അധികാരം ഉത്തരവാദിത്വമാണ് അലങ്കാരമല്ല; കാരൂർ സോമൻ, ചാരുംമൂടൻ

Sep 12, 2026 - 19:44
 0  2
അധികാരം ഉത്തരവാദിത്വമാണ് അലങ്കാരമല്ല;  കാരൂർ സോമൻ, ചാരുംമൂടൻ

സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ അധികാരത്തിലിരിക്കുന്നവർ ഓർക്കുന്നത് നന്ന്. 'നിങ്ങൾ ജീവിക്കുന്ന സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാനില്ലെങ്കിൽ കല്ലുകളും ശവങ്ങളും തമ്മിൽ എന്താണ് വ്യത്യാസം'. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് മെത്രാഭിഷേക ചടങ്ങുമായി ഇപ്പോൾ മൗനത്തിൻ കൂട് തുറന്നുവരുന്ന മാടരി പ്രാവുകളും അതിന് മുകളിൽ കഴുകന്മാരും പറന്നിറങ്ങി അശാന്തിയുടെ ഒരു മൂടുപടം കർദ്ദിനാളിന്റെ മെത്രാഭിഷേകം കൊണ്ടാടുകയാണ്. കാൽവളകളുടെ കിലുക്കമില്ലെങ്കിലും ദീപപ്രഭയുള്ള ആഡംബരാഘോഷത്തിൽ കർദ്ദിനാളിനെ പ്രസാദിപ്പിക്കാൻ വന്നവർ അധികാരികൾ, സമ്പന്ന വ്യവസായികൾ പിന്നെ കുറെ കുഞ്ഞാടുകൾ.

ആനന്ദം പൂണ്ടുനിന്ന ആ നിമിഷങ്ങളെ ശോകാകുലമാക്കിയത് ലോകം മുഴുവൻ ആരാധിക്കുന്ന യേശുക്രിസ്‌തുവിനെ ആത്മാവിൻ്റെ അസ്‌തിത്വം എന്തെന്നറിയാത്ത ഒരു വ്യവസായി വിവേകബുദ്ധി നഷ്ടപ്പെട്ടവനെപോലെ തന്റെ ഹൃദയാഭിലാഷം വെളിപ്പെടുത്തിയത് 'ഖുറാനിലെ മറിയവും ബൈബിളിലെ മറിയവും ഒരാൾ തന്നെ' തുടങ്ങി പല പരാമർശങ്ങൾ ആത്മീയധ്യാനയാനത്തിൽ നിന്ന് മതധ്യാനത്തിലേക്ക് കടന്നു. ചരിത്രം പഠിക്കുന്നവർക്കറിയാം ഖുറാനിൽ പറയുന്ന മറിയം അല്ലെങ്കിൽ മറിയ, ഈസ നബി എന്ന് വിളിക്കുന്ന യേശുവുമായി യാതൊരു ബന്ധവുമില്ല. ഖുർആൻ 4-157-ൽ കൃത്യമായി പറയുന്നത് യേശുക്രിസ്‌തു കുരിശുമരണം അനുഭവിച്ചിട്ടില്ല. അവിടെ ഉയരുന്ന ചോദ്യം, ബി.സി.യിൽ എഴുതപ്പെട്ട യഹൂദൻ്റെ വിശുദ്ധ തൊറയണോ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട വിശുദ്ധ ബൈബിൾ ആണോ അതോ ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട വിശുദ്ധ ഖുർആൻ ആണോ വിശ്വസിക്കേണ്ടത്?

എല്ലാം മത ഗ്രന്ഥങ്ങളിലും മനുഷ്യ ചിന്തക്കപ്പുറം മറഞ്ഞുകിടക്കുന്ന അജ്ഞതകൾ ധാരാളമാണ്. മനുഷ്യരിൽ അറിവ് വളരുന്തോറും മത രാഷ്ട്രീയത്തിലുള്ള അന്ധമായ അനുസരണ കുറഞ്ഞുവരും. മനുഷ്യരുടെ കണ്ണുകൾ തുറന്ന് വികസിതമാകാത്തതാണ് അജ്ഞാനമാകുന്ന അന്ധകാരം മനുഷ്യരെ പരസ്പ്‌പരം ഏറ്റുമുട്ടാൻ പ്രേരിപ്പിക്കുന്നത്. മനുഷ്യരുടെ ചിന്തകളും, വാക്കുകളും അതിർവരമ്പുകൾ ലംഘിക്കുമ്പോൾ എതിർപ്പിന്റെ സ്വരമുണ്ടാകും. ഈ ഗംഭീര സദസ്സിൽ പല സഭകളിലെ മെത്രാന്മാർ, പുരോഹിതരുണ്ടായിട്ടും തെറ്റിനെ തിരുത്താൻ ആരും ശ്രമിച്ചില്ല. ആ പറഞ്ഞതിനെ ന്യായികരിക്കയാണ് ചെയ്‌തത്‌. അതാണ് ചിലർ ചോദിക്കുന്നത് ഒരു കോടി സംഭാവനയായി മുതലാളി തന്നപ്പോൾ നിങ്ങൾ യേശുവിനെ കണ്ടത് കണ്ണാടിയിലൂടെയാണോ?

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമായ മുക്കൂരിൽ മാത്യു അന്നമ്മ ദമ്പതികൾക്ക് ജനിച്ച ബസേലിയോസ് ക്ലീമിസ് (ജനനം: 15-ജൂൺ 1959) സീറോ-മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് - കാതോലിക്കോസിന് 2012- ലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയിൽ നിന്ന് കർദ്ദിനാൾ പദവി ലഭിക്കുന്നത്. അദ്ദേഹത്തിന്റെ സേവനങ്ങൾ കണ്ടിട്ടുള്ളത് ഭക്തിയുടെ നിറവിലും പ്രാർത്ഥനയിലും ആതുര സേവനങ്ങളിലുമാണ്. എല്ലാം മതങ്ങളും പഠിപ്പിക്കുന്നത് മനുഷ്യരുടെ നന്മകളും ഹൃദയ പ്രകാശനവുമാണ്. എന്നാൽ എല്ലാം മത ദേവാലയങ്ങളിൽ ഹൃദയത്തിന് വെടിപ്പില്ലാത്തവർ പെരുകുന്നു. മനുഷ്യരുടെ മനസ്സ് മതരാഷ്ട്രിയക്കാർ വികലമാക്കുന്നു. അതുപോലെ പരമ്പരാഗത വിശ്വാസികൾ യേശുവിനെ, അദ്ദേഹത്തിന്റെ അമ്മയെ വികലമായി അവതരിപ്പിക്കുന്നു. ഒരു വ്യക്തിയോ മതമോ വിമർശനത്തിനതീതമല്ല. എന്നാൽ സത്യത്തെ/ചരിത്രത്തെ അസത്യമായി അവതരിപ്പിക്കുമ്പോൾ കുരുടൻ ആനയെ കണ്ടതുപോലെ ഇരിക്കരുത്. കുരിശില്ലാതെ കിരീടമുണ്ടോ?

ആധ്യാത്മികതയുടെ അതിർത്തിയിൽ ജീവിക്കുന്നവർ ഒരു ആത്മീയ ശുദ്ധികരണ പ്രക്രിയ നടത്താൻ കാലമായിരിക്കുന്നു. മത രാഷ്ട്രീയം പോലെ ആത്മീയ ജീവിതവും മലീമസമായികൊണ്ടിരിക്കുന്നു. ദേവാലത്തിനുള്ളിൽ നടക്കുന്നത് എന്താണ്? ഏറ്റവും കൂടുതൽ പണം കൊടുത്തവനെ പൊന്നാടയണിയിച്ചു് ആദരിക്കുന്നു, അതിനെ പുകഴ്ത്തുന്നു. (നേരിൽ കണ്ടതാണ്) പൊങ്ങച്ചക്കാർ അതിന് മുകളിൽ കൊടുക്കുന്നു. ഏത് രംഗത്തായാലും അധികാരത്തിലിരിക്കുന്നവർ ഉത്തരവാദിത്വമുള്ളവരാകണം. അഹംങ്കാരികളും, അത്യാഗ്രഹമുള്ളവരും, ആനന്ദ ലഹരിയിൽ മുഴുകുന്നവരും, അഴിമതി, വഞ്ചന, പരിഹാസപാത്രങ്ങളുമാകരുത്. വെടിപ്പുള്ള ഹൃദയം പുരോഹിതരിലുണ്ടോ? വിശ്വാസികളിലുണ്ടോ? മത്തായിയുടെ സുവിശേഷം 23:27-28-ൽ പറയുന്ന പരീശന്മാരായി കുഞ്ഞാടുകൾ മാറുകയാണോ?

Karoor Soman

www.karoorsoman.net