നിശ്ശബ്ദമുരുകുന്ന പ്രാര്‍ത്ഥനകള്‍ : കവിത, ടോബി തലയല്‍

നിശ്ശബ്ദമുരുകുന്ന പ്രാര്‍ത്ഥനകള്‍ : കവിത, ടോബി തലയല്‍

തിരാവിലെ ഇരുട്ടുള്ളപ്പോള്‍ത്തന്നെ
ഉണര്‍ന്നെണീറ്റ്‌ മുട്ടിന്മേല്‍നിന്ന്‌
പ്രാര്‍ത്ഥനയായി ഉരുകും, മാതാവ്‌
സ്‌തോത്രത്തിന്റെ
സുഗന്ധവര്‍ഗ്ഗവുമെടുത്ത്‌
ഉയിര്‍ത്തെണീറ്റ ദൈവപുത്രന്റെ
അരികിലേക്ക്‌ ചെല്ലും,
മനസ്സിന്റെ കല്ലറയില്‍ നിന്ന്‌
ഉരുട്ടിമാറ്റിയ സന്ദേഹങ്ങള്‍ക്കുമീതെ
പ്രത്യാശ പ്രകാശിച്ചുകൊണ്ടിരിക്കും,
ചുരുട്ടിവെച്ച ഓര്‍മ്മകള്‍
ധവളിമയോടെ നിവര്‍ന്നുവരും,
കാവല്‍ നില്‍ക്കുന്ന ഒലിവുമരങ്ങള്‍
താഴ്വരയെ ഉല്ലാസം അണിയിയ്‌ക്കും,
സാരിത്തലപ്പുകൊണ്ടെന്നപോലെ
കണ്ണീരണിഞ്ഞ ഇലച്ചാര്‍ത്തുകളെ
അരുണകിരണങ്ങള്‍
അലിവോടെ തഴുകും!

കാനായിലെ കല്‍ഭരണികളില്‍
ചുവന്നു പതഞ്ഞ അത്ഭുതം
മാതാവിന്റെ ഉള്ളില്‍
നിറഞ്ഞു തുളുമ്പുന്നുണ്ടാവും,
അഞ്ചപ്പംകൊണ്ട്‌ വിശപ്പാറ്റിയ
അയ്യായിരങ്ങളുടെ സംതൃപ്‌തി
തിരയടിക്കുന്നുണ്ടാവും,
മുടന്തര്‍ ഉത്സാഹത്തോടെ കുതിയ്‌ക്കും
കുരുടര്‍ നിറക്കാഴ്‌ചകളില്‍ മുങ്ങും
കുഷ്‌ഠരോഗികള്‍ വിശുദ്ധിയണിഞ്ഞ്‌
ദേവാലയത്തില്‍ പ്രവേശിക്കും!

വാതില്‍ക്കല്‍ മഹാമാരികള്‍ വന്ന്‌
മുട്ടുന്നതറിയുന്നുണ്ട്‌
പെരുവെള്ളത്തിന്റെ ഇരമ്പല്‍
കേള്‍ക്കുന്നുണ്ട്‌
ഉരുള്‍പൊട്ടുന്ന സങ്കടങ്ങളില്‍
നനയുന്നുണ്ട്‌
എങ്കിലും, കണ്ണുകള്‍
സീയോനിലേക്കുയര്‍ത്തി
മാതാവ്‌ ഇരിയ്‌ക്കുന്നു,
ഉറപ്പുള്ള പാറമേല്‍ പണിതവീട്ടില്‍

ഒട്ടും ഉലഞ്ഞുപോകാതെ
ഹൃദയം കലങ്ങിപ്പോകാതെ...

സീനായ്‌മലയിലെരിയുന്ന
മുള്‍പ്പടര്‍പ്പോളം ചെന്നെത്തുന്നു
മാതാവിന്റെ പ്രാര്‍ത്ഥനകള്‍!
അപേക്ഷകളില്‍ അനാഥരുടെ വിശപ്പുണ്ട്‌
ഒരു തലോടലിന്റെ തണുപ്പില്‍
ഒതുങ്ങാന്‍ കൊതിക്കുന്ന മുടിയിഴകളുണ്ട്‌
പലായനം ചെയ്യുന്നവരുടെ
പൊള്ളിയടര്‍ന്ന കാലും ഹൃദയവുമുണ്ട്‌
മുറിഞ്ഞ നാവും കരിഞ്ഞ ഉടലും കൊണ്ട്‌
ഹത്രാസ്സിലെ പെണ്‍കുട്ടി
എഴുതിവെച്ചുപോയ വാക്കുകളുടെ
ഇടിമുഴക്കമുണ്ട്‌.

മാതാവിപ്പോള്‍ യാചിക്കുന്നതിത്രമാത്രം:
എന്റെ പാറയായ കര്‍ത്താവേ
അങ്ങ്‌ മൗനമായി ഇരിക്കരുതേ...

 

ടോബി തലയല്‍