അബിഗേൽ സാറയും സിൽക്യാരയും : ഒടുവിൽ ആശ്വാസമായി ശുഭവാർത്തകൾ

അബിഗേൽ സാറയും സിൽക്യാരയും  : ഒടുവിൽ ആശ്വാസമായി  ശുഭവാർത്തകൾ

 

അബിഗേൽ സാറയെന്ന ആറ് വയസുകാരി കുരുന്ന് ഒരു തട്ടിക്കൊണ്ടുപോകലിന്റെ ആശങ്ക നിറഞ്ഞ 21 മണിക്കൂറുകൾക്കിപ്പുറം സ്വന്തം വീടിന്റെ ആശ്വാസത്തിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് മലയാളികളാകെ.ആശങ്കയുടെ മുൾമുനയിലായിരുന്നു കുട്ടിയെ കാണാതായ മണിക്കൂറുകളിൽ നാട് . ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ അബിഗേൽ സാറയെ കണ്ടെത്തിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ, രാജ്യം കഴിഞ്ഞ പതിനേഴു ദിവസമായി കാത്തിരുന്ന ഒരു വലിയ രക്ഷാദൗത്യം വിജയിച്ചതിന്റെ ആഹ്ളാദവുമെത്തി . ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ 17 ദിവസമായി കുടുങ്ങിയ 41 തൊഴിലാളികൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സന്തോഷം ഇതേദിവസത്തിന് ശുഭകരമായ പ്രതീക്ഷ നൽകുന്നതായി. അതി സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെയായിരുന്നു തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചത്.

ക്രിമിനലുകളും മയക്കുമരുന്ന് മാഫിയയും കേരളത്തിന്റെസാമൂഹിക ജീവിതത്തിന് ഭീഷണിയായ കാലമാണിത് .ആറു വയസുകാരിയെ പട്ടാപ്പകൽ വാഹനത്തിൽ വന്ന ചിലർ തട്ടിക്കൊണ്ടുപോയ സംഭവം കുഞ്ഞിന്റെ മാതാപിതാക്കളേയും ബന്ധുക്കളെയും മാത്രമല്ല ലോകമെങ്ങുമുള്ള ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. 

സഹോദരനായ എട്ടുവയസുകാരൻ ജൊനാഥനൊപ്പം  ട്യൂഷന് പോകുമ്പോൾ വീടിനടുത്ത വഴിയിൽ നിന്നാണ് നാലംഗസംഘം ബലംപ്രയോഗിച്ച് അബിഗേൽ സാറയെ കാറിൽകയറ്റിക്കൊണ്ടുപോയത് .ജോനാഥനെ മുഖംമൂടി സംഘം പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ വലിച്ചിഴച്ച ശേഷം വണ്ടിയില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. കുട്ടിയെ റാഞ്ചിയതിനു പിന്നാലെ സംഘം പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിക്കുകയും ചെയ്തു. കൃത്യമായ ആസൂത്രണത്തോടെയാണ് ഈ റാഞ്ചല്‍ നടത്തിയതെന്നാണ് പോലീസ് നിഗമനം. 

കുഞ്ഞിനെ കാണാതായ നേരം മുതൽ വിപുലമായ തെരച്ചിൽ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള കാറും  അജ്ഞാതസംഘം കുട്ടിയുടെ വീട്ടിലേക്കു വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈൽ നമ്പറും കണ്ടെത്താനും,​ സംഘം യാത്രചെയ്യാനിടയുള്ള പാതകൾ അരിച്ചുപെറുക്കിയും അന്വേഷണം രാത്രി മുഴുവൻ തുടർന്നെങ്കിലും പിറ്റേന്ന് ഉച്ചയായിട്ടും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല .പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്ന അക്രമിസംഘം ഒടുവിൽ തിരക്ക് പിടിച്ച കൊല്ലം ആശ്രാമം മൈതാനത്ത് നട്ടുച്ചയ്ക്കുതന്നെ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചും സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും തന്ത്രപരമായാണ് സംഘം പ്രവര്‍ത്തിച്ചത് .അന്വേഷണം തുടരുന്നത് കണ്ട് രക്ഷയില്ലെന്നു കണ്ടായിരിക്കണം അവസാനം കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞത്.തട്ടിക്കൊണ്ടുപോകൽ കഴിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പറ്റി യാതൊരു തുമ്പും പോലിസിന് ലഭിച്ചിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന കാര്യം. 

കുഞ്ഞിന്റെ മാതാപിതാക്കളായ സിജിയും റെജിയും സഹോദരൻ  ജോ നാഥനും ഇരുപത് മണിക്കൂറോളം സമയം കടന്നുപോയത് കടുത്ത  ദുഖത്തിന്റെ നിമിഷങ്ങളിലൂടെയാണ് .കുഞ്ഞിനെ തിരിച്ചുകിട്ടിയ നിമിഷമാകട്ടെ,​ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസത്തിന്റെ നിമിഷങ്ങളുമായി. 

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഒന്നര മണിക്കൂർ കഴിഞ്ഞാണ് പോലീസ് അന്വേഷണം തുടങ്ങിയതെന്ന് ആക്ഷേപമുണ്ട് . പൊലീസിന് മതിയായ സാങ്കേതിക സംവിധാനങ്ങളും വഴി നീളെ ക്യാമറയും ഉണ്ടായിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും കാണുന്നില്ല. 

കുഞ്ഞുങ്ങൾ നമ്മുടെ നാട്ടിൽ എത്രത്തോളം സുരക്ഷിതരാണ് എന്ന ഗുരുതരമായ ചോദ്യം ഇവിടെ ബാക്കിയാവുന്നു. സംസ്ഥാനത്ത് കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ കഴിയാത്ത സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുയർത്തുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അറുപതോളം കുട്ടികളെ നമ്മുടെ നാട്ടിൽ നിന്ന് കാണാതായിട്ടുണ്ടെന്നാണ് കണക്കുകൾ. അബിഗേലിനെ തട്ടിക്കൊണ്ടുപോയ ദിവസം തന്നെ ഓയൂരിന് സമീപ പ്രദേശമായ പുലിയിലയിലും ഒരു കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം നടന്നതായി പരാതിയുണ്ട്.

ഉത്തരാഖണ്‌ഡിലെ ഉത്തരകാശിയിൽ,​ ദേശീയപാത 134 ഉൾപ്പെടുന്ന ചാർധാം റോ‌ഡ് പ്രോജക്റ്റിന്റെ ഭാഗമാണ് ധരാസുവിനെ യമുനോത്രിയുമായി ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട നാലര കി.മീറ്റർ സിൽക്യാരാ തുരങ്കം.തുരങ്കപാതയുടെ നിർമ്മാണത്തിനിടെ നവംബർ 12ന് പുലർച്ചെയാണ് തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത് .ഇതോടെ നിർമ്മാണജോലികളിൽ ഏർപ്പെട്ടിരുന്ന 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി .തുരങ്കത്തിനകത്തേക്ക് വലിയ പൈപ്പുകൾ തുരന്നുകയറ്റി,​ അതുവഴി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പലവട്ടം തടസപ്പെട്ടു .  ദുരന്തമുഖത്തും പതറാതെ പരസ്പരം ആശ്വസിപ്പിച്ചു നിന്ന തൊഴിലാളികൾ പകരുന്നത് നിശ്ചയദാർദ്ദ്യത്തിന്റെ ഉദാത്ത മാതൃകയാണ്. മലയിടിച്ചിൽ പ്രദേശമായ പർവതമേഖലയിലൂടെ പോകുന്ന സിൽക്യാരാ തുരങ്കത്തിൽ അപ്രതീക്ഷിതമായി പ്രതിബന്ധങ്ങൾ രക്ഷാ ദൗത്യത്തിന് തടസം തീർത്തപ്പോഴെല്ലാം രക്ഷാശ്രമത്തിന്റെ രീതി മാറ്റുകയും,​ മുഴുവൻ തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിക്കുകയെന്ന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കുകയും ചെയ്ത ദൗത്യസംഘത്തിനാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ് .

ഉത്തരകാശിയിലെ തുരങ്കവും അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവവും മുന്നറിയിപ്പിന്റെയും കരുതലിന്റെയും ഒരുപിടി കാര്യങ്ങൾ നമ്മെ ഓര്മിപ്പിക്കുന്നുണ്ട് . കുട്ടിയെ തിരിച്ചു കിട്ടിയ ആശ്വാസത്തിനൊപ്പം തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾക്ക് ജീവിതത്തിലേക്കുള്ള പാത തുറന്നതിന്റെ ആശ്വാസവും അതിജീവനത്തിന്റെ മനോഹരമായ സന്ദേശങ്ങളാണ് പകരുന്നത് എന്നത് ശുഭകരമാണ്, ആശ്വാസ ദായകമാണ് .