പറക്കും പക്ഷിയെ പ്രണയിക്കുന്നവർ: ആസ്വാദനം, റൗഫ് കോടത്തൂർ
ശ്രീ അബ്ദുൾ പുന്നയൂർക്കുളം രചിച്ച 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവലിനെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രമേയം: ജോലി തേടി അമേരിക്കയിലെത്തുന്ന ഒരു നാടൻ ചെറുപ്പക്കാരന്റെ യൗവ്വനം നീന്തിക്കടന്ന വൈതരണികൾ പശ്ചാത്തലമാക്കി അരങ്ങേറുന്ന ഒരു ശുദ്ധ പ്രണയമാണ് തുടക്കം. കേന്ദ്ര കഥാപാത്രമായ ഷാഫിയിലൂടെ അനാവരണം ചെയ്യപ്പെടുന്ന സാഹസങ്ങളുടെ പ്രവാഹം വായനക്കാരെയും കൂടെ കൊണ്ടുപോകുന്ന നിലയിലേക്ക് പുരോഗമിക്കുന്നു.
പ്രണയ മൊട്ടുകൾ, സുഗന്ധം പരത്തുന്ന പൂക്കളായി വിടരുന്നു, സിന്ധ്യ എന്ന അമേരിക്കൻ സുന്ദരിയിലൂടെ. അധികം വൈകാതെ ആ പൂക്കൾ വാടി തളർന്നു മണ്ണിൽ വീണടിയുന്നു. ഇതിലേക്ക് നയിച്ച പ്രകൃതിയുടെ നിഗൂഡ ആസൂത്രണം വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കുന്നുണ്ട്. ആ പക്ഷി പറന്നകലുന്നതും നോക്കി നിസ്സഹായനായി നിൽക്കുന്ന നായകന്റെ കൂടെ വായനക്കാരെയും കാണാനാവും. മറ്റൊരു പക്ഷിയെ സമൂഹം കൊണ്ടുവരുന്നുണ്ട്; ഒപ്പം സംഘർഷങ്ങളുടെ കൂമ്പാരവും. ഇതിലൂടെയെല്ലാം നീന്തിക്കയറുന്ന നായകൻ അവശനും രോഗിയും വിധിയുടെ ഇരയുമായി മാറുന്നു. പറന്നകന്നുകൊണ്ടിരിക്കുന്ന ഈ നാടൻ പക്ഷി തിരികെ പറക്കുന്നുണ്ട്, താൻ താറുമാറാക്കിയ ചില്ലകളുടെ കൂട്ടിലേക്ക്.
അനുഭവങ്ങളുടെ അനാട്ടമിയും ഫിസിയോളജിയും മനോഹരമായി വിവരിക്കുന്ന ആഖ്യാന മികവ്
നോവലിൽ ഉടനീളം ഒരു സ്ത്രൈണ മനസ്സിന്റെ ചലനങ്ങൾ കൃത്യമായി നിരീക്ഷിച്ചുകൊണ്ടുള്ള നോവലിസ്റ്റിന്റെ മുന്നോട്ടുള്ള യാത്ര ശ്രദ്ധേയമാണ്.
.നോവലിലെ രണ്ട് സ്ത്രീകഥാപാത്രങ്ങൾ നായകന്റെ ജീവിതത്തെ കാര്യമായി മാറ്റി മറിക്കുന്നുണ്ട്. സിന്ധ്യ എന്ന അമേരിക്കൻ വനിത ഷാഫി (പ്രധാന കഥാപാത്രം ) യുടെ അനാർഭാടമായ ജീവിതത്തിലേക്ക് ഒരു കുളിർക്കാറ്റ് പോലെ കടന്നുവരുന്നുണ്ട്. നന്മകൾ കൊണ്ട് സമൃദ്ധമായ സിന്ധ്യയിലൂടെ അയാൾ പ്രണയത്തിന്റെ മധുരവും നോവും അറിയുകയായി. കഷ്ടപ്പാടിന്റെ ദുർഘടവഴികൾ താണ്ടി അമേരിക്കയിലെത്തിയ ഷാഫി ആദ്യമായി പ്രണയത്തിന്റെ നിഗൂഢ രീതികൾ അനുഭവിക്കാൻ തുടങ്ങി. സ്നേഹവും ത്യാഗസന്നദ്ധതയും വേണ്ടുവോളം നിറച്ചുവെച്ച ഒരു സ്വർണ്ണപാത്രം പോലെ സിന്ധ്യ അയാളുടെ ഉൺമയിൽ നിറഞ്ഞു. അവർ വിവാഹിതരായി. പ്രണയത്തിന്റെ കുളിരാർന്ന വസന്തം, ജീവിതം ഒരുക്കിവെച്ച ഋതുഭേദങ്ങളിലേക്കു സംക്രമിക്കുന്ന ദയാരഹിതമായ രീതികൾ നോവലിസ്റ്റ് മനോഹരമായി വരച്ചുകാട്ടുന്നുണ്ട്.
ഈ ഘട്ടത്തിൽ കഥയുടെ ഒഴുക്ക് മനഃശാസ്ത്ര വീക്ഷണ കോണിലൂടെയാണ്. നന്മകളാൽ മാത്രം ജീവിതം പുഷ്ടിപ്പെടുത്തുന്ന സിന്ധ്യ തന്റെ അഗതി സ്നേഹവും സേവന സന്നദ്ധതയും ദൈവസമർപ്പണവും തടസ്സമില്ലാതെ, ഒരു നഴ്സ് എന്നനിലയിൽ നിരന്തരം തെളിയിച്ചുകൊണ്ടിരുന്നു. തന്റെ ഗർഭപാത്ര മുഴകൾ അപകടകരമായ രീതിയിലേക്ക് വളർന്നിട്ടും ചികിത്സ തേടാതെ, സ്വീകരിക്കാതെ അവൾ സൗമ്യയായി മുന്നോട്ട് പോകുന്നു. ഒരിക്കലും അതിന്റെ കാരണം ഷാഫിക്ക് മനസ്സിലായില്ല; വായനക്കാർക്കും.
ഈ മൗനത്തിലൂടെയാണ് കഥാകാരൻ സ്ത്രീയുടെ മനഃശാസ്ത്രപരമായ വൈരുദ്ധ്യങ്ങൾ വായനക്കാരുടെ മുന്നിലേക്ക് വെച്ചു തരുന്നത്. സ്ത്രീക്ക് ഒരിക്കലും കൈവിടാനാവാത്ത നിർബന്ധങ്ങൾ അവളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നു. ഇവിടെ നായകൻ പ്രണയത്തിന്റെ അന്ധതയിൽനിന്ന് തെന്നിമാറി ജീവിതമെന്ന മഹാ യാഥാർഥ്യത്തിലേക്ക് നോക്കുന്നു, വിവാഹ മോചനം നേടുന്നു... എങ്കിലും വിസ്മയകരമായ ഒരു കാര്യം, സിന്ധ്യ ഇപ്പോഴും ആ പ്രണയ മാസ്മരികതയിൽ തന്നെ തുടരുന്നു.
ഷാഫി ഡിവോഴ്‌സിന് നിർബന്ധിക്കുമ്പോഴും സിന്ധ്യ പറയുന്നുണ്ട് " I'll never give you a divorce in a million years. Don't even think about it." നോവലിസ്റ്റ് ഇതൊക്കെ പറയുമ്പോഴും സ്വയം വികാരത്തിനു വിധേയനാവുന്നില്ല. ആഖ്യാന മികവ് ഈ നിയന്ത്രിത ശൈലിയിലൂടെ വെളിപ്പെടുന്നു.
അധികം വൈകാതെ ശാഫി സ്വദേശത്തു നിന്ന് ഒരു സുന്ദരിയെ വിവാഹം കഴിക്കുന്നു. അതിൽ ഒരു ആൺകുട്ടി ജനിക്കുന്നു. ഇവിടെ സാബി എന്ന ഭാര്യ ഇയാളുടെ ജീവിതത്തെ സംഘർഷത്തിലാഴ്ത്തുന്നു.
പൊസ്സസ്സീവ്നെസ്സും മറ്റ് നിർബന്ധങ്ങളും നിബന്ധനകളും കുടുംബത്തിൽ വിളളലുകൾ സൃഷ്ടിക്കുന്നു. വികലവും പ്രയോഗിച്ചു പരിചയമില്ലാത്തതുമായ ധാരണകൾ ഗാർഹിക ജീവിതത്തിൽ നിർണ്ണായകമായിത്തീരുന്ന ദൃശ്യമാണ് നോവലിസ്റ്റ് കാണിച്ചു തരുന്നത്. സാബിയുടെ വിശ്വാസങ്ങൾ, മൂല്യസംഹിതകൾ എല്ലാം തന്നെ, നിരന്തര മാനസികമാത്സര്യങ്ങൾക്ക്
വഴിയൊരുക്കുന്നു. മകന്റെ ബാല്യ കൗമാരങ്ങളെ പോലും ഏകപക്ഷീയമായി സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് അഭിപ്രായവ്യത്യാസങ്ങൾ കനക്കുന്നു. ഷാഫി സ്വന്തം കുടുംബത്തിൽ അനാഥത്വം നേരിടുന്ന ദയനീയ ദൃശ്യം; അതിവൈകാരികത ഒട്ടും കലർത്താതെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
സിന്ധ്യയും സാബിയും രണ്ട് ധ്രുവങ്ങളിലാണെങ്കിലും അവരിൽ പൊതുവായി കാണുന്ന ഒന്ന് അവരുടെ നിർബന്ധങ്ങളാണ്. അയവില്ലാത്ത നിലപാടുകൾ. സിന്ധ്യയിൽ കാണുന്നത് യുക്തിരഹിതമായ, സ്വയം ഉരുകി തീർന്നു കൊണ്ടിരിക്കുമ്പോഴും സജീവമായിരിക്കുന്ന സഹജീവി സ്നേഹം. ഒരിക്കൽ മുളച്ച പ്രണയം കൈവിടാതിരിക്കാനുള്ള ദൃഢനിശ്ചയം ഇതൊക്കെ സന്ധ്യയിൽ പ്രകടമാണ്. സാബിയിൽ കാണുന്നത് distorted ധാരണകളാണ്. സിന്ധ്യയുടെ സ്നേഹത്തിന്റെ സുഗന്ധം ഷാഫി അറിഞ്ഞുവരുമ്പോഴേക്കും സമയം വൈകിയതായി തോന്നുന്നു!
സമൂഹവും ചെറുപ്പകാലത്തുണ്ടാവുന്ന ഇൻഡോക്ട്രിനേഷനും മനുഷ്യരെ തെറ്റായ വഴിയിലൂടെ നയിക്കുന്നു എന്ന സന്ദേശം നൽകുന്നതിൽ നോവൽ വിജയിച്ചിരിക്കുന്നു.