ഹൊ , പക്ഷിയാണേലും എന്തൊരഹങ്കാരം..
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്ന രണ്ടു പേരെയും നോക്കി കൂട്ടിലെ തത്ത കളിയാക്കിചിരിച്ചു.
'ഇപ്പോഴെങ്കിലും കൂട്ടിലകപ്പെട്ട എൻ്റെ വീർപ്പുമുട്ടൽ മനസ്സിലായിക്കാണും.
എങ്ങനെയുണ്ട് അകത്തു നിന്നു വട്ടം കറങ്ങി നടക്കാൻ' എന്ന് കിളി ചോദിച്ച പോലെ എൽസക്ക് തോന്നി.
കുറച്ചു ദിവസം കഴിഞ്ഞ് ലോക്ഡൗണിന് ഇളവു വരുത്തിയപ്പോൾ അവൾ കൂടി നടുത്തേയ്ക്ക് വന്ന് തത്തയെ സ്നേഹപൂർവ്വം കയ്യിലെടുത്ത് അകത്തേയ്ക്ക് കൊണ്ടുവന്നു പാലും പഴവും എല്ലാം കൊടുത്തു.
അവളെ കയ്യിൽ നിന്നും സ്വതന്ത്രയാക്കി. സന്തോഷത്തിൽ മതിമറന്ന് അകത്ത് മുഴുവൻപാറിപ്പറക്കുന്ന തത്തയെ നോക്കി എൽസ പറഞ്ഞു.
നമ്മൾ കുറച്ചു ദിവസം ഇതിനകത്ത് അകപ്പെട്ടപ്പോൾ എന്തുമാത്രം ശ്വാസം മുട്ടലനുഭവിച്ചു.
പാവം തത്ത.. ഇതിൻ്റെ അവസ്ഥ മനസ്സിലാക്കാൻ നമുക്കിങ്ങനെ ഒരു കാരണം വേണ്ടി വന്നു. ഇതിൻ്റെ ചിറകുവിടർത്തി സ്വതന്ത്രമായി പാറിപറക്കാനുള അവകാശത്തെയല്ലേ നമ്മൾ ഇല്ലാതാക്കുന്നത്.
സത്യത്തിൽ കൂട്ടിലടയ്ക്കപ്പെട്ട പക്ഷിമൃഗാദികളുടെ ശാപമാവാം ഒരു പരിധി വരെനമ്മൾ അനുഭവിക്കുന്നത്.
ഇന്നവർക്ക് പാറിപ്പറക്കാം, എവിടെ വേണമെങ്കിലും സഞ്ചരിക്കാം. എന്നാൽ നമ്മൾ മനുഷ്യർക്ക് വായ് മൂടിക്കെട്ടി ഒന്നു നേരെ ചൊവ്വെ സംസാരിക്കാൻ കഴിയാതെ സഞ്ചാരസ്വാതന്ത്ര്യവും ഇല്ലാത്ത അവസ്ഥ.
ഇതെല്ലാം നമ്മൾ തന്നെ വരുത്തിയ വിനയാണ്പ്രകൃതിയോടും സർവ്വ ചരാചരങ്ങളോടും മനുഷ്യൻ ചെയ്യുന്ന ദുഷ്പ്രവൃത്തിയുടെ ഫലം. ഇത് നമ്മൾ അനുഭവിച്ചേ മതിയാകൂ...