മഴ കാത്ത്, നൃത്തം ചെയ്ത്   ബോട്സ്വാന കന്യകമാർ;  ലീലാമ്മ തോമസ് 

മഴ കാത്ത്, നൃത്തം ചെയ്ത്   ബോട്സ്വാന കന്യകമാർ;  ലീലാമ്മ തോമസ് 

ലീലാമ്മ തോമസ് 

ഉപ്പളങ്ങളുടെ  നാടായ ബോട്സ്വാന  മഴയ്ക്കു വേണ്ടി ദാഹിക്കുന്ന രാജ്യമാണ് . ഇലകൾ തുന്നിയൊരുക്കിയ  വേഷവും  തലയിൽ തൊപ്പിയും കൈകളിൽ പാൽപാത്രങ്ങളുമായി  കാനന സുന്ദരികൾ   മഴക്കായി പ്രാർത്ഥനയോടെ  നൃത്തം ചെയ്യാറുണ്ടിവിടെ . മഴമേഘങ്ങൾ പെയ്യാൻ മടിച്ചു നിൽക്കുന്ന  ഉപ്പളങ്ങളുടെ നാട്ടിൽ സുന്ദരികൾ ഈ  മാജിക്കൽ ഡാൻസ് ചെയ്താണ് മഴമേഘങ്ങളെ തണുപ്പിക്കുന്നത്. നൃത്തം ചെയ്തെത്തുന്ന കാടിന്റെ കന്യകകളുടെ നൃത്തത്തിൽ പ്രസാദിച്ചിട്ടോ എന്തോ, നൃത്തത്തിന് പിന്നാലെ   മഴമേഘങ്ങൾ  സമൃദ്ധമായി പെയ്യാറുണ്ട്.

പണ്ടൊക്കെ വർഷത്തിൽ ഒരുവട്ടം മാത്രം പെയ്തിരുന്ന മഴ  ഇക്കാലങ്ങളിൽ വർഷത്തിൽ  നാല്, അഞ്ച് തവണയെങ്കിലും പെയ്യുന്നത് നൃത്തത്തിൽ പ്രസാദിച്ചാവണം . മഴക്കൊപ്പം പറന്നെത്തുന്ന വിത്തുകൾ മുളപൊട്ടി ഉപ്പളങ്ങളുടെ നാട്ടിലെങ്ങും  കാടുകൾ രൂപപ്പെട്ടു കഴിഞ്ഞു. മരങ്ങൾ  പലതും  ഭ്രാന്തൻ മുഖമുള്ള മരങ്ങളെന്നു  പറയും ഇവിടുത്തുകാർ . ഇങ്ങനെ  മഴയിലും കാറ്റിലും പറന്നെത്തിയ വിത്തുകളിൽ നിന്ന് രൂപമെടുത്ത   വിശിഷ്ട മരങ്ങളുടെ കൂട്ടങ്ങൾ  "Tuli, " ഗ്രാമത്തിൽ ഉണ്ട്. യുവമിഥുനങ്ങളുടെ സല്ലാപ കേന്ദ്രമാണിവിടം. 

മഴക്കുവേണ്ടി ഇന്നാട്ടിൽ  പ്രാർത്ഥന പതിവാണ് . അത്ഭുതപ്പാറയുടെ മുകളിൽ മഴക്കു വേണ്ടി കുട പിടിച്ചുള്ള പ്രാർത്ഥന നടക്കാറുണ്ട് , ഞാനും പോകാറുണ്ട് പാറമുകളിലെ  പ്രാർത്ഥനക്ക് .

പ്രെസിഡന്റിനെ തിരഞ്ഞെടുക്കുന്ന വേളയിലും  മഴക്കായി, അതുവഴി  അനുഗ്രഹങ്ങളുടെ സമൃദ്ധിക്കായി പ്രാർത്ഥന നടക്കാറുണ്ട് . സമൃദ്ധിക്ക് വേണ്ടി .  എല്ലാവരും കുടപിടിച്ചു വൈകുന്നേരം വരെ മഴയ്ക്കായി നൃത്തം   ചെയ്യും.

 മഴ  റാണിക്കു മുന്നിലാണ് കാട്ടുകന്യകമാരുടെ നൃത്തം . കാട്ടിൽ വളരെ ഭക്തിയോടെ പ്രാർത്ഥന നടത്തി  കാലിൽ ചെരുപ്പിടാതെ തടി കൊണ്ടുള്ള  പാൽ കുടത്തിൽ  പാലുമായി , പാദരക്ഷ ഇടാതെ 100 കന്യകകൾ കല്ലിൽ കൂടി ഡാൻസ് ചെയ്തു മഴ റാണിയുടെ പാദത്തിങ്കൽ കൊണ്ടു വന്നു വെക്കും,  പാടി ക്കൊണ്ടിരിക്കുന്ന 100 മുത്തശ്ശിമാർ ട്രെഡിഷണൽ ഡ്രസ്സ്‌ ധരിച്ചു ഏറ്റു പാടും.. "മൈറ്റിന്യാല  ബെറി"യും "ലാലാ ഈന്തപ്പനയും"ഇലകളായി  കൈയിലെടുത്തുള്ള  ഡാൻസിനിടെ "ഷാട്ടു ട്രീ "യിലിരുന്ന്  കുരങ്ങന്മാർ  പാട്ട്   ഏറ്റു പാടിയാൽ അനുഗ്രഹമാണന്നു ഇവർ വിശ്വസിക്കുന്നു. മഴ റാണി മുള കൊണ്ടുള്ള ഡ്രസ്സ്‌ ധരിച്ചു ഒപ്പം ചുവടു വെക്കും... അങ്ങനെ ഒരുദിവസം മുഴുവൻ ഡാൻസ്.. അതിനകം മഴ ഉറപ്പായും പെയ്യും.. പെയ്തില്ലങ്കിൽ നാടിനു സത്യം ഇല്ലന്നു കരുതും...

ബോട്സ്വാനക്കാർ പ്രത്യേക പ്രാർത്ഥനയും കർമ്മങ്ങളും ചെയ്തു മഴപെയ്യിക്കുന്നത്  ഞാൻ കണ്ടിട്ടുണ്ട്,..

പുല"യെന്ന വാക്കിന് മഴ എന്നാണ് അർത്ഥം. മൂന്നു പ്രാവശ്യം "പുല പുല"യെന്നു പറഞ്ഞു ഡാൻസ് തുടങ്ങും, പിന്നെയാണ്‌ പ്രാർത്ഥന ..
 
ബോട്സ്വാനയുടെ Miracle Word ആണ്  മഴ എന്നർത്ഥം വരുന്ന "പുല"..

ഉപ്പളംകൊണ്ടു പൊതിഞ്ഞ ഈ മരുഭൂമിയിൽ  വെള്ളത്തിന്റെ ഉറവിടം ഒക്കോവാഗോ ഡെൽറ്റാ റിവർ ആണ്. 

മഴയില്ലാത്ത നാട്ടിൽ  ഓരോ തുള്ളി വെള്ളത്തിന്റെയും വിലയറിയാവുന്നവരാണിവർ. 
 
 മഴക്കാലത്ത് ജനിക്കുന്ന കുട്ടികളുടെ പേരുകളെ ‘മമാപുല’ (പെൺകുട്ടിക്ക്) അല്ലെങ്കിൽ ‘റാപുല’ (ആൺകുട്ടിക്ക്) എന്ന് വിളിക്കുന്നു.

ബോട്സ്വാനയിൽ സാംസ്കാരികമായി, വിവിധ ആചാരങ്ങളിലും ചടങ്ങുകളിലും വെള്ളം ഉപയോഗിക്കുന്നു. രാഷ്ട്രപതി ഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർ അഭിസംബോധന ചെയ്യേണ്ട പ്രമുഖ ദേശീയ ആഘോഷങ്ങളോ പ്രധാന ദേശീയ സമ്മേളനങ്ങളോ നടക്കുമ്പോൾ, വിളിക്കുന്ന മുദ്രാവാക്യം പലപ്പോഴും 'പുല !!' എന്നാണ്.


 വാസ്തവത്തിൽ ഉന്നത ഉദ്യോഗസ്ഥർ അവരുടെ പ്രസംഗങ്ങൾ അവസാനിപ്പിക്കുന്നതും  'പുല !!'  മന്ത്രങ്ങളുമായാണ്  - കുറഞ്ഞത് മൂന്ന് തവണയെങ്കിലും പുല എന്ന് വിളിക്കുന്നു . കാണികൾ ആവേശത്തോടെ സമാനമായി പ്രതികരിക്കുന്നു. കൂടുതൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാ ണ് ഇത് ചെയ്യുന്നത്.

  അതിഥിയെ പ്രത്യേക സ്വാഗതം ചെയ്യുന്നതും , മഴയെ പരാമർശിച്ചാണ്  . സെറ്റ്‌സ്വാനയിലെ പദപ്രയോഗം ഇപ്രകാരമാണ്: ‘ഗൊറോഗ കാ പുല!’. ഷ്വാന സംസ്കാരത്തിൽ മഴ എന്ന വാക്കിന്റെ മറ്റൊരു ഉപയോഗം. വരൾച്ച വളരെക്കാലം നിലനിൽക്കുമ്പോഴോ  സാധാരണയായി പ്രതീക്ഷിക്കുന്ന സീസണിനപ്പുറം മഴ വൈകുമ്പോഴോ കമ്മ്യൂണിറ്റികൾ പ്രാർത്ഥന നടത്തുന്നു. ഈ സെഷനുകളിൽ, സഭാംഗങ്ങൾ നിരന്തരം മന്ത്രിക്കുന്നു  ‘പുല! പുല! പുല! എന്ന്  ’


ഒരാൾ സ്വയം മനസിലാക്കുന്നതിനുള്ള മാർഗമാണ് സംസ്കാരം. സംസ്കാരത്തിലൂടെയാണ് നാം ബഹുമാനവും സ്വത്വവും വളർത്തിയെടുക്കുന്നത്. പരസ്പര ധാരണ വളർത്തിയെടുക്കുന്നതിന് സംസ്കാരത്തിലൂടെ  ആശയങ്ങൾ, വികാരങ്ങൾ, ഉൾക്കാഴ്ചകൾ, മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ കഴിയും.     സംസ്കാരവുമായി ജലത്തെ ബന്ധിപ്പിക്കുന്ന നിരവധി സമ്പ്രദായങ്ങൾ ബോട്സ്വാനയിൽ ഉണ്ട്.
(ഞാൻ എന്റെ ബോട്സ്വാന യാത്രയെന്ന വിവരണം അനുഗ്രഹത്തിന്റെ വിഷയമായ മഴ (പുല, പുല പുല പറഞ്ഞു നിർത്തുന്നു )
എനിക്കു പ്രോത്സാഹനം തന്ന സ്നേഹം നിറഞ്ഞ വായനക്കാർക്കും World Malayaleevoiceന്റെ മാനേജ്‌മന്റ് ടീമിനും  ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Leelamma Thomas, Thyparambil.

 

അവസാനിച്ചു