നഗരമുണരും നേരം: കവിത, മിനി സുരേഷ്

നഗരമുണരും നേരം: കവിത, മിനി സുരേഷ്

ഗരമുണരും നേരം

നിശീഥിനി തൻ

നിലാപൊയ്കയിൽ

അരുണ കിരണങ്ങൾ

വർണ്ണരാജികൾ വിതറുന്ന നേരം.

 

പുലരിതൻ ശ്രുതിഗീതങ്ങളറിയാതെ

യാത്ര കഴിഞ്ഞു വീടുതേടി

പ്പോകുന്നവന്റെ മുഖത്ത്

നിറയുന്നതുറക്കച്ചടവിൻ

നിശ്ശബ്ദ നീലിമ മാത്രം.

 

ഇരുളും പകലും ഇണചേർന്ന്

തേങ്ങലൊളിപ്പിച്ച് പിരിയും നേരം,

ചിതലരിച്ച സ്വപ്നങ്ങളും

ഉറക്കം കനം തൂങ്ങും മിഴിയുമായ്

മടങ്ങും രാപ്പെണ്ണിൻ സ്വപ്നങ്ങളിൽ

കടപുഴകി വീണ മോഹവൃക്ഷങ്ങളിൽ

തകർന്നടിഞ്ഞ കിളിക്കൂട്ടിലെ

കിളിക്കുഞ്ഞിൻ വിശപ്പു വിളികൾ മാത്രം.

 

വഴിയോരക്കടകളിൽ ചില്ലുഗ്ലാസ്സിൽ

ചൂടുചായ മൊത്തിക്കുടിക്കുന്നവർ,

വർത്തമാനപത്രകെട്ടുകളടുക്കുന്നവർ,

എത്രയോ കാഴ്ചകൾ, വേഷങ്ങൾ

പ്രയാണത്തിനൊരുങ്ങും പഥികർ

ആർക്കോ വേണ്ടിയലയുന്നവർ.

ജീവിതയാത്രയിൽ രാപ്പകലൊന്നായ്

വിശ്രമില്ലാതെ അദ്ധ്വാനഭാരം

ചുമക്കാൻ വിധിക്കപ്പെട്ടവർ.