കവിതയില്‍ വിരിയുന്ന ചരിത്രം; പുസ്‌തകാവലോകനം: ടോബി തലയൽ

കവിതയില്‍ വിരിയുന്ന ചരിത്രം; പുസ്‌തകാവലോകനം: ടോബി തലയൽ

ജേക്കബ്‌ സാംസണ്‍ രചിച്ച `ദാവീദ്‌: ഇതിഹാസനായകന്‍' എന്ന
കഥപ്പാട്ടിനെക്കുറിച്ച്‌ ടോബി തലയല്‍ എഴുതുന്നു



ചരിത്രപുരുഷന്മാരുടെ ജീവിതം കാവ്യഭാഷയില്‍ അനാവരണം ചെയ്യപ്പെടുന്നത്‌
ഇതാദ്യമല്ല. ഇതിഹാസങ്ങളോളം ചെന്നെത്തുന്നതാണ്‌ അതിന്റെ
പാരമ്പര്യവേരുകള്‍. ഏതാണ്ട്‌ പടുകുറ്റിയായി നില്‍ക്കുന്ന ഈ കാവ്യശാഖയില്‍
ഒരു തളിരിലയായി നാമ്പിട്ടതാണ്‌ ജേക്കബ്‌ സാംസന്റെ 'ദാവീദ്‌ ഇതിഹാസനായകന്‍' എന്ന പുസ്‌തകം.


സര്‍വ്വഗുണസമ്പന്നനായോ, ഉദാത്തമായൊരു ജീവിതമാതൃകയായോ അല്ല
ഇസ്രയേലിന്റെ സമുന്നതനായ ഭരണാധികാരിയായി വാഴ്‌ത്തപ്പെടുന്ന ദാവീദിനെ
ചരിത്രം അടയാളപ്പെടുത്തുന്നത്‌; മനുഷ്യന്റെ ശക്തിദൗര്‍ബല്യങ്ങളുടെ ആകെത്തുകയായിട്ടാണ്‌.


സംഘര്‍ഷ പൂര്‍ണ്ണമായ അനുഭവങ്ങളാല്‍ സ്‌ഫുടം ചെയ്‌തതാണ്‌ അദ്ദേഹത്തിന്റെ ജീവിതം. ആട്ടിടയനില്‍ നിന്ന്‌ രാജത്വത്തിലേക്കുള്ള പ്രയാണം സുഗമമായിരുന്നില്ല .

ഒരേസമയം യോദ്ധാവും കവിയും സംഗീതജ്ഞനുമായ
രാജാവിന്‌ വാളും കിന്നരവും ഒരുപോലെ വഴങ്ങി എന്നത്‌ അത്ഭുതാവഹം.


നീതിബോധമുള്ള ഭരണകര്‍ത്താവായിരുന്നെങ്കിലും തെറ്റുകളുടെ ചേറ്റില്‍
പലപ്പോഴും അദ്ദേഹം വീണുപോയി. എന്നാല്‍, അനുതാപത്താല്‍ ഉള്ളുരുകി
ദൈവത്തോട്‌ മാപ്പിരക്കുന്ന ഒരു പച്ചയായ മനുഷ്യനെ നമുക്ക്‌ കാണാം.
കവിഭാവനയെ പ്രലോഭിപ്പിക്കുന്ന തുറന്ന ആകാശമാണ്‌ കലാകാരനായ ഈ
ജനനായകന്റെ ചരിത്രം എന്ന്‌ ചുരുക്കം.

ഇസ്രായേല്‍ചരിത്രത്തെ കീഴ്‌മേല്‍ മറിക്കുന്ന സംഭവങ്ങളോടൊപ്പം
സഞ്ചരിക്കുമ്പോള്‍ കവിതയുടെ ധര്‍മവും മര്‍മവും ജേക്കബ്‌ സാംസണ്‍
മറന്നുപോകുന്നില്ല.


മല്ലനായ ഗോല്യാത്തിനെ ബാലനായ ദാവീദ്‌ കല്ലും കവണയും കൊണ്ട്‌
നിലപരിശാക്കുന്ന വേഗത, അത്‌ വിവരിക്കുന്ന വരികളിലുമുണ്ട്‌.
തീയുണ്ടപോലെ മനസ്സുകളില്‍ ആ രംഗം തറയ്‌ക്കുകയും ചെയ്യുന്നു.


''മല്ലന്റെ വാളൊന്നുയരുംമുമ്പേ
മര്‍മത്തു തന്നെയാ കല്ലുകൊണ്ടു
ദൈവമൊരുത്തന്റെ കൂടെ നിന്നാല്‍
കല്ലുകള്‍ തീയുണ്ട പോലെയാകും''

വാക്കുകളുടെ മിതത്വം കൊണ്ടും, ധ്വന്യാത്മകതകൊണ്ടും ശ്രദ്ധേയമാണീ
കൃതി. എങ്കിലും, വേണ്ടിടത്ത്‌ വര്‍ണ്ണനകള്‍, ഭാവനയുടെ ചിറകുവിരുത്തി
പറക്കുന്നത്‌ കാണാം. കുളിക്കാനിറങ്ങിയ ഊരിയാവിന്റെ സുന്ദരിയായ
ഭാര്യയെ കണ്ട്‌ മോഹിക്കുന്ന സന്ദര്‍ഭം അതിനുദാഹരണമാണ്‌.

''നേര്‍ത്ത നിലാവിന്റെ തോര്‍ത്ത്‌ ചുറ്റി
നില്‍ക്കുകയാണൊരു കോമളാംഗി
വെള്ളത്തിനുണ്ടായ ഉള്‍പ്പുളകം
ഓളങ്ങളായി ഒഴുകി വന്നു''.

മറ്റൊരുവന്റെ ഭാര്യയെ ബലാല്‍ക്കാരമായി തന്റേതാക്കുന്ന രാജാവിന്റെ
അധാര്‌മികതയെ, ഇരയുടെ നിസ്സഹായതയെ, ചുരുക്കം വാക്കുകളില്‍ വരച്ചു
വെയ്‌ക്കുന്ന ത്‌ കാണുക:


''ഒരു വണ്ട്‌ പൂവില്‍ ഞെരിഞ്ഞമര്‍ന്നു
പൂവിന്റെ ഇഷ്ടങ്ങള്‍ ആരറിഞ്ഞു.''

വടക്കന്‍ പാട്ടിന്റെ താളഭംഗിയും ലളിതസുന്ദരമായ ഭാഷയും ഈ

കാവ്യത്തെ കുട്ടികള്‍ക്കും പ്രിയപ്പെട്ടതാക്കും. കഥകേള്‍ക്കുന്ന

ലാഘവത്തോടെ, ഇഷ്ടത്തോടെ ഈ കവിതയും നുണഞ്ഞു പോകാം.

തത്വചിന്തകളുടെ ഭാരമില്ലാതെ, അനാവശ്യമായ പാണ്ഡിത്യ

പ്രകടനമില്ലാതെ, സ്വച്ഛമായി ഒഴുകുന്ന ഒരു നദിപോലെ ആദ്യന്തം

ഈ കഥാകവിത തരുന്നത്‌ പുതിയൊരു വായനാനുഭവമാണ്‌.

''സങ്കീര്‍ണമായൊരു ജീവിതത്തെ
സങ്കീര്‍ത്തനമായി പാടി വാഴ്‌ത്തി
കവിത തുളുമ്പുമാ ഗീതകങ്ങള്‍
കാലങ്ങള്‍ പിന്നിട്ട്‌ ജീവിക്കുന്നു''

എന്ന്‌ കവി പറയുന്നത്‌ കിന്നരത്തിന്റെ അകമ്പടിയോടെ

ദാവീദ്‌ പാടിയ സങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ്‌. സങ്കീര്‍ണ്ണതകളെ

സങ്കീര്‍ത്തനമാക്കുന്ന വിദ്യയാണ്‌ കലയെങ്കില്‍ ഈ കാവ്യത്തിനും

ആസ്വാദകലോകത്ത്‌ ഒരിടം ഉണ്ടാവേണ്ടതാണ്‌.

സാഹിതി ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച ഈ പുസ്‌തകത്തിന്റെ വില 100
രൂപ. ആമസോണ്‍ വഴി ഇ-ബുക്കായി ലഭിക്കാന്‍ ലിങ്ക്‌ ചുവടെ:

httpps://www.amazon.in/dp/B08KHNQ3DZ

 

 

ടോബി തലയൽ