ഷോഫാറിന്റെ ശബ്ദത്തിൽ ഒരു പുതുവർഷം: ലീലാമ്മതോമസ്, ബോട്സ്വാന

Sep 12, 2026 - 20:11
 0  5
ഷോഫാറിന്റെ ശബ്ദത്തിൽ ഒരു പുതുവർഷം: ലീലാമ്മതോമസ്, ബോട്സ്വാന
ഇന്നാണ് റോഷ് ഹഷാന.
യഹൂദരുടെ പുതുവർഷം.
ഷോഫാർ കാഹളം മുഴക്കി
ഞാനും ഈ ദിവസത്തെ വരവേൽക്കുകയാണ്.
ഒരു കാഹളത്തിന്റെ ശബ്ദത്തിന്
ഇത്രയേറെ പഴയ ഓർമ്മകളെ ഉണർത്താൻ കഴിയുമോ?
കഴിയും.
സൃഷ്ടിയെ ഓർക്കുന്ന ദിവസം.
മനുഷ്യനെ സൃഷ്ടിച്ച്
ഭൂമിയിലെ സകലത്തിന്റെയും മേൽ
ഉത്തരവാദിത്വം ഏൽപ്പിച്ച ദൈവത്തെ
നന്ദിയോടെ സ്മരിക്കുന്ന ദിവസംകാഹളധ്വനിയോടു.
യഹൂദ വിശ്വാസത്തിൽ
റോഷ് ഹഷാന ഒരു പുതുവർഷത്തിന്റെ തുടക്കം മാത്രമല്ല,
വർഷത്തിന്റെ ശിരസ്സുപോലെയാണ്.
തല ശരീരത്തെ നയിക്കുന്നതുപോലെ,
ഇന്ന് എങ്ങനെ തുടങ്ങുന്നു എന്നത്
വരാനിരിക്കുന്ന വർഷത്തെയും സ്വാധീനിക്കുമെന്ന്
അവർ വിശ്വസിക്കുന്നു.
അതുകൊണ്ടുതന്നെ
സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ
കുടുംബങ്ങൾ ഒന്നിച്ചുകൂടുന്നു.
പുതിയ വസ്ത്രങ്ങൾ ധരിക്കുന്നു.
പലരും വെള്ള വസ്ത്രം അണിയുന്നു.
തിരികൾ തെളിയിക്കുന്നു.
പ്രാർത്ഥിക്കുന്നു.
മേശയിൽ പലതരം വിഭവങ്ങൾ ഒരുക്കുന്നു.
പിന്നെ പരസ്പരം ആശംസിക്കുന്നു:
ഒരു നല്ല വർഷമാകട്ടെ.
ആപ്പിളും തേനും
ഈ ദിവസത്തിന്റെ മനോഹരമായ ഓർമ്മകളാണ്.
ആപ്പിളിന്റെ സമൃദ്ധിയും
തേനിന്റെ മധുരവും പോലെ
വരുന്ന വർഷവും
ആരോഗ്യവും സമാധാനവും സന്തോഷവും
നന്മയും നിറഞ്ഞതാകണമെന്നാണ് പ്രാർത്ഥന.
പക്ഷേ...
എനിക്ക് ഇന്ന് ഏറ്റവും ശക്തമായി തോന്നുന്നത്
ആ ഭക്ഷണങ്ങളൊന്നുമല്ല.
എന്റെ ഷോഫാറിന്റെ ശബ്ദമാണ്.
ഉറങ്ങിക്കിടക്കുന്ന മനസ്സിനെ
വിളിച്ചുണർത്തുന്ന ഒരു ശബ്ദം.
ഒരു വർഷം പിന്നിട്ടു.
ചിരിച്ചതും കരഞ്ഞതും,
നേടിയതും നഷ്ടപ്പെട്ടതും,
പറഞ്ഞതും പറയാതെ പോയതും
എല്ലാം പിന്നിലായി.
പക്ഷേ ഷോഫാർ മുഴങ്ങുമ്പോൾ
എനിക്ക് തോന്നുന്നത്
ഒരു പുതുവർഷം മാത്രമല്ല
എന്റെ ജീവിതത്തോടുതന്നെ ആരോ സംസാരിക്കുന്നതുപോലെയാണ്.
“ഉണരുക...
ഇനിയും നിനക്ക് മുന്നോട്ട് പോകാനുണ്ട്.”
നഷ്ടപ്പെട്ടതിന്റെ കണക്കെടുക്കാതെ,
കഴിഞ്ഞുപോയതിന്റെ വാതിൽക്കൽ
വീണ്ടും വീണ്ടും നിന്നുകൊണ്ടിരിക്കാതെ,
ദൈവം തന്നിരിക്കുന്ന ഇന്നിനെ
നന്ദിയോടെ സ്വീകരിക്കൂ.
കാരണം
ജീവിതത്തിൽ ചില വാതിലുകൾ
അടയുന്നത് അവസാനമല്ല.
മറ്റൊരു വാതിൽ തുറക്കാനുള്ള
ദൈവത്തിന്റെ നിശ്ശബ്ദമായ വിളിയാകാം.
അതുകൊണ്ട് ഇന്ന്
ഷോഫാറിന്റെ ശബ്ദത്തോടൊപ്പം
ഞാനും എന്റെ പഴയ വർഷത്തോട് വിട പറയുന്നു.
വേദനകൾക്ക് നന്ദി.
പാഠങ്ങൾക്ക് നന്ദി.
കണ്ണീരിന് നന്ദി.
എന്നെ ഇന്നത്തെ എന്നാക്കി തീർത്ത
ഓരോ അനുഭവത്തിനും നന്ദി.
ഇനി വരുന്നതെന്തായാലും
ഭയമില്ലാതെ സ്വീകരിക്കാം.
കാരണം
പുതുവർഷം എന്നത്
കലണ്ടറിൽ മാറുന്ന ഒരു തീയതി മാത്രമല്ല.
ഉറങ്ങിക്കിടക്കുന്ന പ്രതീക്ഷയെ
വീണ്ടും ഉണർത്തുന്ന ഒരു ശബ്ദമാണ്.
ആ ശബ്ദം ഇന്ന്
എന്റെ ഹൃദയത്തിലും മുഴങ്ങുന്നു.
ഉണരുക...
നിന്റെ കഥ ഇതോടെ തീർന്നിട്ടില്ല.
ഒരു പുതിയ അധ്യായം തുടങ്ങുകയാണ്.
ഷോഫാറിന്റെ ഈ ഉണർത്തുന്ന ശബ്ദത്തോടൊപ്പം
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ.
Shanah Tovah!
ഒരു നല്ല വർഷമാകട്ടെ.