മെസിയുടെ പേരില്‍ തട്ടിപ്പ്; എസ് ഐ ടി അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും ലയണല്‍ മെസ്സിസെയും കേരളത്തിലെത്തിക്കുമെന്ന പേരില്‍ നടത്തിയ വന്‍ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തെ നിയമിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉത്തരവിട്ടു. ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി കേസ് ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറി. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ചുമതലയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂര്‍ണമായി അന്വേഷിക്കാനാണ് ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയല്ലാതെ 206 കോടി രൂപ വന്നതില്‍ അന്വേഷണ സംഘം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഒരു സ്ഥാപനം മറുപടി നല്‍കി. കൂടാതെ, നികുതി ഇനത്തില്‍ 22.68 കോടി രൂപ അടക്കാത്തതിലും ഉദ്യോഗസ്ഥ വീഴ്ച ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 19ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പില്‍ ജി എസ് ടി വകുപ്പിന്റെ റിപ്പോര്‍ട്ടിലും തുടര്‍ നടപടിയായിട്ടില്ല.