മരുഭൂമിയിൽ വിരിഞ്ഞ സർഗ്ഗാത്മകത: വൈക്കം സുനീഷ് ആചാര്യ 

മരുഭൂമിയിൽ വിരിഞ്ഞ സർഗ്ഗാത്മകത: വൈക്കം സുനീഷ് ആചാര്യ 

 

രമണീയാർഥപ്രതിപാദക ശബ്ദ കാവ്യം'' എന്ന് രസഗംഗാധരത്തിൽ ജഗന്നാഥ പണ്ഡിതൻ കവിതയെ നിർവ്വചിച്ചിരിക്കുന്നു.

ഒരു ഭാഷയുടെ സൗന്ദര്യം വ്യക്തമാക്കാൻ കഴിയുന്ന ഒന്നാണ് 'പദ്യശാഖ'എന്ന് ഞാൻ കരുതുന്നു. പറഞ്ഞു വരുന്നത് കവയിത്രി ദീപാപ്രമോദിന്റെ "മണൽക്കാറ്റിനും പറയുവാനുണ്ട്" എന്ന കവിതാസമാഹാരത്തെക്കുറിച്ചാണ്.ഉത്തരാധുനിക കവിതകളിൽ സർഗ്ഗാത്മകതയുടെ സാന്നിധ്യം അനുഭവപ്പെടുന്നത് വിരളമാണ്.

ഇവിടെ പ്രിയകവയിത്രി സർഗ്ഗാത്മകതക്ക്‌ മുൻതൂക്കം കൊടുത്തുകൊണ്ട് മനുഷ്യന് സംവേദ്യമാകുന്ന അമ്പതോളം കവിതകൾ മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ്.

അമ്മയുടെ സ്നേഹവും അച്ഛന്റെ കരുതലും സമൂഹത്തിന്റെ വളർച്ചയിൽ ഗുരുനാഥന്മാർക്കുള്ള പങ്കും മാതൃപുണ്യം, തണൽമരം, ഇവർ ഗുരുനാഥർ തുടങ്ങിയ കവിതകളിൽ കാണാൻ കഴിയും. മാതാപിതാഗുരു ദൈവമെന്ന ആപ്തവാക്യം ഇവിടെ അടിവരയിട്ടുറപ്പിക്കുന്നു.

മനുഷ്യജീവിതത്തിന്റെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രണയവും, വിരഹവും നഷ്ടസ്വപ്നങ്ങളും കാണിച്ചു തരുന്നു.കലാലയ ജീവിതത്തിന്റെ മാധുര്യം തുളുമ്പുന്ന ഓർമ്മകളും സൗഹൃദത്തിന്റെ ആഴവും 

കുട്ടിക്കാലത്തെ ഓർമ്മകളും നാട്ടിൻ പുറങ്ങളിലെ നഷ്ടപ്പെട്ട കാഴ്ചകളും കുറിക്കുവാനും കവയിത്രി മറന്നില്ല.

വീട്ടുകാർക്കും ബന്ധുജനങ്ങൾക്കു വേണ്ടിയും മണലാരണ്യങ്ങളിലെ കൊടുംചൂടിൽ കഷ്ടപ്പെടുന്ന പ്രവാസികൾ. ഒടുവിൽ വീട്ടിൽ നിന്നുപോലും പടിയിറക്കപ്പെടേണ്ടി വരുന്നവർ..കൂടില്ലാക്കിളി എന്ന കവിത ഏറെ വേദനയോടെയാണ് വായിച്ചു തീർത്തത്.

കവയിത്രിയുടെ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന കവിതകൾ ഏറെ ശ്രദ്ധേയമാണ്.പെണ്ണൊരുത്തി, ലക്ഷ്യം പിഴക്കാതെ തുടങ്ങിയ കവിതകൾ സ്ത്രീശാക്തീകരണത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. ലക്ഷ്യബോധവും തിരിച്ചറിവുമുണ്ടാകണമെന്ന് ആഹ്വാനം ചെയ്യുന്ന വരികൾ.

ആരെയും വേദനിപ്പിക്കുന്ന അർബുദ രോഗത്തോട് മല്ലിടുകയും ഇച്ഛാശക്തി കൊണ്ട് ജീവിതം തിരിച്ചു പിടിക്കുകയും ചെയ്ത തന്റെ സഹപ്രവർത്തകനോടുള്ള ആത്മാർത്ഥ സൗഹൃദമാണ് 'രണഭൂമിയിൽ തളരാതെ 'എന്ന കവിതയുടെ കാതൽ.

മനുഷ്യരുടെ സ്വാർത്ഥതയും പ്രകൃതിയോടുള്ള പരാക്രമവും മൂലം തനിക്ക് നഷ്ടപ്പെട്ട ഹരിത ഭംഗിയും മലിനമാക്കപ്പെട്ട ജീവവായുവുമോർത്ത് വിലപിക്കുന്ന ഭൂമിയും കവയിത്രിയുടെ തൂലികയിൽ വിരിഞ്ഞു.

"ഇതോ, ഇന്ന് ഭൂമി?

എൻ ചുടുനിശ്വാസ കാറ്റലിഞ്ഞൊഴുകുന്ന ജീവിതഗന്ധം തുടിക്കുമീ മണ്ണ് ഇന്നെത്ര വിഷമയം.. "

മനുഷ്യരുടെ സാമൂഹിക ആവശ്യങ്ങൾക്ക് വേണ്ടി പോരാടി മരിച്ചവരെ രക്തസാക്ഷികൾ എന്ന പേരിൽ സ്മരിക്കാനും

 "മൃഷ്ടാന്നമുണ്ണുന്ന ജന്മികൾക്കറിയില്ല

ചേറിൽ കുരുക്കുന്ന ചെറുമന്റെ കനവുകൾ

കാലവർഷത്തിന്റെ കനിവിനായി കാതോർത്തു കണ്ണീർക്കയങ്ങളിൽ പിടയുന്ന ജീവിതം "

തുടങ്ങിയ വരികളിലൂടെ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനേയും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടവരെയും അവശതയനുഭവിക്കുന്നവരെയും പരിഹസിക്കുന്നവർക്കെതിരെ 'പഴുത്തിലക്ക് പറയുവാനുള്ളത് 'എന്ന കവിതയിലൂടെയും ശക്തമായി പ്രതികരിക്കുന്നു.

സമീപകാലത്ത് ലോകമെങ്ങും നാശം വിതച്ച കൊറോണയും കവയിത്രിയുടെ രചനകളിൽ ഇടംപിടിച്ചു.കവിതാസമാഹാരത്തിന്റെ നാമധേയമായ 'മണൽക്കാറ്റിനും പറയുവാനുണ്ട്'എന്ന കവിത കൊറോണയെന്ന മഹാമാരി മൂലം മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകുവാനാകാതെ മണലാരണ്യങ്ങളിൽ മറവ് ചെയ്യേണ്ടി വന്ന അവസ്ഥകൾ തീവ്രമായ ഭാഷയിൽ രചിച്ചിരിക്കുന്നു.

അമ്പതുകവിതകൾ നമുക്ക് സമ്മാനിക്കുന്നത് മനുഷ്യജീവിതത്തിന്റെ ബഹുമുഖതലങ്ങളെ സ്പർശിക്കുന്ന അനുഭവങ്ങളാണ്. കവയിത്രിയുടെ സാമൂഹിക നിരീക്ഷണവും സഹാനുഭൂതിയും പ്രതിബദ്ധതയും  സർഗ്ഗാത്മകത തുളുമ്പുന്ന ഭാഷയിൽ കോർത്തിണക്കിക്കിയ ഈ കാവ്യസമാഹാരം മലയാള സാഹിത്യത്തിന് മുതൽക്കൂട്ടാണ്. സാഹിത്യപ്രേമികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്. പ്രിയ കവയിത്രിയുടെ സൃഷ്ടികളൊക്കെയും  നൽകുന്നത് കാല്പനികതയുടെ വസന്തമാണ്. അതുപോലെ തന്നെ പ്രതീകാത്മകത്വവും യാഥാര്‍ത്ഥ്യവാദവും വിളിച്ചോതുന്നവയാണ്. പുതുതലമുറയിൽ ശക്തമായ എഴുത്ത് നശിച്ചിട്ടില്ല എന്നുള്ളതിന് തെളിവുകൂടിയാണ് 'മണൽക്കാറ്റിനും പറയുവാനുണ്ട് 'എന്ന കവിതാ സമാഹാരം.

വൈക്കം സുനീഷ് ആചാര്യ