കുഞ്ഞാട്‌; കവിത, ടോബി തലയല്‍

കുഞ്ഞാട്‌; കവിത, ടോബി തലയല്‍

 



യാളുടെ ഹൃദയം തുടിച്ചതും
മിടിച്ചതും കുഞ്ഞാടിനുവേണ്ടി ആയിരുന്നു
മടിയില്‍ വെച്ചോമനിച്ചും
നെഞ്ചില്‍ കിടത്തി ലാളിച്ചും
അയാളവളെ വളര്‍ത്തി
പച്ചയായ പുല്‍പ്പുറങ്ങളിലേക്കും
സ്വച്ഛമായ ഉറവുകളിലേക്കും
അനുദിനം നടത്തി
കാലൊന്നു കുഴഞ്ഞാല്‍ തോളില്‍ വഹിച്ചും
മുള്‍പ്പടര്‍പ്പില്‍ ചുവടൊന്നു തടഞ്ഞാല്‍
നിലവിളിപോലെ പാഞ്ഞെത്തിയും
നാട്ടിലെ നായ്‌ക്കും
കാട്ടിലെ നരിക്കും കൊടുക്കാതെ
മേശക്കരികിലെ ഒലിവുതൈ എന്നപോലെ കാത്തു.

ആറ്റരികത്തെ തണുപ്പുറങ്ങുന്ന തണലിലും
മഞ്ഞവെയില്‍ പൂത്ത താഴ്വരകളിലും
അവള്‍ ഉല്ലാസം ധരിച്ചുനടന്നു
അവളുടെ കണ്ണുകളില്‍
മയിലുകള്‍ നൃത്തം വെച്ചു
കവിളില്‍ ലെബനോനിലെ ദേവദാരു പൂത്തു
കണ്‌ഠത്തില്‍ ഒരു സ്വരഗോപുരം ഉയര്‍ന്നു
മാറില്‍ ഇണപ്പിറാവുകള്‍ തിന കൊറിച്ചിരുന്നു.

റബ്ബര്‍ മരങ്ങള്‍ പാല്‍ചുരത്തുകയും
കാപ്പിച്ചെടികള്‍ മുത്തുമാല കോര്‍ക്കുകയും
നെല്‍വയലുകള്‍ പൊന്നണിയുകയും
ചെയ്‌താറെ
അയാള്‍ പറഞ്ഞു:
ഞാനിവളെ നല്ലൊരിടയന്റെ
കൈകളില്‍ ഏല്‍പ്പിക്കും
അങ്ങനെ എന്റെ ജീവിതം
മികച്ച വിളവിനാല്‍ സംതൃപ്‌തമായ
കര്‍ഷകഭവനം പോലെയും
എന്റെ വാര്‍ദ്ധക്യം
സമാധാനത്തോടെ അസ്‌തമിക്കുന്ന
പകല്‍ പോലെയും ആകും.

അങ്ങനെ ആ ദിനവും വന്നെത്തി
കരളുപറിച്ചു കൊടുക്കുന്നതുപോലെ
അയാള്‍ അവളെ
കയറോടെ പിടിച്ചു കൊടുത്തു
കഴുത്തിലെ മണി
നൂറുപവന്‍ തിളക്കത്തില്‍ കിലുങ്ങി
സന്ധ്യക്കണയാന്‍ സമ്പന്നമായ തൊഴുത്തും
ആവോളം മേയാന്‍
തക്കകാലത്തു ഫലം കായ്‌ക്കുന്നതും
ഇല വാടാത്തതുമായ വൃക്ഷലതാദികള്‍
ഇടതിങ്ങുന്ന ആറ്റരികത്തെ പറമ്പും
ഇടയന്‌ സമ്മാനമായ്‌ നല്‍കി.

ഇടയനിലെ കശാപ്പുകാരനെ
അയാള്‍ തിരിച്ചറിഞ്ഞില്ല
കണ്ണുകള്‍കൊണ്ട്‌ തൂക്കമളന്ന്‌
മാംസം കഷ്ടിയാണെന്ന്‌
അടക്കം പറഞ്ഞത്‌ കേട്ടില്ല
വളര്‍ത്താനുള്ള ഒതുക്കം
തീരെയില്ലെന്ന്‌ നാക്കിന്‌ മൂര്‍ച്ചകൂട്ടിയത്‌ കണ്ടില്ല
തോലിന്‌ മിനുപ്പ്‌ കുറവാണെന്നും
എല്ലിന്‌ ഇളപ്പം പോരെന്നും
പല്ലിടകുത്തി തുപ്പിയ വര്‍ത്തമാനവും കേട്ടില്ല
അവളുടെ അകന്നുപോയ
അവസാനത്തെ കരച്ചിലും
അത്‌ നിലയ്‌ക്കുവോളം അയാള്‍ അറിഞ്ഞില്ല.