പ്രാർത്ഥനകൾ വെറുതെയായി ; ഉദയംപേരൂരിലെ റോഡരികില്‍ ഡോക്ടര്‍മാർ അടിയന്തര ശസ്ത്രക്രിയ നടത്തിയ ലിനു മരണത്തിന് കീഴടങ്ങി
കൊച്ചി: ഉദയംപേരൂരില്‍ വഴിയരികില്‍ ഡോക്ടര്‍മാരുടെ മാതൃകാപൂര്‍വമായ ഇടപെടലിലൂടെ അടിയന്തര ചികില്‍സ ലഭിച്ച ലിനു ഒടുവില്‍ മരണത്തിന് കീഴടങ്ങി. വഴിയാത്രക്കാരായ ഡോക്ടര്‍മാരാണ് അപകടത്തില്‍ പരുക്കേറ്റ ലിനുവിന് റോഡരികില്‍ ചികിത്സ നല്‍കിയത്. പിന്നീട് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ലിനു. കൊല്ലം സ്വദേശിയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് ലിനു സഞ്ചരിച്ചിരുന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ശ്വാസകോശത്തിൽ രക്തവും മണ്ണും അടിഞ്ഞുകൂടി ലിനുവിന്റെ നില അതീവ ഗുരുതരമായതോടെ, ആ വഴി വന്ന ഡോക്ടർമാരായ ബി. മനൂപ്, തോമസ് പീറ്റർ, ദിദിയ കെ. തോമസ് എന്നിവർ ഒരു നിമിഷം പോലും പാഴാക്കാതെ നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് മുതിരുകയായിരുന്നു. നാട്ടുകാർ മൊബൈൽ ടോർച്ച് തെളിച്ച വെളിച്ചത്തിൽ, പൊലീസുകാരൻ നൽകിയ സ്ട്രോയും ബ്ലേഡും ഉപയോഗിച്ചാണ് ഡോക്ടർമാർ ലിനുവിന്റെ ശ്വാസതടസ്സം നീക്കിയത്. ഇതോടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാനും ആശുപത്രിയിൽ എത്തിക്കുന്നത് വരെ ജീവൻ നിലനിർത്താനും സാധിച്ചു.
ഈ സാഹസിക ശ്രമത്തെ ഗവർണറും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു.
എന്നാൽ വെന്റിലേറ്ററിൽ തുടർന്ന ലിനുവിന്റെ നില മെച്ചപ്പെട്ടില്ല. ഇന്ന് ഉച്ചയോടെ ലിനു വിടവാങ്ങി. തൃശൂരിലേക്ക് ജോലി ആവശ്യത്തിനായി പോകുമ്പോഴായിരുന്നു അപകടം. എറണാകുളം ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.
ലിനുവിന് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.