അമ്മയെ ഓർക്കുമ്പോൾ; ഗദ്യ കവിത, മിനി സുരേഷ്

May 27, 2025 - 14:27
 0  721
അമ്മയെ ഓർക്കുമ്പോൾ; ഗദ്യ കവിത, മിനി സുരേഷ്
അമ്മയെ ഓർക്കുമ്പോളലിവോടെ
ആകാശം ഭൂമിയോട് വാത്സല്യമോതും
ഭൂഗോളമാകെ സ്നേഹം പതഞ്ഞുയരും
അമ്മയെന്ന വാക്ക് കേൾക്കുമ്പോൾ
മനസ്സിലറിയാതെ ശാന്തത നിറയും
മന്ദസ്മിതമുണരുമാ വദനം വിടരും
വേദനകളുടെ കടലാഴങ്ങളിലൊരു
വിരൽ സ്പർശം സാന്ത്വനമായെത്തും
വേനൽ ചൂട് ജ്വലിപ്പിക്കുന്ന
ജീവിത വഴികളിൽ തണൽമരമാണമ്മ
കണ്ണുനീർ തോരാത്ത മഴക്കാലങ്ങളിൽ
അമ്മത്തലോടലാണാശ്വാസം
നിദ്രയില്ലാതലയുന്ന രാത്രികളിൽ
പേരിടാത്ത പ്രാർത്ഥനയാണമ്മ
കരുണയുടെ  കരുതലിൻ്റെ  
കവചമായി ദൈവം നൽകിയൊരുത്തരം
വായിച്ചെടുക്കുവാനൊരൊറ്റ ഹൃദയം
മതിവരാത്തൊരു മഹാകാവ്യമാണമ്മ

മിനി സുരേഷ്